വാഷിങ്ടൺ: അമേരിക്കയിൽ ഡെൽറ്റ എയർലൈൻസിലെ സാങ്കേതിക തകരാറിനെ തുടർന്ന് വ്യോമഗതാഗതം താറുമാറായി. 3500-ഓളം വിമാനസർവീസുകളെ ബാധിച്ചതായാണ് വിവരം. ഡെൽറ്റ എയർലൈൻസിന്റെ (Delta Air Lines) ഓട്ടോമേറ്റഡ് വെയ്റ്റ്-ആൻഡ്-ബാലൻസ് (weight-and-balance) സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ഞായറാഴ്ച യുഎസിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വ്യോമഗതാഗതം തടസപ്പെട്ടത്. വിമാനസർവീസ് സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കുറഞ്ഞത് 3,500 വിമാനങ്ങളെങ്കിലും വൈകിയതായും അറ്റ്ലാന്റയിലേക്കുള്ള വിമാന സർവീസുകൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) താൽകാലികമായി നിർത്തിവെച്ചതായും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹാർട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ട്, ന്യൂയോർക്കിലെ ലാഗ്വാർഡിയ എയർപോർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെയെല്ലാം ഈ തകരാർ ബാധിച്ചിട്ടുണ്ട്.
എഫ്എഎ ഏർപ്പെടുത്തിയ 'ഗ്രൗണ്ട് സ്റ്റോപ്പ്' (Ground stop) ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. സിസ്റ്റം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും വിമാനങ്ങൾ വൈകുന്നത് തുടരുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഓട്ടോമേറ്റഡ് സിസ്റ്റം നന്നാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ, വിമാനങ്ങൾ സുരക്ഷിതമായി പുറപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങളുടെ ടീമുകൾ മാനുവൽ രീതികളെയാണ് ആശ്രയിക്കുന്നതെന്ന് ഡെൽറ്റ വ്യക്തമാക്കി.
'ഓട്ടോമേഷൻ സിസ്റ്റം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ, വിമാനങ്ങൾ സുരക്ഷിതമായി പുറപ്പെടുന്നതിനായി ഡെൽറ്റ ടീമുകൾ ഇന്ന് രാവിലെ മുതൽ മാനുവൽ രീതികൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.' ഫോക്സ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ ഡെൽറ്റ എയർലൈൻ അറിയിച്ചു. യാത്രക്കാരുടെ ക്ഷമയ്ക്കും ജീവനക്കാരുടെ പ്രൊഫഷണലിസത്തിനും അവർ നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ, യാത്രക്കാരോട് ക്ഷമാപണം നടത്തിയ ഡെൽറ്റ, തകരാറുണ്ടായ ദിവസം ആകെ 5,000 ഡെൽറ്റ, ഡെൽറ്റ കണക്ഷൻ വിമാനങ്ങളാണ് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫ്ളൈറ്റ് അവെയർ (FlightAware) റിപ്പോർട്ട് ചെയ്ത വൈകലുകളുടെയും റദ്ദാക്കലുകളുടെയും ഏകദേശം 70 ശതമാനവും ഓട്ടോമേഷൻ തകരാറുമായി ബന്ധപ്പെട്ടതാണെന്നും, ബാക്കിയുള്ള തടസ്സങ്ങൾ മോശം കാലാവസ്ഥയും ന്യൂയോർക്കിലെയും യുഎസ് നോർത്ത് ഈസ്റ്റിലെയും എയർ ട്രാഫിക് കൺട്രോൾ പ്രോഗ്രാമുകളും കാരണമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് ലഭ്യമായ അടുത്ത വിമാനങ്ങളിൽ റീബുക്കിങ് സൗകര്യം നൽകുന്നുണ്ടെന്നും ആവശ്യമായ സ്ഥലങ്ങളിൽ ഭക്ഷണവും ഹോട്ടൽ താമസവും നൽകുന്നുണ്ടെന്നും ഡെൽറ്റ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കപ്പെട്ടവരും ഇനി യാത്ര ചെയ്യാൻ താൽപര്യമില്ലാത്തവരുമായ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്നുമുണ്ട് (Refund).
മറ്റെല്ലാ വഴികളും അടഞ്ഞതിനുശേഷമുള്ള അവസാന മാർഗമെന്ന നിലയിലാണ് വിമാനങ്ങൾ റദ്ദാക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും, ഞായറാഴ്ചത്തെ ബാക്കിയുള്ള ഷെഡ്യൂൾ പൂർത്തിയാക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകിയതെന്നും എയർലൈൻ വ്യക്തമാക്കി. അതേസമയം, ഈ തടസ്സം ഡെൽറ്റ എയർലൈൻസിന് മാത്രമുള്ളതാണെന്നും തങ്ങളുടെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റങ്ങളുമായി ഇതിന് ബന്ധമില്ലെന്നും എഫ്എഎ (FAA) വ്യക്തമാക്കി.
'എയർലൈന്റെ വെയ്റ്റ്-ആൻഡ്-ബാലൻസ് ഓട്ടോമേഷൻ സിസ്റ്റത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡെൽറ്റ ശ്രമിച്ചുവരികയാണ്' - ഏറ്റവും പുതിയ വിവരങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാരോട് നിർദ്ദേശിച്ചുകൊണ്ട് ഏജൻസി വ്യക്തമാക്കി.
ഒരു വിമാനത്തിന് ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ്, അതിന്റെ മൊത്തം ഭാരവും സെന്റർ ഓഫ് ഗ്രാവിറ്റിയും (Centre of gravity) കർശനമായ സുരക്ഷാ പരിധികൾക്കുള്ളിലാണെന്ന് ക്രൂ ഉറപ്പാക്കേണ്ടതുണ്ട്. യാത്രക്കാർ, ലഗേജ്, ചരക്കുകൾ (Cargo) എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെ ആശ്രയിച്ചാണ് ഈ കണക്കുകൂട്ടലുകൾ നടത്തുന്നത്.
ഓട്ടോമേറ്റഡ് സിസ്റ്റം താൽക്കാലികമായി ലഭ്യമാകാതിരുന്നതിനാൽ, പുറപ്പെടുന്ന വിമാനങ്ങളുടെ വെയ്റ്റ്-ആൻഡ്-ബാലൻസ് കണക്കുകൾ മാനുവലായി കണക്കാക്കാൻ ഡെൽറ്റ ജീവനക്കാർ നിർബന്ധിതരായി. ഇതാണ് വിമാനങ്ങൾ വൈകുന്നതിന് കാരണമായത്. അറ്റ്ലാന്റയിലെ തങ്ങളുടെ പ്രധാന കേന്ദ്രത്തിൽ വിമാനങ്ങളുടെ നീക്കം നിയന്ത്രിക്കുന്നതിനും ഗേറ്റുകളിലും ടാർമാക്കിലും തിരക്ക് ഒഴിവാക്കുന്നതിനുമായി എയർ ട്രാഫിക് കൺട്രോളർമാരുമായി ചേർന്നാണ് എയർലൈൻ പ്രവർത്തിച്ചത്.
അതേസമയം, ഗ്രൗണ്ട് ഡിലേ (Ground delay) ഡെൽറ്റ വിമാനങ്ങൾക്ക് മാത്രമാണെന്നും വിമാനത്താവളത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും ഹാർട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. തങ്ങളുടെ ഓപ്പറേഷൻസ് ടീം മുഖേനയാണ് ഡെൽറ്റ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: A technical glitch in Delta Air Lines' automated weight-and-balance system caused significant disruptions in U.S. air travel, affecting over 3,500 flights and leading to temporary ground stops at major airports like Atlanta and New York's LaGuardia. Delta resorted to manual methods to ensure safe departures while working to restore the automated system, and offered rebooking, meals, and accommodations to affected passengers, along with refunds for canceled flights. The issue was specific to Delta and did not impact overall airport operations, with the airline prioritizing the completion of Sunday's schedule and collaborating with air traffic controllers to manage aircraft movements.
Published: 23 Nov 2026, 11:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented