
കാബൂൾ: കാബൂൾ വിമാനത്താവളത്തിലെ റൺവേയിലൂടെ ജീവൻ രക്ഷിക്കാനായി വിമാനത്തിന് പിന്നാലെ ഓടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ചിത്രം ലോകം മറന്നിട്ടുണ്ടാകില്ല. അഞ്ചുവർഷം മുമ്പ് ആയിരക്കണക്കിന് അഫ്ഗാനികൾ രാജ്യംവിടാനായി ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുന്ന സമയത്ത്, താലിബാൻ ചെറുത്തുനിൽപ്പുകളില്ലാതെ കാബൂൾ പിടിച്ചടക്കി.
അഫ്ഗാൻ സർക്കാരിന് പിന്തുണയേകി അമേരിക്കയും സഖ്യകക്ഷികളും 20 വർഷത്തോളമാണ് താലിബാനെതിരേ പോരാടിയത്. ഒടുവിൽ എവിടെയുമെത്താത്ത ആ പോരാട്ടം അവർ പാതിവഴിയിൽ അവസാനിപ്പിച്ചു. സഖ്യസേന പിന്മാറിയതോടെ ആ സർക്കാർ ദിവസങ്ങൾക്കുള്ളിൽ നിലംപൊത്തി. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അടയാളപ്പെടുത്തുന്ന 2026 ആഗസ്റ്റ് 15, ആ തകർച്ചയുടെ അഞ്ചാം വാർഷികം കൂടിയാണ്. താലിബാൻ ഈ ദിവസത്തെ ‘വിജയദിന’മായാണ് ആഘോഷിക്കുന്നത്. പക്ഷേ, സാധാരണക്കാരായ അഫ്ഗാൻ ജനതയ്ക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ അഞ്ച് വർഷങ്ങൾ ഇരുളടഞ്ഞതായിരുന്നു.
താലിബാൻ അധികാരം പിടിച്ചെടുത്തതോടെ കാബൂളിൽ വലിയ അരാജകത്വമുണ്ടായി. ആയിരക്കണക്കിന് ആളുകൾ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് വാണിജ്യ വിമാന സർവീസുകൾ റദ്ദാക്കി. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ചിലർ റൺവേയിലൂടെ നീങ്ങിക്കൊണ്ടിരുന്ന യു.എസ്. എയർഫോഴ്സ് വിമാനത്തിൽ തൂങ്ങിക്കിടന്നു ആൾക്കൂട്ടം വേഗത്തിൽ അടുക്കുന്നത് കണ്ട് സൈനിക വിമാനത്തിന് ടേക്ക് ഓഫ് ചെയ്യേണ്ടിവന്നു. ആളുകൾ താഴേയ്ക്ക് വീഴുന്ന ദൃശ്യങ്ങൾ അന്ന് പുറത്തുവന്നിരുന്നു. 2021 ആഗസ്റ്റ് 31 സൈന്യത്തിന്റെ പിന്മാറ്റത്തിനുള്ള അന്തിമ തീയതിയായി അമേരിക്ക നിശ്ചയിച്ചിരുന്നു. സൈന്യം യഥാർത്ഥത്തിൽ പിന്മാറുന്നതിന് തൊട്ടുമുമ്പുള്ള രണ്ടാഴ്ചക്കാലമാണ് വിമാനത്താവളത്തിൽ ഈ സംഘർഷാന്തരീക്ഷം അരങ്ങേറിയത്.
ഈ അരാജകത്വത്തിനിടയിൽ, അഫ്ഗാനികൾക്ക് അവരുടെ സ്വത്തിനും ജീവനും അഭിമാനത്തിനും യാതൊരു ഭീഷണിയുമില്ലെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞിരുന്നു. എല്ലാവരേയും ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു ഇസ്ലാമിക സർക്കാരായിരിക്കുമെന്നായിരുന്നു വാഗ്ദാനം. അമേരിക്കയുമായോ മുൻ അഫ്ഗാൻ ഭരണകൂടവുമായോ പ്രവർത്തിച്ചവർക്ക് പൊതുമാപ്പും താലിബാൻ വക്താവ് വാദഗാനംചെയ്തിരുന്നു. മാത്രമല്ല, വർഷങ്ങളായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലഭിച്ച അവകാശങ്ങൾ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങളെല്ലാം അധികം വൈകാതെ ലംഘിക്കപ്പെട്ടു. പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിൽനിന്നും സ്ത്രീകളെ സർവകലാശാലകളിൽനിന്നും വിലക്കി. ഇന്ന് ലോകത്ത് പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും സർവകലാശാലാ പഠനവും ഔദ്യോഗികമായി നിരോധിച്ച ഏക രാജ്യമാണ് അഫ്ഗാനിസ്താൻ. ഈ വിലക്ക് യോഗ്യതയുള്ള വനിതാ അധ്യാപകരുടെ ദൗർലഭ്യത്തിന് കാരണമാവുമെന്ന് യുണെസ്കോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിന്നീട് നിയന്ത്രണങ്ങൾ തൊഴിൽ, സഞ്ചാര സ്വാതന്ത്ര്യം, പൊതുസ്ഥലങ്ങളിലെ പ്രവേശനം എന്നിവയിലേക്കും പടിപടിയായി വ്യാപിപ്പിച്ചു.
തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ, മോശമായ സൗകര്യങ്ങൾ, ഉയർന്ന കൊഴിഞ്ഞുപോക്ക് നിരക്ക് എന്നിവയാൽ ഇതിനകംതന്നെ ബുദ്ധിമുട്ടുന്ന സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണകൂടത്തെ അനുകൂലിക്കുന്നവർ പോലും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്താന് ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയ പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ ആവശ്യമുണ്ടെന്ന തരത്തിൽ ഭരണകൂടത്തിനോട് അടുത്ത് നിൽക്കുന്നവർതന്നെ ചൂണ്ടിക്കാണിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം താലിബാൻ അധികാരമേറ്റ ശേഷം സ്ത്രീകൾക്കെതിരെ നൂറിലധികം നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. സർവേയിൽ പങ്കെടുത്ത പത്തിൽ ഏഴ് സ്ത്രീകളും തങ്ങളുടെ മാനസികാരോഗ്യം മോശമാണെന്ന് വെളിപ്പെടുത്തി. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടിന് പുറത്തിറങ്ങുന്നതെന്ന് പകുതിയിലധികം പേരും വ്യക്തമാക്കി. പുരുഷന്മാർ കൂടെയില്ലാതെ പുറത്തിറങ്ങാൻ പോലും തങ്ങൾക്ക് ഭയമാണെന്ന് ഭൂരിഭാഗം സ്ത്രീകളും പറയുന്നു. 84% പുരുഷന്മാർ തൊഴിലെടുക്കുമ്പോൾ അഫ്ഗാൻ സ്ത്രീകളിൽ 7% പേർ മാത്രമാണ് ജോലി ചെയ്യുന്നത്.
താലിബാൻ ഭരണത്തിന് കീഴിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ നേരിടുന്ന തൊഴിലുകളിൽ ഒന്നായി മാധ്യമപ്രവർത്തനം മാറി. താലിബാൻ ഭരണത്തിൻ കീഴിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ലോകത്തിലെ ഏറ്റവും അപകടകരമായതും ബുദ്ധിമുട്ടേറിയതുമായ സ്ഥലങ്ങളിൽ ഒന്നായാണ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സ് (സി.പി.ജെ.) അഫ്ഗാനിസ്താനെ വിലയിരുത്തുന്നത്. 2024-ൽ താലിബാൻ തത്സമയ രാഷ്ട്രീയ ടെലിവിഷൻ സംപ്രേക്ഷണങ്ങൾ നിരോധിക്കുകയും താലിബാൻ നേതൃത്വത്തെ വിമർശിക്കുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തു. കൂടാതെ താലിബാൻ അനുവദിച്ച പട്ടികയിലുള്ളവരെ മാത്രമേ ചർച്ചകളിൽ പങ്കെടുപ്പിക്കാവൂ എന്ന കർശന നിർദ്ദേശവും മാധ്യമങ്ങൾക്കുണ്ട്.
അതേസമയം, ഭരണകൂടം സ്വന്തമായി ടെലിവിഷൻ, റേഡിയോ ചാനലുകളും പത്രങ്ങളും ആരംഭിച്ച് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. 2025 ആയപ്പോഴേക്കും താലിബാന്റെ നിയന്ത്രണത്തിൽ പ്രധാനപ്പെട്ട 15 ടെലിവിഷൻ, റേഡിയോ സ്റ്റേഷനുകൾ, പത്രങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവ പ്രവർത്തിക്കുന്നതായി സി.പി.ജെ. കണക്കാക്കുന്നു. 2021 മുതൽ നൂറുകണക്കിന് അഫ്ഗാൻ മാധ്യമപ്രവർത്തകർ നാടുകടത്തപ്പെട്ടതായി കരുതപ്പെടുന്നു. അഫ്ഗാനിസ്താന്റെ നീതിന്യായ വ്യവസ്ഥയെ താലിബാൻ പിന്നോട്ട് നടത്തിയിരിക്കുകയാണ്. പരസ്യമായി ചാട്ടയടി ഉൾപ്പെടെയുള്ള ശിക്ഷകളാണ് കുറ്റവാളികൾക്ക് നൽകുന്നത്.
യുദ്ധം അവസാനിച്ചു എന്നത് മാത്രമാണ് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഏക കാര്യം. യുദ്ധം അവസാനിച്ചതിലുള്ള ആശ്വാസമാണ് താലിബാനുള്ള ചില പിന്തുണയ്ക്ക് കാരണം. എന്നാൽ, സുരക്ഷിതത്വം എന്നാൽ സുസ്ഥിരതയാണെന്ന് ഇതിനർത്ഥമില്ല. ഐഎസ് പോലുള്ള ഭീകരസംഘടനകളുടെ ആക്രമണങ്ങളും അതിർത്തിയിലെ തർക്കങ്ങളും ഇന്നും തുടരുന്നു. തീവ്രവാദ ഗ്രൂപ്പുകളിൽനിന്നും അഫ്ഗാൻ അതിർത്തികളിലെ സംഘർഷങ്ങളിൽനിന്നും താലിബാൻ വെല്ലുവിളികൾ നേരിടുന്നുണ്ട്. സംഘർഷം അവസാനിക്കുകയല്ല ചെയ്തത്, മറിച്ച് അതിന്റെ രൂപം മാറുകയാണുണ്ടായത്. അതായത് ബഹുമുഖ യുദ്ധമെന്ന അവസ്ഥമാറി മിലിട്ടറി ആക്രമണങ്ങൾ, രാഷ്ട്രീയ അടിച്ചമർത്തൽ, അതിർത്തി സംഘർഷങ്ങൾ, കർശനമായി കേന്ദ്രീകരിച്ചുള്ള താലിബാൻ നിയന്ത്രണം എന്നിവയായി അത് മാറി.
ദാരിദ്ര്യവും പലായനവും ഇപ്പോഴും വ്യാപകമായി തുടരുന്നു. 2026 മെയ് മാസത്തിലെ ലോകബാങ്ക് വിലയിരുത്തൽ പ്രകാരം സമ്പദ്‌വ്യവസ്ഥ മിതമായ വളർച്ച മാത്രമാണ് കൈവരിക്കുന്നത്. മാത്രമല്ല, രാജ്യം കടുത്ത പട്ടിണിയിലാണ്. ഏകദേശം 1.4 കോടി ജനങ്ങൾ ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നാണ് ലോകബാങ്കിന്റെ കണക്ക്. എന്നാൽ, ചില കണക്കുകൾ പ്രകാരം സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കപ്പെട്ടിട്ടുമുണ്ട്. ജി.ഡി.പി. വളർച്ച ഏകദേശം 4.8 % ആണെന്ന് ലോകബാങ്ക് കണക്കാക്കുന്നു. പക്ഷേ, ആളോഹരി വരുമാനം കുറയുകയും പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്തു. രാജ്യം ഇപ്പോഴും ഇറക്കുമതിയെയാണ് കാര്യമായി ആശ്രയിക്കുന്നത്. വൈദ്യുതിക്ഷാമം, ബാങ്കിങ് സേവനങ്ങളുടെ ലഭ്യതക്കുറവ്, വലിയ തോതിലുള്ള അനൗദ്യോഗിക പണമിടപാടുകൾ, കുറഞ്ഞുവരുന്ന വിദേശ സഹായങ്ങൾ എന്നിവയാണ് കടലാസിലെ വളർച്ച മാത്രമാണെന്ന് വിളിച്ചുപറയുന്നു.
റഷ്യ മാത്രമാണ് താലിബാൻ ഭരണകൂടത്തെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ചൈനയും യുഎഇയും താലിബാൻ നിയമിച്ച അംബാസഡർമാരെ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. ഇന്ത്യയും താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാനുമായുള്ള സഹകരണം വർദ്ധിപ്പിച്ചിട്ടുണ്ട്. കാബൂളിലെ സാങ്കേതിക ദൗത്യം എംബസിയായി ഉയർത്തുകയും അഫ്ഗാനിലെ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷത്തെ ബജറ്റിൽ 150 കോടി രൂപ മാറ്റിവയ്ക്കുകയും ചെയ്തു. മുംബൈയിലെയും ഹൈദരാബാദിലെയും അഫ്ഗാൻ കോൺസുലേറ്റുകളിൽ താലിബാൻ പ്രതിനിധികളാണ് നിലവിലുള്ളത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള നിയന്ത്രണങ്ങൾ നീക്കുക, അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുക, ഭീകരവാദ ആശങ്കകൾ പരിഹരിക്കുക എന്നിവയെ ആശ്രയിച്ചായിരിക്കും അഫ്ഗാനിസ്താനിലെ സുസ്ഥിരതയെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വിഷയങ്ങളിൽ അർത്ഥവത്തായ മറുപടി നൽകാൻ താലിബാൻ ഇതുവരെ തയ്യാറായിട്ടില്ല.
Content Highlights: Five years after the Taliban's takeover of Kabul, Afghanistan continues to grapple with severe restrictions on women's rights and education, widespread poverty, suppression of media freedom, and deep humanitarian and economic challenges.
Published: 17 Aug 2026, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented