മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിലെ റോവില്ലിലുള്ള ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ മോഷ്ടിച്ചു. പ്രതിമയുടെ കാൽഭാഗം മുറിച്ചാണ് മോഷണം. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി.

To advertise here,

മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയാണ് അജ്ഞാതർ മുറിച്ചെടുത്ത് കടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോവില്ലിലെ കിങ്സ്ലി ക്ലോസിലെ ചാരിറ്റി പരിസരത്ത് നിന്ന് മൂന്ന് അജ്ഞാതരാണ് പ്രതിമ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യൻ അധികൃതർ ഓസ്ട്രേലിയൻ അധികാരികളുമായി ഔദ്യോഗികമായി ബന്ധപ്പെടുകയും പ്രതിമ വീണ്ടെടുക്കാനും ഉത്തരവാദിത്തപ്പെട്ടവരെ തിരിച്ചറിയാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രതിമ നശിപ്പിച്ച സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) സമ്മാനിച്ച ഈ പ്രതിമ 2021 നവംബർ 12-ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് അനാച്ഛാദനം ചെയ്തത്.