രൊറ്റ ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയുടെ അയൽപക്കം മാറിമറിഞ്ഞിരിക്കുന്നു. രാജ്യത്തിനു ചുറ്റുമുള്ള തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം ഇത്തരത്തിൽ മാറുമെന്ന് ഒരു വർഷം മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ തലവനും പ്രസിഡന്റുമായ മിൻ ഓൺ ഹ്ലൈങ് തന്റെ രാജ്യത്തിന്റെ മണ്ണിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നൽകി. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇടയ്ക്കിടെ തലയുയർത്തുന്ന വംശീയ, ഭീകരാക്രമണങ്ങളിൽനിന്നു രാജ്യത്തെ കാക്കാൻ സഹായിക്കുന്ന നീക്കം.

To advertise here,

അതിന് ഒരാഴ്ച മുമ്പ് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ചരിത്രപ്രധാനമായ ഒരു പ്രതിരോധ ഉടമ്പടി ഒപ്പിടുന്നു, റഷ്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അതേസമയം റഷ്യയിലുണ്ടായിരുന്നത് യാദൃച്ഛികമാവാനിടയില്ല. ചരിത്രപ്രധാന സൈനിക, സാങ്കേതിക സഹകരണ ഉടമ്പടിയിൽ താലിബാൻ പ്രതിരോധമന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർഗേ ഷോയ്ഗുവും ഒപ്പുവെച്ചു.

മാൻപാഡ്സ് (കൊണ്ടു നടക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം) അടക്കമുള്ള വ്യോമ പ്രതിരോധ ഉപകരണങ്ങളും സംവിധാനങ്ങളും അവ കൈകാര്യം ചെയ്യാനുള്ള പരിശീലനവും നൽകുന്നത് അതിൽ പെടുമെന്നാണ് സൂചന.

ഖൈബർ പഖ്തൂൺക്വാ പ്രവിശ്യയിൽ വർധിച്ചുവരുന്ന തെഹ്‌രീകെ താലിബാൻ (ടിടിപി) ആക്രമണങ്ങളെ ചെറുക്കാൻ കഷ്ടപ്പെടുന്ന പാക് പട്ടാളം പലപ്പോഴും പ്രതികാരമായി അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ആ വാതിലും അടഞ്ഞത് താലിബാന്റെ വീറുകൂട്ടും. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ ഉത്കണ്ഠയുടെ നിമിഷങ്ങൾ വളരെ കുറയുമെന്നു വ്യക്തമാണ്. അതുപോലെ, മ്യാൻമാറുമായുള്ള കരാർ രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിൽ വിദേശരാജ്യങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും മേഖലയെ ശാന്തമാക്കാനും സഹായിക്കും.

മ്യാൻമാറും വടക്കുകിഴക്കൻ മേഖലയിലെ അസ്ഥിരതയും

2026 ഏപ്രിലിൽ പ്രസിഡന്റ് പദം ഏറ്റെടുത്തശേഷം ഹ്ലൈങ് നടത്തിയ ആദ്യ വിദേശയാത്ര ഇന്ത്യയിലേക്കായിരുന്നു എന്നത് ശ്രദ്ധേയമാണ്. 2021-ൽ ഓങ് സാൻ സ്യൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെതിരായ സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയ പട്ടാളമേധാവിയെ ഇന്ത്യ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയിൽ സുപ്രധാന തീരുമാനങ്ങളുണ്ടായി.

2025-'26-ൽ 195 കോടി ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം അതതു കറൻസികളുടെ ഉപയോഗത്തിലൂടെ വർധിപ്പിക്കുക, പ്രതിരോധ സുരക്ഷാബന്ധം ആഴത്തിലാക്കുക, നിർണായക ധാതുക്കളിലും അപൂർവ ധാതുഖനനത്തിലും സഹകരിക്കുക എന്നിങ്ങനെയായിരുന്നു ആ തീരുമാനങ്ങൾ. ഇന്ത്യയുടെ സുരക്ഷാ താൽപര്യങ്ങൾക്കെതിരെ മ്യാൻമർ ഭൂമി ഉപയോഗിക്കപ്പെടില്ലെന്ന് മോദിക്ക് ഹ്ലൈങ് വ്യക്തിപരമായി ഉറപ്പ് നൽകിയത് വലിയ നേട്ടമാണ്. ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ചില തീവ്രവാദ സംഘടനകളുടെ താവളം ഇന്ത്യയുമായി 1,643 കിലോമീറ്റർ അതിർത്തി പങ്കിടുന്ന മ്യാൻമർ മണ്ണാണ്.

അൾഫ, വിവിധ നാഗാ വിഭാഗങ്ങൾ, കുക്കി-സോ സംഘടനകൾ തുടങ്ങിയവക്ക് മ്യാൻമർ അതിർത്തിയിലെ വനങ്ങളിൽ താവളമുണ്ട്. ഇന്ത്യക്കുള്ളിൽ മിന്നലാക്രമണങ്ങൾ നടത്തി ഇന്ത്യൻ സുരക്ഷാസേന പ്രതികരിക്കും മുൻപ് തിരിച്ചുപോവുന്നതാണ് അവരുടെ രീതി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യൻ സേന ഇത്തരം ഭീകരക്യാമ്പുകളിൽ ഡ്രോണാക്രമണം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. 2015 ജൂണിൽ ഇന്ത്യയുടെ പ്രത്യേക സേനകൾ മ്യാൻമർ അതിർത്തി കടന്ന് രണ്ട് തീവ്രവാദി ക്യാമ്പുകളെ ആക്രമിച്ച് 38 പേരെ വധിച്ചിരുന്നു. മോദി സർക്കാരിന്റെ ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് ഇവിടെയായിരുന്നു.

ഈ നീക്കം ചൈനയെ അസ്വസ്ഥപ്പെടുത്തുമെന്ന് ഉറപ്പാണ്. മ്യാൻമർ ഭരണകൂടത്തിനെതിരെ പോരാടുന്ന അരാക്കൻ ആർമി, ടാ'ആങ് നാഷണൽ ലിബറേഷൻ ആർമി, മ്യാൻമർ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആർമി എന്നിങ്ങനെയുള്ള വംശീയ സായുധ സംഘടനകളെ ചൈന കാര്യമായി സഹായിക്കുന്നുണ്ട്. അപൂർവഭൗമ മൂലകങ്ങളുടെ ആഗോളകുത്തകയുള്ള ചൈന അതിന്റെ ഭൂരിഭാഗവും കുഴിച്ചെടുക്കുന്നത് മ്യാൻമറിൽ നിന്നാണ്.

വലിയ തോതിൽ പ്രകൃതിവാതകവും ചൈന ഇവിടെനിന്നും ഇറക്കുമതി ചെയ്യുന്നു. ഖനന പ്രവർത്തനങ്ങളും ചൈന-മ്യാൻമാർ സാമ്പത്തിക ഇടനാഴിയുമൊക്കെ സംരക്ഷിക്കാൻ ഈ സായുധസംഘടനകളെ ബീജിങ്ങ് ഉപയോഗിക്കുന്നു. മ്യാൻമറിന്റെ അസ്ഥിരത ചൈനക്ക് സാമ്പത്തികവും തന്ത്രപരവുമായ മേൽക്കൈ നൽകുന്നു. നിർണായക ധാതുക്കളുടെ കാര്യത്തിൽ ഇന്ത്യ-മ്യാൻമർ സഹകരണം സ്ഥാപിക്കപ്പെടുന്നത് ആ മേൽക്കോയ്മയ്ക്ക് വെല്ലുവിളിയാണ്.

പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ നിർണായകമാവും. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യൻ ഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴി എന്ന ‘കോഴിക്കഴുത്ത്’ വടക്കൻ ബംഗാളിലൂടെയാണ് കടന്നു പോകുന്നത്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 22 കിലോമീറ്റർ മാത്രം വീതിയുള്ള ഈ ഭാഗത്തിന്റെ ദൗർബല്യം ഇന്ത്യക്ക് നിത്യമായ തലവേദനയായിരുന്നു.

മുൻമുഖ്യമന്ത്രി മമത ബാനർജി ആ ഭാഗത്ത് സുരക്ഷാവേലി കെട്ടാൻ സ്ഥലം വിട്ടുനൽകുന്നതിന് മടിച്ചു. പുതിയ സർക്കാർ വന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. മ്യാൻമർ ഉടമ്പടിയോടെ വടക്കുകിഴക്കൻ മേഖലയിലെ കലാപകാരികളെ അമർച്ച ചെയ്യാനായാൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തി ഭദ്രമാവും.

താലിബാന് വ്യോമപ്രതിരോധ സംവിധാനം; പാകിസ്താന് ആശങ്ക

ഒരുപക്ഷേ, അമേരിക്ക 2021-ൽ അഫ്ഗാനിസ്ഥാൻ വിട്ടോടുന്നതിന് മുമ്പുതന്നെ താലിബാനുമായി പിൻവാതിൽ ചർച്ചകൾ ഇന്ത്യ തുടങ്ങിയിട്ടുണ്ടാവണം. അവർ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അഫ്ഗാനിലെ സ്ഥാനപതി കാര്യാലയം അടയ്ക്കാതിരുന്ന ചുരുക്കം ജനാധിപത്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അവർക്ക് അത്യാവശ്യമായിരുന്ന ഗോതമ്പും മരുന്നുകളുമൊക്കെ എത്തിച്ചുകൊടുത്ത ഇന്ത്യയുടെ സൗമനസ്യത്തോടെ താലിബാൻ സ്നേഹപൂർവം പ്രതികരിച്ചു.

ഭീകരാവശ്യങ്ങൾക്കായി അഫ്ഗാൻ ഭൂമി ഉപയോഗിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം അവർ ഗൗരവമായി എടുത്തു. ഇത് പാകിസ്താൻ നിയന്ത്രിത തീവ്രവാദ ശൃംഖലകൾക്ക് അവിടെ ഒളിത്താവളം നിഷേധിക്കപ്പെടാൻ കാരണമായി. ഇപ്പോഴുണ്ടായ റഷ്യ-താലിബാൻ പ്രതിരോധ ഉടമ്പടിക്ക് ഇന്ത്യ പ്രേരണ ചെലുത്തിയിട്ടുണ്ടാവാമെന്ന് വിദഗ്ധർ കരുതുന്നു. പാകിസ്താന് ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കഠിനമാണ്.

കഴിഞ്ഞ രണ്ടു വർഷക്കാലം പാക് വ്യോമസേന അഫ്ഗാൻ അതിർത്തി പ്രവിശ്യകളിൽ പല തവണ ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടത്തി. ഇനി അത് ബുദ്ധിമുട്ടാവും. ഉടമ്പടി ഒപ്പിട്ട് ദിവസങ്ങൾക്കുള്ളിൽ താലിബാൻ പ്രതിരോധമന്ത്രി യാക്കൂബ് 'ഇനി അഫ്ഗാൻ ഭൂമിയെ ആക്രമിക്കാൻ പാകിസ്താൻ ധൈര്യം കാണിക്കില്ല' എന്ന് പ്രഖ്യാപിച്ചു. ബലൂച്, ടിടിപി പോരാട്ടങ്ങളിൽ തളർന്ന്, സാമ്പത്തിക തകർച്ചയിൽ വലഞ്ഞ്, ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമകളിൽ വിറച്ചു നിൽക്കുന്ന രാജ്യത്തിന് റഷ്യൻ പിൻബലവും വ്യോമപ്രതിരോധവുമുള്ള താലിബാനെ ഭയക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വർഷം തീവ്രവാദികളും പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് ഏതാണ്ട് മൂവായിരത്തി നാനൂറു പേരാണ്. ഇവരിൽ 664 പേർ സുരക്ഷാസൈനികരും. ഖൈബർ പഖ്തൂൺക്വായിലും ബലൂചിസ്താനിലും പലയിടത്തും പാക് സർക്കാരിന് നിയന്ത്രണമില്ല. തീവണ്ടി തട്ടിക്കൊണ്ടു പോവുന്നത് വാർത്ത അല്ലാതായിരിക്കുന്നു. ഇന്ത്യയിൽ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയവരെ പാകിസ്താനിൽവെച്ച് അജ്ഞാതർ വെടിവച്ചു കൊല്ലുന്ന പതിവ് മുടക്കമില്ലാതെ തുടരുന്നു. ഇതിനൊന്നും പരിഹാരമില്ലെങ്കിലും പാകിസ്താൻ ഇറാനും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥവേഷം കെട്ടുന്ന തിരക്കിലാണ്്!

കിഴക്കും പടിഞ്ഞാറും ഇന്ത്യ ഭദ്രമാക്കുമ്പോൾ വടക്കുഭാഗത്ത് ചെറിയ പ്രശ്നമുയരുകയാണ്. പരിചിതമായ തലവേദന തന്നെ, നേപ്പാളിൽ. ഉത്തരാഖണ്ഡിലുള്ള ലിപുലേഖ് ചുരം, കാലാപാനി, ലിംപിയാദ്ദുര എന്നിവിടങ്ങൾ തങ്ങളുടേതാണെന്ന് നേപ്പാൾ വീണ്ടും അവകാശം ഉന്നയിച്ചിരിക്കുന്നു. വർഷങ്ങളായി നിർത്തിവെച്ചിരുന്ന മാനസസരോവർ തീർഥാടനം 2026 മേയ് ആദ്യം ലിപുലേഖ് ചുരം വഴി പുനരാരംഭിച്ചതാണ് വീണ്ടും പ്രശ്നത്തെ ചൂടാക്കിയത്.

ചൈനയും ഇന്ത്യയും തമ്മിലെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ നേപ്പാളിൽ അസ്വസ്ഥതകളുണ്ടാവുന്നത് ഇതാദ്യമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലിപുലേഖ് ചുരം ഉൾപ്പെടുത്തിയ ഭൂപടം നേപ്പാൾ പ്രസിദ്ധീകരിച്ചതും അവരുടെ പാർലമെന്റ് ഏകകണ്ഠമായി അനുമോദിക്കുകയും ചെയ്തത് 2020 ജൂണിൽ ലഡാക്കിൽ ഗൽവാൻ ഏറ്റുമുട്ടലുണ്ടായതിന് തൊട്ടുമുമ്പാണ്.

ഒരേസമയം നടന്ന ഈ ഇന്ത്യൻ നയതന്ത്രവിജയങ്ങൾ അവരുടേതായ കാരണങ്ങളാൽ അമേരിക്കയെയും ചൈനയെയും അസ്വസ്ഥമാക്കും. ഇന്ത്യയുടെ റഷ്യൻ ചങ്ങാത്തം ഒരിക്കലും വാഷിങ്ടണ് ഇഷ്ടമായിരുന്നില്ല. താലിബാനുമായ ഒപ്പിട്ട സൈനിക സഹകരണ ഉടമ്പടി പാശ്ചാത്യ ഉപരോധങ്ങളാൽ വലയുന്ന റഷ്യയ്ക്ക് ഒരു സഖ്യരാഷ്ട്രത്തെക്കൂടി നൽകുക മാത്രമല്ല, മധ്യേഷ്യയിലെ പ്രധാനശക്തി എന്ന നിലയെ ശക്തിപ്പെടുത്താനും ഐസിസ് കെയുടെ ഭീകരതയെ നിയന്ത്രിച്ചു നിർത്താനും സഹായകമാവും.

സ്വന്തം സ്വാധീനമേഖലയെന്ന് കരുതുന്ന മ്യാൻമറിൽ ഇന്ത്യ കടന്നുകയറുന്നതും പുതിയ റഷ്യ-താലിബാൻ അച്ചുതണ്ടും ചൈനയെ അസ്വസ്ഥമാക്കും. ഈ കൂട്ടുകെട്ട് അഫ്ഗാനിസ്താനും ഇന്ത്യയ്ക്കുമെതിരെ പാകിസ്താനെ ഉപകരണമാക്കാനുള്ള ബീജിങ്ങിന്റെ ശ്രമങ്ങൾ പരിമിതപ്പെടുത്തും.

ഇത്തരം ഉത്കണ്ഠകളെ ഇന്ത്യ അർഹമായ പരിഗണന നൽകി തള്ളിക്കളയുമെന്നു കരുതാം. രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ തീരുമാനസ്വാതന്ത്ര്യം (സ്ട്രാറ്റെജിക് ഓട്ടോണമി) ആഡംബരമല്ല, അതിജീവനത്തിനു വേണ്ട അനിവാര്യതയാണ്. 140 കോടി ജനങ്ങളുള്ള, 2047-ൽ വികസിതഭാരതം എന്ന വലിയ ലക്ഷ്യം പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് അയൽപക്കം സുഹൃത്തുക്കളാവും വരെ കാത്തിരിക്കാൻ സമയമില്ല!