നാഗ്പുർ: വിമാനയാത്രയ്ക്കിടെയുണ്ടായ ആക്രമണത്തിനിടെ ധീരമായി ഇടപെട്ട ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ നടപടി ഹിന്ദു മൂല്യങ്ങളെയാണ് കാണിക്കുന്നതെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. പ്രതിസന്ധിഘട്ടത്തിൽ പൈലറ്റ് സ്വീകരിച്ച നിലപാട് അദ്ദേഹത്തിന് പ്രത്യേക പരിശീലനം ലഭിച്ചതുകൊണ്ടല്ല. വളർന്നുവന്ന സാഹചര്യവും സാംസ്‌കാരിക പാരമ്പര്യവും ജീവിതത്തിൽ പകർന്നുനൽകിയ മൂല്യങ്ങളുമാണ് അതിനുപിന്നിലെന്നും ഭാഗവത് പറഞ്ഞു. നാഗ്പുരിൽ വിജയദശമി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

'ക്യാപ്റ്റൻ മച്ചാറിന്റെ പ്രവൃത്തി ഹിന്ദുമതത്തിന്റെ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തെ നേരിടാൻ അദ്ദേഹത്തിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നില്ല. മറിച്ച്, അദ്ദേഹത്തിന്റെ മൂല്യവ്യവസ്ഥ അത്തരത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അദ്ദേഹം വളർന്നുവന്ന നാടിന്റെയും സംസ്‌കാരത്തിന്റെയും പകർന്നുനൽകപ്പെട്ട മൂല്യങ്ങളുടെയും സ്വാധീനമാണ് ഇതിലൂടെ വ്യക്തമാകുന്നത്,'-മോഹൻ ഭാഗവത് പറഞ്ഞു.

ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ പ്രതികരണത്തെ സാംസ്‌കാരിക മൂല്യങ്ങൾ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മച്ചാറിന്റെ നടപടിയെന്നും ഭാഗവത് അഭിപ്രായപ്പെട്ടു.

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്‌ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായി ക്യാപ്റ്റൻ സ്മിത് മച്ചാറിന് പരിക്കേറ്റ സംഭവത്തിലാണ്‌ ഭാഗവതിന്റെ പരാമർശം. ഗുരുതരമായി പരിക്കേറ്റിട്ടും കോക്പിറ്റിന്റെ വാതിൽ തുറന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ ഇന്ത്യൻ പൈലറ്റിന് കഴിഞ്ഞിരുന്നു. ഇതുവഴി വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും ജീവൻ രക്ഷിക്കാനായി.