പത്തനംതിട്ട: താൻ ആർക്കെതിരേയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരേ സൈബർ ആക്രമണമുണ്ടായെന്നും അതിന് പിന്നിൽ രാഹുൽ ആണെന്നും കഴിഞ്ഞദിവസം കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പരോക്ഷമായി ആരോപിച്ചിരുന്നു. രാഹുലിന്റെ പേര് പറയാതെയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. പിന്നാലെയാണ് മറുപടിയുമായി രാഹുൽ രംഗത്തെത്തിയത്

To advertise here,

ഷാഫി പറമ്പിലും താനും തമ്മിൽ സഹോദരസ്‌നേഹമാണുള്ളതെന്നും ഗുരുശിഷ്യബന്ധമൊന്നുമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. താൻ സൈബർ ആക്രമണം നടത്തിയിട്ടില്ല. എന്നാൽ, നമുക്ക് ഇഷ്ടമുള്ള ആൾക്ക് പ്രതിസന്ധി വരുമ്പോൾ അയാളെ പ്രതിരോധിച്ചത് ഇയാളാകും എന്നൊരു തോന്നൽ ആർക്കെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അത് തന്റെ പൊതുപ്രവർത്തന ജീവിതത്തിലെയോ വ്യക്തിജീവിതത്തിലെയോ പോസിറ്റീവ് ആസ്‌പെക്ട് ആയാണ് കരുതുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു. താൻ സൈബർ ആക്രമണം നടത്തിയിട്ടില്ല. കോൺഗ്രസ് പാർട്ടിയ്ക്ക് അകത്തുള്ള ആർക്കെതിരേയും അത്തരം ആക്രമണം നടത്തിയിട്ടില്ല. കോൺഗ്രസിന് പുറത്തുള്ളവരോടും ചെയ്തിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രൊഫൈലിലൂടെ പറയും എന്നതിന് അപ്പുറം വൺ ടു ത്രീ അറ്റാക്ക് എന്ന് പറഞ്ഞ് സേനയെ ഒന്നും താൻ വിന്യസിച്ചിട്ടില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരാതി നൽകാവുന്നതാണ്, അദ്ദേഹം പറഞ്ഞു. 

സൈബർ അറ്റാക്ക് എന്ന പോയിന്റിൽ പോലും താൻ അത്തരത്തിൽ വിശ്വസിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. അത് സൈബറിടത്തിലെ ഒരുപാടുപേരുടെ അഭിപ്രായങ്ങളാണ്. പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. ഇതിനെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ അത് തനിക്കെതിരേയും ഉണ്ടായിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെച്ചൊല്ലയുള്ള വിവാദങ്ങൾക്കും രാഹുൽ മറുപടി നൽകി. ഉമ്മൻചാണ്ടി ഞങ്ങളുടെ ജീവിതത്തിലെ ഇമോഷന്റെ പാർട്ട് ആണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മറുപടി കൊടുക്കാനുള്ള വലിപ്പം തനിക്ക് അപ്പോഴും ഇല്ല. നാളെയുമില്ല. ഏതെങ്കിലും കാലത്ത് അത് ആർജിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.