വടകര എംപി ഷാഫി പറമ്പിലിനെതിരായി കാസർകോട്‌ എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ വാക്പോരുകളും കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്. തനിക്കെതിരായ സംഘടിത സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയും അനുയായികളുമാണെന്നാണ് ഉണ്ണിത്താന്‍റെ ആരോപണം. വിവാദം പാർട്ടിക്ക് ക്ഷീണമാകുന്നുവെന്ന വിലയിരുത്തലിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫും വിഷയത്തിലിനി പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന നിർദേശവും നൽകി.

To advertise here,

എങ്കിലും, സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തുടരുകയാണ്. അത്തരത്തിൽ രാജ്മോഹൻ ഉണ്ണിത്താനെതിരായി ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. “നരേന്ദ്ര മോദി ലോകം അംഗീകരിച്ച നേതാവ്, രാഹുൽ ഗാന്ധി നൂറ് ജന്മമെടുത്താലും മോദിയെ പോലെ ഹൃദയത്തിൽ കയറിപറ്റില്ല” എന്ന് രാജ്മേഹൻ ഉണ്ണിത്താൻ പറഞ്ഞതായാണ് ഇതിൽ ആരോപിക്കുന്നത്.

കാസർകോട് ജില്ലയിൽ ഒരു അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമായിരുന്നു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് അനുകൂല അഭിഭാഷകരെ തഴഞ്ഞ്, ഇടതുപക്ഷ അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (AILU) അംഗത്തിന് നിയമനം നൽകിയെന്നായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രധാന ആരോപണം. എന്നാൽ, രാജ്മോഹൻ ഉണ്ണിത്താൻ നിയമനത്തെ ന്യായീകരിക്കുകയും സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ നിയമിതരായവരെ അധിക്ഷേപിക്കരുതെന്ന് പ്രതികരിക്കുകയും ചെയ്തു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും രംഗത്തുവന്നു.

തുടർന്നായിരുന്നു സംസ്ഥാന സർക്കാറിനെതിരായ പരാതിയുമായി എ ഗ്രൂപ്പ് പ്രതിനിധികൾ ഡൽഹിയിലെത്തി എ.ഐ.സി.സി. അധ്യക്ഷനെ കണ്ടെന്ന വിവരം പുറത്തുവരുന്നത്. ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള നേതാക്കളായിരുന്നു സംഘത്തിലുണ്ടായിരുന്നുത്. ഷാഫിയെ എ ഗ്രൂപ്പുകാരനായി അംഗീകരിക്കാനാവില്ലെന്ന് രാജ്മോഹൻ പരസ്യമായി പറഞ്ഞതോടെ തർക്കം രൂക്ഷമായി. തനിക്കെതിരായി ഷാഫിയുടെ അനുയായികൾ നടത്തുന്ന സൈബർ ആക്രമണം തുടർന്നാൽ തൻ്റെ ഡയറിയിലുള്ള പല രഹസ്യങ്ങളും വെളിപ്പെടുത്തുമെന്ന് രാജ്മോഹൻ മുന്നറിയിപ്പും നൽകി.

ഈ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റർ പ്രചരിക്കാൻ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്മോഹൻ ഉണ്ണിത്താൻ പ്രശംസിക്കുകയും അതേസമയം, രാഹുൽ ഗാന്ധിയെ ഇകഴ്ത്തുകയും ചെയ്തെന്നാണ് പോസ്റ്റിലെ ആരോപണം. മുതിർന്ന കോൺഗ്രസ് നേതാവും കാസർകോട്‌ എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും അതിരൂക്ഷമായി വിമർശിക്കുന്ന നിലപാടുകൾ എടുക്കുകയും ഇതെല്ലാം വാർത്തയാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പ്രധാനമന്ത്രിയെ പുകഴ്ത്തിയ ശശി തരൂർ എംപിയുടെ നടപടിയെ അദ്ദേഹം നിശിതമായി വിമർശിക്കുകയും കോൺഗ്രസ് നേതാവിന് ചേർന്ന പ്രവൃത്തിയല്ല അതെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾവച്ച് പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലൊരു പരാമർശം രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയിരുന്നെങ്കിൽ സ്വാഭാവികമായും അത് വാർത്തായേനെ. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നുമില്ല. ഈ വിഷയത്തിൽ പ്രതികരണം തേടി അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്നും ഇത്തരത്തിലുള്ള സംഘടിത സൈബർ ആക്രമണമാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുളളതായും കാസർകോട്‌ എംപി വ്യക്തമാക്കി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രാജ്മോഹൻ ഉണ്ണിത്താന്‍റെ പേരിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.