ടെൽ അവീവ്: ക്യാപ്റ്റനെ ആക്രമിച്ച് ഫ്‌ളൈദുബായ് വിമാനം റാഞ്ചാൻ ഒമാൻ കോ പൈലറ്റ് ശ്രമിച്ചത് ഗാസയിലെ നടപടികളിൽ ഇസ്രയേലിനോടുള്ള പ്രതികാരം തീർക്കാനെന്ന് റിപ്പോർട്ട്. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇത് പരാജയപ്പെട്ടാൽ പ്ലാൻ ബി എന്ന നിലയിൽ ജോർദാനിലെ യുഎസ് താവളവും ഇയാൾ ലക്ഷ്യമിട്ടിരുന്നു. അന്വേഷണ കണ്ടെത്തലുകളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമമായ വൈനെറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

To advertise here,

ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ ആക്രമണം നടത്തുന്നതിന് വളരെ മുമ്പു തന്നെ പ്രതി ഇതിന് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ജൂലായിൽ ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ജീവനക്കാരിൽ ഒരാളുമായുള്ള വ്യക്തിപരമായ അടുപ്പം തീരുമാനത്തിൽ നിന്ന് പിൻവാങ്ങാൻ കാരണമായെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ പറയുന്നു.

ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കുക എന്നതായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം. ഇസ്രായേലിൽ എത്താൻ സാധിച്ചില്ലെങ്കിൽ, ജോർദാനിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിടാനാണ് അയാൾ ഉദ്ദേശിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ആക്രമണം നടത്തിയ ഒമാൻ കോ പൈലറ്റ് ഹമാം അൽ ഹമ്മാമി ജൂണിൽ ഇസ്രായേലിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാൾ ഒരു 'രക്തസാക്ഷി' ആകാൻ സ്വയം തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഇസ്രയേലിലേക്ക് പോകുന്ന വിമാനത്തിൽ പൈലറ്റായി എത്തുന്നതിനുള്ള ആസൂത്രണങ്ങൾ ഇയാൾ നടത്തിയിരുന്നു. ഹമ്മാമിയുടെ പശ്ചാത്തലവും ഉദ്ദേശ്യങ്ങളും എന്തൊക്കെയാണെന്നും, അദ്ദേഹം പൂർണ്ണമായും ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്ന് ഉറപ്പുവരുത്തുന്നതിനുമായി ആറ് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി ഇസ്രയേലി ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്.