ഫ്രാൻസ്: ഗ്രീൻലാൻഡിനെ കീഴടക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ രൂക്ഷവിമർശനവുമായി ഫ്രാൻസ്. അമേരിക്ക അധികം കളിക്കരുതെന്നാണ് ഫ്രാൻസ് മുന്നറിയിപ്പ് നൽകുന്നത്. ദ്വീപിന് മേലുള്ള ഏതൊരു സൈനിക നീക്കവും മറ്റൊരു ലോകം സൃഷ്ടിക്കുന്ന, എല്ലാ അതിർത്തികളും ലംഘിക്കുന്ന നീക്കമായിരിക്കുമെന്നും ഫ്രാൻസ് മുന്നറിയിപ്പ് നൽകി.
യുഎസ് ആഭ്യന്തര സെക്രട്ടറി സ്‌കോട്ട് ബെസെന്റിനു ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയതായി ഫൈനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഫ്രഞ്ച് ധനമന്ത്രി റൊളാങ് ലെസ്‌ക്യൂർ പറഞ്ഞു. ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമവും കടന്നുകയറ്റമായി കണക്കാക്കുമെന്നും അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക ബന്ധം അപകടത്തിലാക്കുമെന്നും ലെസ്‌ക്യൂർ പറഞ്ഞു. 'ഗ്രീൻലാൻഡ് ഒരു പരമാധികാര രാജ്യത്തിന്റെ ഭാഗമാണ്. അത് യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്. അതിൽതൊട്ടു കളിക്കരുത്.' ലെസ്‌ക്യൂർ പറഞ്ഞു.
അമേരിക്ക ഗ്രീൻലാൻഡ് ആക്രമിച്ചാൽ, അത് 'മറ്റൊരു ലോകം' സൃഷ്ടിക്കുമെന്ന് ലെസ്‌ക്യൂർ മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ആക്രമണ ഭീഷണിയെത്തുടർന്ന് ഗ്രീൻലൻഡിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഫ്രാൻസ്, ഡെന്മാർക്ക്, ജർമ്മനി, സ്വീഡൻ, നോർവേ എന്നീ നാറ്റോ അംഗ രാജ്യങ്ങൾ സൈനികരെയും സൈനിക സാമഗ്രികളും ഗ്രീൻലാൻഡിൽ വിന്യസിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.
'ട്രംപ് ഭരണകൂടം ഒരു വൈരുദ്ധ്യമായി മാറിയിരിക്കുന്നു. ഗ്രീൻലൻഡിനോടുള്ള സമീപനം വൈരുദ്ധ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ചിലപ്പോൾ സഖ്യകക്ഷിയായും മറ്റുചിലപ്പോൾ പ്രവചനാതീതമായ പ്രതിയോഗിയായും പെരുമാറുന്നു.' എങ്കിലും പരസ്പര സംഭാഷണം നിലനിർത്തുന്നത് പ്രധാനമാണെന്ന് ലെസ്‌ക്യൂർ പറഞ്ഞു.
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഗ്രീൻലാൻഡിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ കര, വ്യോമ, നാവിക സാമഗ്രികൾ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലെസ്‌ക്യൂറിന്റെ മുന്നറിയിപ്പ്. ട്രംപിനെ പേരെടുത്ത് പറയാതെ, ലോകത്തിലെ ചില നടത്തിപ്പുകാരുടെ ഇടയിൽ പുതിയ നാടൻ ചട്ടമ്പികളുടെ സ്വഭാവം ഉണ്ടെന്നും അദ്ദേഹം വിമർശിച്ചു. നേരത്തെ, ഗ്രീൻലാൻഡിന്മേലുള്ള ഏതൊരു സൈനിക നീക്കവും വലിയൊരു ചെയിൻ റിയാക്ഷന് കാരണമാകുമെന്ന് മാക്രോൺ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: France strongly criticizes US President Trump`s intentions towards Greenland, warning of severe consequences and border violations. Learn more about the escalating tensions.
Published: 17 Jan 2026, 08:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented