പാകിസ്താന്റെ ആണവായുധ ശേഖരം യുഎസ് നിയന്ത്രിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥനും പാകിസ്താനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തലവനുമായിരുന്ന ജോണ്‍ കിരിയാക്കോ

വാഷിങ്ടൺ: ഇന്ത്യയുമായുള്ള ഏത് പരമ്പരാഗത യുദ്ധത്തിലും പാകിസ്താൻ പരാജയപ്പെടുമെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥനും പാകിസ്താനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തലവനുമായിരുന്ന ജോണ്‍ കിരിയാക്കോ. പാകിസ്താന്റെ ആണവായുധ ശേഖരം യുഎസ് നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദശലക്ഷക്കണക്കിന് ഡോളര്‍ സഹായം നല്കി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വിലയ്ക്ക് വാങ്ങി. പാക് ആണവായുധങ്ങളുടെ നിയന്ത്രണം മുഷറഫ് യുഎസിന് കൈമാറിയെന്നും കിരിയാക്കോ പറഞ്ഞു.
ഇന്ത്യയുമായുള്ള യുദ്ധത്തില്‍ ഒന്നും നേടാനാവില്ലെന്ന നിഗമനത്തില്‍ പാകിസ്താന് എത്തേണ്ടതുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായിട്ട് നല്ലതൊന്നും നടക്കാന്‍ പോകുന്നില്ല. കാരണം പാകിസ്താന് പരാജയപ്പെടും. ആണവായുധങ്ങളെക്കുറിച്ചല്ല, പരമ്പരാഗത യുദ്ധത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത്. ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'സ്വേച്ഛാധിപത്യ രാജ്യങ്ങളുമായി പ്രവര്‍ത്തിക്കാന്‍ അമേരിക്കയ്ക്ക് ഇഷ്ടമാണ്. പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. ഞങ്ങള്‍ അടിസ്ഥാനപരമായി മുഷറഫിനെ വാങ്ങുകയായിരുന്നു' -കിരിയാക്കോ ആരോപിച്ചു. മുഷറഫിന് കീഴില്‍, പാകിസ്താന്റെ സുരക്ഷാ, സൈനിക നീക്കങ്ങളില്‍ അനിയന്ത്രിതമായി ഇടപെടാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദശലക്ഷക്കണക്കിന് ഡോളര്‍ നല്കിയതിനാല് തങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ മുഷറഫ് അനുവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതിനിടെത്തന്നെ മുഷറഫ് ഒരു ഡബിള്‍റോള്‍ കളിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. പരസ്യമായി യുഎസിനൊപ്പം നില്ക്കുമ്പോള്ത്തന്നെ രഹസ്യമായി പാക് സൈന്യത്തെയും തീവ്രവാദികളെയും ഇന്ത്യക്കെതിരേയുള്ള ഭീകരപ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചു. അല്‍ ഖ്വയ്ദയെക്കുറിച്ചായിരുന്നില്ല, ഇന്ത്യയെക്കുറിച്ചാണ് പാക് സൈന്യം ആശങ്കപ്പെട്ടത്. പാക് ആണവ ശാസ്ത്രജ്ഞന് അബ്ദുല്‍ ഖദീര്‍ ഖാനെ യുഎസ് ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും സൗദി അറേബ്യ ഇടപെട്ടതോടെ ഇതില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി
Content Highlights: CIA Whistleblower Reveals Pakistan's Nuclear Secrets & Saudi Influence in US Foreign Policy
Published: 25 Oct 2025, 11:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented