വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിനെതിരായ ആക്രമണങ്ങളിൽ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇറാൻ ഉപയോഗിച്ചതായി റിപ്പോർട്ട്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാൻ സ്റ്റാർലിങ്ക് സേവനം ഉപയോഗിച്ചതെന്നാണ് വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അനുമതിയില്ലാതെയുള്ള സ്റ്റാർലിങ്കിന്റെ രണ്ട് ഉപയോഗങ്ങൾ ഇറാന്റെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കമ്പനിയുടെ സംഘം കണ്ടെത്തിയതോടെ ഇലോൺ മസ്‌ക് രോഷാകുലനായെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ആഭ്യന്തര കാര്യങ്ങളേക്കുറിച്ച് അറിവുള്ള രണ്ടുപേരെ ഉദ്ധരിച്ചാണ് വാഷിങ്ടൺ പോസ്റ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാൻ സൈന്യം സ്റ്റാർലിങ്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് അറിവില്ലെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. സ്‌പേസ് എക്‌സും ഇറാൻ വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇറാനിൽ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതിയില്ലെങ്കിലും അവിടെ സേവനം ലഭ്യമാണെന്ന് മസ്‌ക് നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങൾ ഉണ്ടായ ഘട്ടങ്ങളിൽ ഇറാൻ ഭരണകൂടം പൊതുജനങ്ങൾക്കുള്ള ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ അമേരിക്ക ഇറാനിലേക്ക് രഹസ്യമായി എത്തിച്ചതായും നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അമേരിക്കയും ഇസ്രയേലും ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിനു പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു.
Content Highlights: Iran reportedly used SpaceX's Starlink internet service in attacks against the US military., Elon Musk grew furious after discovering unauthorized military use of Starlink by Iran., US military allegedly utilized Starshield for drone operations using low-cost plans., Classified reports were submitted to US Defense Secretary Pete Hegseth regarding the incident.
Published: 29 Nov 2026, 10:02 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented