വാഷിങ്ടൺ: യു.എസ്. എയർഫോഴ്സിന്റെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ ക്ലൗഡ് വൺ (Cloud One) സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ആക്രമണത്തിൽ സൈന്യത്തെയും ജീവനക്കാരെയും സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം വലിയ ആശങ്കയ്ക്ക് വഴിവെച്ചതോടെ, വൈറ്റ് ഹൗസ് നാഷണൽ സൈബർ ഡയറക്ടർ സീൻ കെയർൺക്രോസിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൽസ്ഥാനത്തുനിന്ന് നീക്കി.

To advertise here,

എൻ.എസ്.എ (NSA), സി.ഐ.എ (CIA), എഫ്.ബി.ഐ (FBI), എഫ്.എ.എ (FAA) തുടങ്ങി പ്രമുഖ യു.എസ്. ഫെഡറൽ ഏജൻസികളുടെ നെറ്റ്‌വർക്കുകളിൽ അടുത്തിടെയുണ്ടായ തുടർച്ചയായ സൈബർ ആക്രമണങ്ങൾക്കും തടസങ്ങൾക്കും പിന്നാലെയാണ് ഈ വൻ സുരക്ഷാവീഴ്ചയും പുറത്തുവരുന്നത്. യു.എസ്. ഫെഡറൽ ഏജൻസികളുടെ നിലവിലെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ ശേഷിയെക്കുറിച്ച് ഈ സംഭവം വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

കഴിഞ്ഞ മാസത്തെ സിസ്റ്റം അപ്ഗ്രേഡുകൾക്കിടയിലാണ് ഈ സുരക്ഷാവീഴ്ച കണ്ടെത്തിയത്. എത്രത്തോളം നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടെന്നതിലും ഏതൊക്കെ തരം വിവരങ്ങളാണ് ചോർന്നതെന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എഫ്.എ.എ. (FAA) സംഭവത്തെത്തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെക്കേണ്ടി വരികയും പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്ര തടസ്സപ്പെടുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയുണ്ടായ മറ്റൊരു സംഭവത്തിൽ, കുറ്റകൃത്യങ്ങളുടെ റെക്കോർഡുകൾ ശേഖരിക്കാൻ രാജ്യവ്യാപകമായി നിയമ നിർവഹണ ഏജൻസികൾ ഉപയോഗിക്കുന്ന എഫ്.ബി.ഐ.-യുടെ വലിയൊരു ഡാറ്റാബേസിലേക്ക് ഹാക്കർമാർ നുഴഞ്ഞുകയറിയിരുന്നു. വെബ്സൈറ്റുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന 'പി.എച്ച്.പി.' (PHP) പ്രോഗ്രാമിങ് ലാംഗ്വേജിലെ സുരക്ഷാ ബഗ്ഗുകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര സെക്യൂരിറ്റി അപ്ഡേറ്റുകളുമായി ബന്ധപ്പെട്ട് എൻ.എസ്.എ.-യിലും നെറ്റ്‌വർക്ക് തടസം നേരിട്ടിരുന്നു.

രഹസ്യ വിവരങ്ങൾ സൂക്ഷിക്കാനും പങ്കുവെക്കാനും ഉപയോഗിക്കുന്ന ഏജൻസിയുടെ നെറ്റ്‌വർക്ക് ഈ സമയത്ത് ഓഫ്ലൈനായിരുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പൊതു ഉറവിടങ്ങളിൽ നിന്ന് വിവരശേഖരണം നടത്താൻ സി.ഐ.എ. (CIA), ഓഫീസ് ഓഫ് ദി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവർ ഉപയോഗിക്കുന്ന നെറ്റ്‌വർക്കിലും നുഴഞ്ഞുകയറ്റം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ സൈബർ സുരക്ഷാ നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനിടയിലാണ് ഈ പുതിയ സംഭവം പുറത്തുവരുന്നത്. വൈറ്റ് ഹൗസ് നാഷണൽ സൈബർ ഡയറക്ടറായ സീൻ കെയർൺക്രോസിനെ (Sean Cairncross) യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച തത്സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ആ വ്യക്തി ആ പദവിക്ക് യോഗ്യനല്ലെന്ന് തനിക്ക് തോന്നിയതായാണ് ട്രംപ് അഭിപ്രായപ്പെട്ടത്. നെറ്റ്‌വർക്ക് തടസങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയ ശേഷം ഭരണകൂടം നടത്തുന്ന ആദ്യത്തെ പ്രധാന ഉദ്യോഗസ്ഥ മാറ്റമാണിത്.

ഫെഡറൽ ഗവൺമെന്റിലുടനീളമുള്ള സൈബർ സുരക്ഷാ നയങ്ങളുടെയും തന്ത്രങ്ങളുടെയും മേൽനോട്ടം വഹിച്ചിരുന്നത് സീൻ കെയർൺക്രോസ് ആയിരുന്നു. അദ്ദേഹത്തിന് പകരം പ്രതിരോധ വകുപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസറായ കേർസ്റ്റൺ ഡേവിസ് (Kirsten Davies) താത്കാലികമായി ഈ ചുമതല ഏറ്റെടുക്കും. ട്രംപ് ഭരണകൂടത്തിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ബഹുമതിയായി കരുതുന്നുവെന്നാണ് സ്ഥാനമൊഴിഞ്ഞ ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ സീൻ കെയർൺക്രോസ് വ്യക്തമാക്കിയത്.