ബ്രസീലിയ: ബ്രസീലിൽ തുടർച്ചയായ രണ്ടാം പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഏറ്റുമുട്ടി ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ബോൾസൊനാരോ കുടുംബത്തിൽ നിന്നുള്ള വലതുപക്ഷ സ്ഥാനാർത്ഥി ഫ്ലാവിയോ ബോൾസൊനാരോയും. അഭിപ്രായ സർവേകളിൽ ഇരു സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമാണെന്നാണ് കാണിക്കുന്നത്.

To advertise here,

ഒക്ടോബർ നാലിനാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ പകുതിയിലധികം (50 ശതമാനത്തിലധികം) വോട്ട് നേടുന്ന സ്ഥാനാർത്ഥി രണ്ടാം ഘട്ട വോട്ടെടുപ്പ് ഒഴിവാക്കി വിജയിക്കും. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾ ഒക്ടോബർ 25-ന് നടക്കുന്ന രണ്ടാം ഘട്ട (റൺ ഓഫ്) വോട്ടെടുപ്പിൽ ഏറ്റുമുട്ടും.

വർക്കേഴ്‌സ് പാർട്ടി (പി.ടി.) പ്രതിനിധിയായാണ് 80 വയസ്സുള്ള പ്രസിഡന്റ് ലുല മത്സരിക്കുന്നത്. 2003 മുതൽ 2011 വരെ രണ്ട് തവണ ബ്രസീലിനെ നയിച്ച അദ്ദേഹം, 2023-ൽ വീണ്ടും അധികാരത്തിൽ എത്തുകയും ഇപ്പോൾ നാലാം ഊഴത്തിനായി മത്സരിക്കുകയുമാണ്. വലതുപക്ഷ ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് 45 വയസ്സുള്ള ഫ്ലാവിയോ ബോൾസൊനാരോയാണ്. മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മൂത്ത മകനാണ് ഇദ്ദേഹം.

2022-ൽ ലുലയോടേറ്റ പരാജയത്തിന് ശേഷം നടന്ന അട്ടിമറി ശ്രമത്തിൽ പങ്കാളിയായതിന് മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോ 27 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് ഫലം ബോൾസൊനാരോയ്ക്ക് അനുകൂലമാക്കാൻ അമേരിക്ക ശ്രമിച്ചേക്കാമെന്ന സാധ്യത നിരീക്ഷകർ ഉയർത്തുന്നുണ്ട്.

തങ്ങൾ താല്പര്യപ്പെടുന്ന സ്ഥാനാർഥി പരാജയപ്പെട്ടാൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജെയർ ബോൾസൊനാരോയ്‌ക്കെതിരായ കേസുമായി ബന്ധപ്പെട്ട ബ്രസീലിയൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും, ഈ കേസിനെ രാഷ്ട്രീയ വേട്ടയാടൽ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ രണ്ട് യു.എസ്. ഉദ്യോഗസ്ഥർക്ക് വിസ നൽകാൻ ബ്രസീലിലെ സർക്കാർ വിസമ്മതിച്ചു. തിരഞ്ഞെടുപ്പിന്റെ സുതാര്യതയിൽ സംശയം പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചാണ് അമേരിക്കൻ ഉദ്യോഗസ്ഥർ എത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബ്രസീലിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ലുലയുടെ ഗവൺമെന്റ് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.