വാഷിങ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. രഹസ്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും പ്രശ്നം ഇതിനോടകം പരിഹരിച്ചതായും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു.
ഇന്റർനെറ്റ്, വാണിജ്യ ഉപഗ്രഹങ്ങൾ, സ്വകാര്യ ഡാറ്റാ ബ്രോക്കർമാർ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഓപ്പൺ സോഴ്സ് ഇന്റലിജൻസ് കൈകാര്യം ചെയ്യുന്ന സിസ്റ്റത്തെയാണ് ഈ സൈബർ ആക്രമണം ബാധിച്ചത്. ഇവിടെ നിന്നുള്ള വിവരങ്ങൾ പൊതുവായോ ഭാഗികമായി ലഭ്യമായതോ ആണെങ്കിലും, രഹസ്യാന്വേഷണ വിശകലന വിദഗ്ദ്ധർക്ക് മറ്റ് രഹസ്യ ചാര പ്രോഗ്രാമുകളുമായി ചേർത്ത് വലിയ വിവരങ്ങൾ നൽകാൻ ശേഷിയുള്ളവയാണ് ഇവ.
ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്നോ ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്നോ നിലവിൽ വ്യക്തമായിട്ടില്ല. സമീപകാലത്തായി അമേരിക്കയെ ആശങ്കയിലാഴ്ത്തിയ തുടർച്ചയായ സിസ്റ്റം തകരാറുകൾക്ക് പിന്നാലെയാണ് സിഐഎയിലെ ഈ സംഭവം. നാഷണൽ സെക്യൂരിറ്റി ഏജൻസി രഹസ്യ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന നെറ്റ്വർക്ക് കഴിഞ്ഞ ആഴ്ച കുറച്ചുസമയത്തേക്ക് പ്രവർത്തനരഹിതമായിരുന്നു. എഫ്ബിഐ നിയന്ത്രിക്കുന്ന ഡാറ്റാബേസിൽ നടന്ന സൈബർ ആക്രമണത്തിലും നിലവിൽ അന്വേഷണം നടന്നുവരികയാണ്.
ഡിജിറ്റൽ സിസ്റ്റങ്ങളിൽ ഉണ്ടായ തകരാറുകൾ മൂലം എയർ ട്രാഫിക് കൺട്രോളർമാർക്ക് പൈലറ്റുമാരുമായി ആശയവിനിമയം നടത്താൻ കഴിയാതെ വന്നതിനെ തുടർന്ന് വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നത് വ്യോമഗതാഗതത്തെ സ്തംഭിപ്പിച്ചിരുന്നു. ഇതിനുപുറമേ ആപ്പിൾ, ജെപി മോർഗൻ ചേസ്, മൈക്രോസോഫ്റ്റ് എന്നീ പ്രമുഖ കമ്പനികളുടെ സിസ്റ്റങ്ങളും ഈ മാസത്തിൽ തകരാറിലായിരുന്നു.
Published: 25 Nov 2026, 11:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented