കാബൂള്‍: അഫ്ഗാനിസ്താനില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 34 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.
അതേസമയം, കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രി 11.45 ഓടെ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1,400 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 3,000 പേര്‍ക്ക് പരിക്കേറ്റു. 8,000 വീടുകള്‍ തകര്‍ന്നു. താലിബാന് ഭരണക്കൂട വക്താവ് സബിഹുള്ള മുജാഹിദ് ആണ് എക്സിലൂടെ മരണസംഖ്യ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വരുംദിവസങ്ങളില്‍ മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും വ്യത്യാസമുണ്ടായേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാനും ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികൂലമായ കാലവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമുള്ളതിനാലാണിത്.
ഭൂചലനത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് കനത്തമഴ പെയ്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭൂചലനത്തെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായത് റോഡുഗതാഗതത്തെയും ബാധിച്ചു. ഏതാനും ഇടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ആളുകള്‍ കുടുങ്ങികിടക്കുന്ന സാഹചര്യവുമുണ്ട്.
അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ മൂന്നാമത്തെ വലിയ ഭൂചലനമാണിത്. ആയിരത്തോളം പേര് മരിച്ച 2022-ലെ ഭൂചലനമായിരുന്നു വീണ്ടും അധികാരത്തിലെത്തിയ താലിബാന് ഭരണക്കൂടം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തം. ദുരന്തബാധിതര്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.
ദുരിതബാധിതര്‍ക്ക് ആദ്യ ഘട്ടമെന്നോണം താത്കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളും 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ത്യ എത്തിച്ചിരുന്നു. അഫ്ഗാന് നേരിട്ട ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
Content Highlights: earthquake again in afghanistan over 1,400 dead in sunday disaster
Published: 02 Sept 2025, 09:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented