ഇസ്‌ലാമാബാദ്: ഗാസയിൽ സേനയെ അയക്കുന്നതിനെ ചൊല്ലി പാകിസ്താനിൽ സംഘർഷം മുറുകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗാസയിലേക്ക് സൈനികരെ അയക്കാൻ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറിനെ സമ്മർദ്ദത്തിലാക്കുമ്പോൾ രാജ്യത്തെ മതവാദികൾ ഇതിനെ ശക്തിയുക്തം ചെറുക്കുകയാണ്. അടുത്ത ആഴ്ചതന്നെ ട്രംപിനെ കാണാൻ മുനീർ അമേരിക്കയിലേക്കു പോവുമെന്ന് റിപ്പോർട്ടുണ്ട്.

To advertise here,

ആറു മാസത്തിനിടയിലെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. രണ്ട് വർഷത്തിലേറെയായി ഇസ്രയേലി സൈനിക ബോംബാക്രമണത്തിൽ തകർന്ന ഗാസയിൽ പുനർനിർമ്മാണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മേൽനോട്ടം വഹിക്കാൻ മുസ്ലീം രാജ്യങ്ങളിൽനിന്നുള്ള സേനയെ ട്രംപിന്റെ 20 ഇന ഗാസ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, ഫലത്തിൽ ഹമാസിനെ നിരായുധരാക്കുന്നതിനുള്ള ഈ ദൗത്യം പല രാജ്യങ്ങളും ഭയക്കുന്നു. ഇത് സ്വന്തം രാജ്യങ്ങളിൽ സംഘർഷവും ഇസ്രയേൽ വിരുദ്ധ ആളിക്കത്തിക്കാനുംസാധ്യതയുണ്ട്.

എന്നാൽ, ട്രംപിന്റെയും മുനീറിന്റെയും അടുപ്പം പാക് സൈനികരെ ഘട്ടംഘട്ടമായി ഗാസയിൽ എത്തിക്കാനാണു സാധ്യത. എന്നാൽ, പാകിസ്താൻ സൈനികർ ഈ ദൗത്യത്തിൽ പങ്കുചേരാൻ വിസമ്മതിച്ചാൽ ട്രംപിനെ അത് നിരാശപ്പെടുത്തിയേക്കാം. അതേസമയം, ഗാസയിലേക്ക് സൈനികരെ അയച്ചാൽ പാകിസ്താന് വളരെ വലിയ സൈമ്പത്തിക സഹായമായിരിക്കും യുഎസ് തിരിച്ചുനൽകുക. പല ഘട്ടങ്ങളിൽ ഇന്ത്യയുമായി നടത്തിയ യുദ്ധം ആണവായുധങ്ങളുള്ള ഏക മുസ്ലീം രാജ്യമായ പാകിസ്താൻ സൈനികരെ പരിയചസമ്പന്നരാക്കിയെന്നാണ് യുഎസ് വിലയിരുത്തൽ.

ഇതുകൂടാതെ വർഷങ്ങളായി ബലൂചിസ്താനിൽനിന്നുള്ള വിമതരുടെ അട്ടിമറി ശ്രമങ്ങളും പാകിസ്താൻ നേരിടുന്നുണ്ട്. അടുത്ത കാലത്തായി താലിബാനുമായി അപ്രഖ്യാപിത യുദ്ധം നടക്കുന്നതും പാകിസ്താൻ സൈനികരെ സാങ്കേതികമായി മുന്നിലെത്തിച്ചിട്ടുണ്ടെന്ന് യുഎസ് കരുതുന്നു. ഗാസയിൽ സമാധാന സംരക്ഷണത്തിനായി സൈന്യത്തെ അയക്കുന്നതു പരിഗണിച്ചേക്കാമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ, ഹമാസിനെ നിരായുധരാക്കുക എന്നത് 'നമ്മുടെ ജോലിയല്ല' എന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകളായി ഇൻഡൊനീഷ്യ, മലേഷ്യ, സൗദി അറേബ്യ, തുർക്കി, ജോർദാൻ, ഈജിപ്റ്റ്, അസർബൈജാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക, രാഷ്ട്രീയ നേതാക്കളുമായി അസീം മുനീർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത് ഗാസ സേനയെക്കുറിച്ചുള്ള കൂടിയാലോചനകൾ ആണെന്നാണു വിലയിരുത്തൽ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌റീകെ ഇൻസാഫ് പാർട്ടി ഗാസയിലേക്ക് സൈന്യത്തെ അയക്കുന്നത് അനുകൂലിക്കുന്നില്ല.