മോസ്‌കോ: പാകിസ്താനെ വെട്ടിലാക്കി താലിബാനും റഷ്യയും തമ്മിൽ സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞദിവസം മോസ്‌കോയിൽ നടന്ന ഇന്റർനാഷണൽ സെക്യൂരിറ്റി ഫോറത്തിൽ വെച്ച് താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുവുമാണ് ഈ ചരിത്ര കരാറിൽ ഒപ്പിട്ടത്. താലിബാൻ ഭരണകൂടം മറ്റൊരു രാജ്യവുമായി ഒപ്പിടുന്ന ആദ്യ പ്രതിരോധ കരാറാണിതെന്ന പ്രത്യേകതയുമുണ്ട്.

To advertise here,

ആയുധ കൈമാറ്റം, പ്രതിരോധ ലൈസൻസിങ്, സാങ്കേതിക വിദ്യയുടെ കൈമാറ്റം, സംയുക്ത വികസന പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന തന്ത്രപ്രധാനമായ പ്രതിരോധ കരാറിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്. മേഖലയിൽ റഷ്യൻ സ്വാധീനം വർധിക്കുന്നതിന് ഇത് ഇടയാക്കും. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തെങ്കിലും ആധുനിക ആയുധങ്ങളുടെ അഭാവം പാകിസ്താനുമായുള്ള സംഘർഷത്തിൽ താലിബാനെ സമ്മർദത്തിലാഴ്ത്തിയിരുന്നു. കരാർ പ്രകാരം താഴ്ന്നുപറക്കുന്ന വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള ആധുനികമായ 'മാൻപാഡ്‌സ്' (MANPADS), വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ റഷ്യ അഫ്ഗാനിസ്ഥാന് നൽകും.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി റഷ്യ തന്ത്രപ്രധാനമായ സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചതോടെ വെട്ടിലായത് പാകിസ്താനാണ്. പാകിസതാന് ഭീഷണിയായ ഭീകരവാദികൾക്ക് അഭയം നൽകുന്നു എന്നാരോപിച്ച് അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയാണ് പാകിസ്താൻ മേധാവിത്വം നിലനിർത്തുന്നത്. റഷ്യയുമായുള്ള സഹകരണം പാകിസ്താനുമായുള്ള ഏറ്റുമുട്ടലുകളിൽ ഭാവിയിൽ താലിബാന് കൂടുതൽ മേൽകൈ നൽകും.

അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുകയാണ് താലിബാൻ ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. പാകിസ്താൻ അഫ്ഗാൻ മണ്ണിൽ നടത്തുന്ന വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ പുതിയ റഷ്യൻ സാങ്കേതികവിദ്യ താലിബാനെ സഹായിക്കും. റഷ്യയും താലിബാനും തമ്മിലുള്ള ഈ പുതിയ ബന്ധം ഇന്ത്യക്ക് തന്ത്രപരമായ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിൽ പാകിസ്താന്റെയും ചൈനയുടെയും സ്വാധീനം കുറയ്ക്കാനും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിച്ചേക്കും.

2025 ഏപ്രിലിൽ താലിബാനെ ഭീകര സംഘടനകളുടെ പട്ടികയിൽനിന്ന് റഷ്യ നീക്കംചെയ്തിരുന്നു. തുടർന്ന് 2025 ജൂലൈയിൽ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി റഷ്യ മാറുകയും ചെയ്തു. മേഖലയിലെ ഭീകരവാദം, മയക്കുമരുന്ന് കടത്ത് എന്നിവ നേരിടാൻ താലിബാനുമായുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്നും റഷ്യ വിലയിരുത്തുന്നു.