
1949 ഓഗസ്റ്റ് 29-ന് ആദ്യത്തെ ആണവ പരീക്ഷണം, ഈ പരീക്ഷണം നടത്തുന്ന രണ്ടാമത്തെ രാജ്യം, ഇതുവരെയുള്ള കാലയളവില്‍ 715 ആണവ പരീക്ഷണങ്ങള്‍, ദി ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ് (എഫ്.എ.എസ്.) പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം കൈവശമുള്ളത് 5,977 ആണവായുധങ്ങള്‍, ലോകത്തിലെ ഏറ്റവും ശക്തമായ അണുവായുധ രാജ്യങ്ങളിലൊന്ന്... പറഞ്ഞുവരുന്നത് റഷ്യയുടെ കാര്യമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സോവിയറ്റ് ആണവായുധങ്ങളുടെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച റഷ്യ ഇതുവരെ ആണവ പരീക്ഷണം നടത്തിയിട്ടില്ല. എന്നാല്‍, റഷ്യ ഒരു ആണവായുധ പരീക്ഷണത്തിലേക്കാണോ നീങ്ങുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിന് കാരണമാകട്ടെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും അവരുടെ നേതാക്കളും അടുത്ത കാലത്തായി നടത്തിയ പ്രസ്താവനകളും. സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി (സി.ടി.ബി.ടി.)യില്‍നിന്ന് പിന്മാറുന്നതിനേക്കുറിച്ചുള്ള ആലോചനയിലാണ് റഷ്യ എന്ന് സൂചിപ്പിക്കുന്നതാണ് ആ പരാമര്‍ശങ്ങള്‍.
ആണവ പരീക്ഷണം പുനഃരാരംഭിക്കുന്നതിനുള്ള സാധ്യത പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ പറഞ്ഞതിന് പിന്നാലെയാണ് സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയുടെ (സി.ടി.ബി.ടി.) അംഗീകാരം പിന്‍വലിക്കുന്നതിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് റഷ്യ സൂചിപ്പിച്ചത്. റഷ്യയുടെ ഈ നീക്കം ആശങ്കപ്പെടുത്തുന്നതാണെന്നാണ് സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി ഓര്‍ഗനൈസേഷന്റെ തലവന്‍ ഇതിനോട് പ്രതികരിച്ചത്. സി.ടി.ബി.ടിയില്‍ ഒപ്പിട്ട ഒരു രാജ്യം അതിന്റെ അംഗീകാരം പുനഃപരിശോധിക്കുന്നത് ആശങ്കാജനകവും നിര്‍ഭാഗ്യകരവുമാണെന്നാണ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റോബര്‍ട്ട് ഫ്‌ലോയ്ഡ് പറഞ്ഞത്. പിന്നാലെ റഷ്യയുടെ നീക്കത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് അമേരിക്കയും രംഗത്തെത്തി. എന്താണ് സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി? ഇതില്‍നിന്നുള്ള റഷ്യയുടെ പിന്മാറ്റം ഏത് തരത്തില്‍ ബാധിക്കപ്പെടും? എന്തായിരിക്കും റഷ്യയെ ഇത്തരത്തിലൊരു നടപടിക്ക് ചിന്തിപ്പിച്ചത്? എന്തായിരിക്കും ഇതിന്റെ അനന്തരഫലം ?
Also Read
എന്താണ് ആണവ പരീക്ഷണ നിരോധന ഉടമ്പടി?
ലോകത്ത് കരയിലും വെള്ളത്തിനടിയിലും ഭൂഗര്‍ഭത്തിലുമടക്കം എല്ലായിടത്തും എല്ലാത്തരത്തിലുമുള്ള ആണവ പരീക്ഷണങ്ങളെ നിരോധിക്കുന്നതാണ് സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി (സി.ടി.ബി.ടി.). അന്താരാഷ്ട്ര തലത്തില്‍ ആണവായുധ നിയന്ത്രണത്തിന്റെയും നിരായുധീകരണത്തിന്റേയും അടിസ്ഥാനങ്ങളിലൊന്നാണ് സി.ടി.ബി.ടി. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പാണ് ആണവ പരീക്ഷണം. അണുവായുധങ്ങള്‍ ഇല്ലാത്ത രാജ്യങ്ങള്‍ പരീക്ഷണങ്ങളിലൂടെയാണ് അവ വികസിപ്പിക്കുകയോ നിലവിലെ ആണവായുധ ശേഖരം നവീകരിക്കുകയോ പുതിയതും കൂടുതല്‍ നൂതനവുമായ ആണവായുധങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നത്. ഇത് അവസാനിപ്പിക്കുന്നതിലൂടെ എല്ലാത്തരം ആണവായുധ വ്യാപനത്തെയും തടയാനാണ് സിടിബിടി ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ ആണവനിര്‍വ്യാപനത്തിന്റേയും നിരായുധീകരണത്തിന്റേയും മൂലക്കല്ലായ ആണവായുധ നിര്‍വ്യാപന കരാറുമായി (എന്‍.പി.ടി) സി.ടി.ബി.ടി. ബന്ധപ്പെട്ടുകിടക്കുന്നു.
കരാറിന് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതുവരെ വരെ 187 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിടുകയും 178 രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ഇസ്രായേല്‍, ഉത്തര കൊറിയ, പാകിസ്താന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ ഇതുവരെ കരാര്‍ അംഗീകരിച്ചിട്ടില്ല. ഇതില്‍ ഇന്ത്യ, ഉത്തര കൊറിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇതുവരെ കരാറില്‍ ഒപ്പുവെച്ചിട്ടില്ല. 1996-ല്‍ കരാര്‍ നിലവില്‍വന്നശേഷം 10 തവണ മാത്രമേ ലോകത്ത് ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളൂ. കഴിഞ്ഞ അഞ്ച് ദശകങ്ങളില്‍ 2,000-ലധികം പരീക്ഷണങ്ങള്‍ നടന്നിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഈ നൂറ്റാണ്ടില്‍ ഉത്തര കൊറിയ മാത്രമാണ് മാനദണ്ഡം ലംഘിച്ച് ആണവായുധങ്ങള്‍ പരീക്ഷിച്ചത്.

ആദ്യ പരീക്ഷണം 1945-ല്‍, മുന്നില്‍ അമേരിക്ക
1945 ജൂലായ് 16-ന് അമേരിക്കയാണ് ലോകത്ത് ആദ്യമായി വിജയകരമായ ആണവായുധ പരീക്ഷണം നടത്തിയത്. രണ്ടാം ലോകമഹായുദ്ധസമയത്ത്, ന്യൂ മെക്‌സിക്കോ മരുഭൂമിയിലാണ് ആദ്യത്തെ ആണവായുധ പരീക്ഷണം അവര്‍ നടത്തിയത്. ഒരു മാസത്തിനുള്ളില്‍, ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അവര്‍ രണ്ട് അണുബോംബുകള്‍ വര്‍ഷിച്ചു. ഒരു ലക്ഷത്തിലധികം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പതിനായരക്കണക്കിന് ആളുകള്‍ പരിക്കുകള്‍, റേഡിയേഷന്‍ മൂലമുള്ള രോഗങ്ങള്‍ എന്നിവ മൂലവും മരിച്ചു. ആദ്യത്തെ പരീക്ഷണം നടത്തി നാല് വര്‍ഷത്തിനുള്ളില്‍ ആറ് തുടര്‍ പരീക്ഷണങ്ങളാണ് അമേരിക്ക നടത്തിയത്. 1949 ഓഗസ്റ്റ് 29-ന് സോവിയറ്റ് യൂണിയന്‍ അവരുടെ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു. ആര്‍.ഡി.എസ് -1 എന്ന രഹസ്യനാമമുള്ള പരീക്ഷണം കസാഖസ്താനിലെ സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റിലാണ് നടത്തിയത്. ഈ പരീക്ഷണം രണ്ട് ലോകശക്തികള്‍ക്കിടയില്‍ ദശാബ്ദങ്ങള്‍ നീണ്ട ആയുധ മല്‍സരത്തിന് കാരണമായി. സോവിയറ്റ് യൂണിയന്‍ സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റില്‍ 456 ടെസ്റ്റുകള്‍ നടത്തി. 1991 ഓഗസ്റ്റ് 29-ന് കസാഖസ്താന്‍ സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റ് അടച്ചു.
| രാജ്യം | ആദ്യ പരീക്ഷണം | ആകെ പരീക്ഷണങ്ങള്‍ |
| അമേരിക്ക | 1945 | 1030 |
| റഷ്യ | 1949 | 715 |
| ബ്രിട്ടന്‍ | 1952 | 45 |
| ഫ്രാന്‍സ് | 1960 | 210 |
| ചൈന | 1964 | 45 |
| ഇന്ത്യ | 1974 | 3 |
| പാകിസ്താന്‍ | 1998 | 2 |
| ഉത്തര കൊറിയ | 2006 | 6 |
1952-ല്‍ ആണവപരീക്ഷണം നടത്തിക്കൊണ്ട് യു.കെയും ഈ പട്ടികയില്‍ ഇടംപിടിച്ചു. ഓസ്ട്രേലിയയിലെ മോണ്ടെ ബെല്ലോ ദ്വീപിലാണ് ബ്രിട്ടന്‍ ആദ്യമായി ആണവായുധം പരീക്ഷിച്ചത്. 1959 വരെയുള്ള കാലയളവിനുള്ളില്‍ 21 തവണയാണ് ബ്രിട്ടണ്‍ ആണവായുധ പരീക്ഷണം നടത്തിയത്. 1960-ല്‍ ഫ്രാന്‍സും 1964- ചൈനയും ആണവായുധങ്ങള്‍ പരീക്ഷിച്ചു. ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ കണക്കനുസരിച്ച്, 1945 മുതല്‍ കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ മൊത്തം 2,056 ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ പകുതിയും നടത്തിയത് അമേരിക്കയാണ്. 1945-നും 1992-നും ഇടയില്‍ 1,030 പരീക്ഷണങ്ങളാണ് അവര്‍ നടത്തിയത്. 1954-ല്‍, മാര്‍ഷല്‍ ദ്വീപുകളിലെ ബിക്കിനി അറ്റോളില്‍ യു.എസ്. അവരുടെ ഏറ്റവും വലിയ ആണവായുധ പരീക്ഷണം നടത്തി. കാസില്‍ ബ്രാവോ എന്നാണ് ഈ പരീക്ഷണത്തിന് രഹസ്യനാമം നല്‍കിയത്. 1949-നും 1990-നും ഇടയില്‍ 715 ആണവ പരീക്ഷണങ്ങള്‍ നടത്തിയ സോവിയറ്റ് യൂണിയനാണ് പട്ടികയില്‍ രണ്ടാമത്. ഫ്രാന്‍സ് 210 ആണവപരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ യുകെയും ചൈനയും 45 വീതം പരീക്ഷണങ്ങള്‍ നടത്തി. ഇന്ത്യ മൂന്ന് ആണവ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ പാകിസ്താന്‍ രണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തി. ഏറ്റവും ഒടുവില്‍ ആണവ പരീക്ഷണം നടത്തിയ രാജ്യം ഉത്തരകൊറിയയാണ്.
ആയുധശേഖരത്തില്‍ മുന്നില്‍ അമേരിക്കയും റഷ്യയും
ലോകത്ത് ഒമ്പത് രാജ്യങ്ങളുടെ പക്കലാണ് ആണവായുധങ്ങളുള്ളത്. ഈ രാജ്യങ്ങളിലായി ഏകദേശം 12,700 ആണവായുധങ്ങളാണുള്ളത്. എന്നാല്‍ ലോകത്തെ അണവായുധങ്ങളുടെ 90% റഷ്യയുടെയും യുഎസിന്റെയും കൈവശമാണ്. റഷ്യയുടെ ആണവായുധ ഭീഷണിയുണ്ടാക്കുന്ന ഭീതി ചില്ലറയല്ല. ആണവായുധം പ്രയോഗിക്കുന്ന അവസ്ഥയുണ്ടായാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ളത് റഷ്യയിലാണെന്നതാണ് ഭയത്തിന് കാരണം. ആണവ രാഷ്ട്രങ്ങളുടെ ആയുധ ശേഖരം ട്രാക്ക് ചെയ്യുന്ന സ്ഥാപനമായ ദി ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ് (എഫ്.എ.എസ്.) പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 5,977 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്. ഇതില്‍ 1,500 എണ്ണം കാലാവധി കഴിഞ്ഞതോ, നശിപ്പിക്കാന്‍ കാത്തിരിക്കുന്നതോ ആണ്. ശേഷിക്കുന്ന 4,477-ല്‍ 1,588 എണ്ണം (812 എണ്ണം ബാലിസ്റ്റിക് മിസൈലുകളില്‍, 576 അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളില്‍, 200 എണ്ണം ബോംബര്‍ ബേസുകളില്‍) പലതലത്തില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് എഫ്എഎസ് ചൂണ്ടിക്കാണിക്കുന്നത്. ബാക്കിയുള്ളവ കരുതല്‍ ശേഖരമാണ്.
5428 ആണവായുധങ്ങള്‍ അമേരിക്കയുടെ കൈവശമുണ്ടാകുമെന്നാണ് എഫ്എഎസ് വിലയിരുത്തുന്നത്. ഇതില്‍ 1800 എണ്ണം ബാലിസ്റ്റിക് മിസൈലുകളിലും മറ്റുമായി വിന്യസിച്ചിട്ടുണ്ടാകുമെന്ന് എഫ്എഎസ് പറയുന്നു. 2,000 എണ്ണം സംഭരണത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, കാലാവധി കഴിഞ്ഞ ഏകദേശം 1,720 എണ്ണം ഊര്‍ജ്ജ വകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നും അവ നശിപ്പിക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയ്ക്കും യുഎസിനും പിന്നില്‍ ഏറ്റവുമധികം ആണവായുധ ശേഖരമുള്ളത് ചൈനക്കാണ്. ഏകദേശം 350 ആണവ പോര്‍മുനകളാണ് ചൈനക്കുള്ളത്. എന്നാല്‍ ചൈന അതിവേഗം ആണവായുധ ശേഖരം വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2027-ഓടെ ചൈന ആണവായുധങ്ങളുടെ എണ്ണം 700 ആയും 2030-ഓടെ 1,000 ആയും വര്‍ധിപ്പിക്കുമെന്ന് പെന്റഗണിന്റെ 2021-ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പരസ്യ പ്രഖ്യാപനം നടത്താതെ ഇസ്രായേല്‍
ആണവായുധങ്ങളുടെ കാര്യത്തില്‍ യു.എസിനൊപ്പം ഏറ്റവും സുതാര്യമായ രാജ്യമായാണ് ഫ്രാന്‍സിനേയും കണക്കാക്കുന്നത്. 1991-1992 കാലഘട്ടത്തില്‍ ഏകദേശം 540 ആണവായുധങ്ങള്‍ ഫ്രാന്‍സിനുണ്ടായിരുന്നു. നിലവില്‍ ഏകദേശം 290 ആണവായുധങ്ങളുള്ള ഫ്രാന്‍സിന്റെ ശേഖരം കഴിഞ്ഞ ദശകത്തില്‍ നിശ്ചലമായിരുന്നു. നിലവിലെ 290 ആണവായുധങ്ങള്‍ എന്നത് ശീതയുദ്ധകാലത്തെ ഞങ്ങളുടെ പരമാവധി ആയുധങ്ങളുടെ പകുതിയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി 2008-ല്‍ പറഞ്ഞിരുന്നു. അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിലും എഎസ്എംപിഎ ഡെലിവറി സിസ്റ്റങ്ങളിലുമാണ് ഫ്രാന്‍സ് ആണവായുധങ്ങള്‍ വിന്യസിച്ചിരിക്കിന്നതെന്നാണ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദെ 2015-ല്‍ പറഞ്ഞത്. യു.കെയുടെ ആണവ ശേഖരത്തിന്റെ വലിപ്പം സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിരുന്നില്ലെങ്കിലും ഏകദേശം 225 ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 120 അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളില്‍ വിന്യസിക്കുന്നതിന് സജ്ജമാണ്. പൊതുവായി ലഭ്യമായ വിവരങ്ങള്‍, യുകെ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എഫ്.എ.എസ്. ഈ എണ്ണം കണക്കാക്കിയിരിക്കുന്നത്.
പാകിസ്താനും ഇന്ത്യയുമാണ് ആണവായുധങ്ങളുടെ കാര്യത്തില്‍ അടുത്ത സ്ഥാനങ്ങളിലുള്ളത്. പാകിസ്ഥാന്‍ ആണവ ശേഖരത്തില്‍ ഇന്ത്യയേക്കാള്‍ അല്പം മുന്നിലാണെന്നാണ് അനുമാനം. പാക്‌സ്താന്റെ പക്കല്‍ 165 പോര്‍മുനകളുടെ ശേഖരമുണ്ടെന്നാണ് എഫ്.എ.എസ്. പുറത്തുവിട്ടത്. 2025-ഓടെ അവരുടെ ശേഖരം ഏകദേശം ഇരുനൂറായി വളരുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും അവരുടെ ആയുധങ്ങളുടെ ശേഷിയില്‍ എഫ്.എ.എസ്. സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ എഫ്.എ.എസിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയ്ക്ക് 160 ആണവ പോര്‍മുനകളുണ്ട്. എഫ്.എ.എസിന്റെ കണക്കനുസരിച്ച്, ഇന്ത്യ 150 മുതല്‍ 200 വരെ ആണവായുധള്‍ക്ക് ആവശ്യമായ സൈനിക പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പക്ഷേ അത്രയും ആണവായുധങ്ങള്‍ ഇന്ത്യ ഉത്പാദിപ്പിച്ചിട്ടില്ലെന്ന് എഫ്.എ.എസ്. കണക്കുകൂട്ടുന്നു.
മറ്റൊരു ആണവായുധ രാഷ്ട്രമായ ഇസ്രായേല്‍ ഒരിക്കലും ആണവശേഷി പരീക്ഷിക്കുകയോ പരസ്യമായി പ്രഖ്യാപിക്കുകയോ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അവരുടെ ആണവ ശേഖരത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും 75 മുതല്‍ 400 വരെ ആണവായുധങ്ങള്‍ അവരുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഏറ്റവും വിശ്വസനീയമായ കണക്ക് നൂറില്‍ താഴെ എന്നതാണ്. 90 ആണവായുധങ്ങള്‍ അവര്‍ക്കുണ്ടെന്നാണ് എഫ്.എ.എസ്. അഭിപ്രായപ്പെടുന്നത്. ആണവായുധ ശേഖരം വികസിപ്പിക്കുന്നതില്‍ വന്‍ പുരോഗതി കൈവരിച്ച മറ്റൊരു രാജ്യം ഉത്തര കൊറിയയാണ്. ഉത്തരകൊറിയ ഇതുവരെ ആറ് ആണവപരീക്ഷണങ്ങള്‍ നടത്തുകയും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 40 മുതല്‍ 50 വരെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ ഉത്തരകൊറിയ ഉല്‍പ്പാദിപ്പിച്ചിരിക്കാമെന്നും ഇതുവഴി 10 മുതല്‍ 20 വരെ ആയുധങ്ങള്‍ നിര്‍മിച്ചേക്കാമെന്നുമാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലില്‍ വിന്യസിക്കാവുന്ന പൂര്‍ണ പ്രവര്‍ത്തന സജ്ജമായ ആണവായുധം വികസിപ്പിക്കാന്‍ ഉത്തര കൊറിയക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ എഫ്.എ.എസ്. സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ആണവ പരീക്ഷണ നിരോധന ഉടമ്പടി രൂപം കൊള്ളുന്നു
1945-ല്‍ അമേരിക്കയും പിന്നാലെ മറ്റ് രാജ്യങ്ങളും ആണവ പരീക്ഷണങ്ങള്‍ നടത്തിയതോടെ ഇതില്‍ നിന്നുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ലോകമെമ്പാടുമുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ആണവ പരീക്ഷണങ്ങള്‍ മനുഷ്യന്റെ ആരോഗ്യസ്ഥിതിയിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തല്‍ഫലമായി ഇത്തരം പരീക്ഷണങ്ങള്‍ തടയാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഒരുആണവ-പരീക്ഷണ നിരോധന ഉടമ്പടിയിലേക്ക് ലോകരാജ്യങ്ങള്‍ എത്തുന്നത്. 1963-ലെ ലിമിറ്റഡ് ആണവ പരീക്ഷണ നിരോധന ഉടമ്പടി (എല്‍.ടി.ബി.ടി) ഇതിന്റെ തുടക്ക ആദ്യ ശ്രമങ്ങളില്‍ ഒന്നാണ്. അന്തരീക്ഷത്തിലും ബഹിരാകാശത്തും വെള്ളത്തിനടിയിലും ആണവപരീക്ഷണങ്ങള്‍ നടത്തുന്നത് അത് നിരോധിച്ചിരുന്നുവെങ്കിലും ഭൂഗര്‍ഭ പരീക്ഷണങ്ങള്‍ അപ്പോഴും അനുവദിച്ചിരുന്നു. എല്‍.ടി.ബി.ടിയുടെ പരിമിതികള്‍ പരിഹരിക്കുന്നതിനായി 1968-ലെ ആണവനിര്‍വ്യാപന ഉടമ്പടിയുടെ ചര്‍ച്ചയില്‍ സമഗ്രമായ ഒരു പരീക്ഷണ നിരോധനം ചര്‍ച്ച ചെയ്യപ്പെട്ടു. എന്നിരുന്നാലും, ഈ വിഷയത്തില്‍ കരാറില്‍ എത്തിയിരുന്നില്ല.

ആറ് വര്‍ഷത്തിന് ശേഷം യു.എസും സോവിയറ്റ് യൂണിയനും ത്രെഷോള്‍ഡ് ടെസ്റ്റ് നിരോധന ഉടമ്പടിയില്‍ (ടി.ടി.ബി.ടി.) ഒപ്പുവെക്കാന്‍ സമ്മതിച്ചു. പ്രാരംഭ നടപടിയെന്ന നിലയില്‍ നിശ്ചിത പരിധിക്ക് മുകളിലുള്ള പരീക്ഷണങ്ങള്‍ നിരോധിക്കുന്നതായിരുന്നു ഈ ഉടമ്പടി. ഉടമ്പടിക്ക് ശേഷം ഇരുരാജ്യങ്ങളും കൈക്കൊണ്ട പരസ്പര നിയന്ത്രണം വലിയ നേട്ടമായി. പൂര്‍ണ നിരോധനം ഉണ്ടിയില്ലെങ്കിലും പരീക്ഷണങ്ങള്‍ കുറഞ്ഞു. 1990-ഓടെ ശീതയുദ്ധം അവസാനിച്ച് സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് ശേഷമാണ് ഒരു പ്രധാന വഴിത്തിരിവ് ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വൈരത്തിന് കുറവ് സംഭവിച്ചതോടെ പിരിമുറുക്കങ്ങള്‍ കുറഞ്ഞു. ഈ സാഹചര്യം ഐക്യരാഷ്ട്ര സംഘടന മുതലെടുക്കുകയും 1996 സെപ്റ്റംബര്‍ 10-ന് ആണവ പരീക്ഷണം നിരോധിച്ചുകൊണ്ട് സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി കൊണ്ടുവന്നു. സി.ടി.ബി.ടി.ക്ക് ശേഷം 10 ആണവ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. 1998-ല്‍ ഇന്ത്യയും പാകിസ്താനും രണ്ട് വീതം പരീക്ഷണങ്ങള്‍ നടത്തി. 2006, 2009, 2013, 2016 (രണ്ട് തവണ), 2017 എന്നീ വര്‍ഷങ്ങളില്‍ ഉത്തരകൊറിയയും പരീക്ഷണങ്ങള്‍ നടത്തിയതായി യു.എന്‍. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1992-ല്‍ അമേരിക്കയും 1996-ല്‍ ചൈനയും ഫ്രാന്‍സും 1990-ല്‍ സോവിയറ്റ് യൂണിയനും അവസാനമായി പരീക്ഷിച്ചു. സോവിയറ്റ് ആണവായുധങ്ങളുടെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച റഷ്യ ഇതുവരെ ആണവ പരീക്ഷണം നടത്തിയിട്ടില്ല.
എന്തുകൊണ്ട് റഷ്യ കരാറില്‍നിന്ന് പിന്മാറുന്നു?
ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിച്ച് ആയിരക്കണക്കിന് ആണവ പരീക്ഷണങ്ങളാണ് നടത്തിയത്. 1990-ലാണ് സോവിയറ്റ് യൂണിയന്‍ അവസാനമായി ആണവായുധം പരീക്ഷിച്ചത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം റഷ്യയ്ക്കാണ് ആണവായുധങ്ങള്‍ ലഭിച്ചത്. 1992-ല്‍ അമേരിക്കയും ആണവപരീക്ഷണങ്ങള്‍ നിര്‍ത്തി. 997-ലെ സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി പ്രകാരം എല്ലാ അംഗങ്ങളും ആണവായുധ പരീക്ഷണസ്‌ഫോടനമോ മറ്റേതെങ്കിലും ആണവ സ്‌ഫോടനമോ നടത്താതിരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. സിടിബിടിയില്‍ ഒപ്പുവെച്ചെങ്കിലും അത് അംഗീകരിക്കാത്ത രാജ്യങ്ങളിലൊന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്. എന്നാല്‍, റഷ്യയുടെ കാര്യം അങ്ങനെയല്ല. കരാര്‍ പൂര്‍ണമായി റഷ്യ അംഗീകരിക്കുന്നുണ്ട്. ആണവ പരീക്ഷണത്തിലേക്ക് റഷ്യ തിരിച്ചുവരുമെന്ന ആശങ്ക കുറച്ചുനാളായി ലോകരാജ്യങ്ങള്‍ക്കിടയിലുണ്ട്. 2023 ഫെബ്രുവരിയില്‍ ആണവ പരീക്ഷണത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ റഷ്യയും പരീക്ഷണത്തിലേക്ക് മടങ്ങാന്‍ തയ്യാറാകണമെന്ന് പുതിന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിനുശേഷം യു.എസ്. ആണവായുധം പരീക്ഷിച്ചില്ലെങ്കില്‍, ഞങ്ങളും പരീക്ഷിക്കില്ല എന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് പറഞ്ഞിരുന്നു.
സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി ഉപേക്ഷിച്ച് റഷ്യ ആണവപരീക്ഷണത്തിലേക്ക് നീങ്ങിയേക്കാം എന്ന അനുമാനത്തിന് സാങ്കേതികവും രാഷ്ട്രീയ കാരണങ്ങളുണ്ട്. ഒന്ന് ആണവായുധങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ അവയുടെ നവീകരണം റഷ്യ ആഗ്രഹിക്കുന്നുണ്ട് എന്നതാണ്. റഷ്യയ്ക്ക് അവരുടെ നിലവിലുള്ള ആയുധശേഖരത്തേക്കുറിച്ച് ആശങ്കയുണ്ടെന്നാണ് ഈ രംഗത്തുനിന്നുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തന്നെ പുതിയ ആയുധ രൂപകല്പനകള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍ അത് പരീക്ഷിക്കേണ്ടിവരും. ഇതിന് കരാര്‍ തടസമാകും. മറ്റൊന്ന് യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ശക്തിപ്രകടനമാണ്. യുക്രൈന്‍ യുദ്ധത്തില്‍ വിജയിക്കാനും എതിരാളികള്‍ക്ക് ശക്തമായ സന്ദേശം നല്‍കാനും അന്താരാഷ്ട്ര ആണവ ഉടമ്പടികളും മാനദണ്ഡങ്ങളും ഉപേക്ഷിക്കാന്‍ ഈ ഘട്ടത്തില്‍ റഷ്യ ശ്രമിക്കുമോ എന്നത് ചോദ്യമാണ്. പക്ഷേ, പാശ്ചാത്യ ഇടപെടലിനെ തടയാന്‍ റഷ്യ പരോക്ഷമായ ആണവ ഭീഷണി ഉയര്‍ത്തിയിരുന്നു. കരിങ്കടല്‍ ഉടമ്പടിയില്‍നിന്ന് പിന്മാറിയത് പോലെ സി.ടി.ബി.ടിയില്‍നിന്ന് റഷ്യ ഔപചാരികമായി പിന്മാറുമോ അതോ പകരം പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തുകയാണോ എന്നത് ഈ ഘട്ടത്തില്‍ വ്യക്തമല്ല. രാജ്യത്തിന്റെ രാഷ്ട്രീയ തീരുമാനത്തെ ആശ്രയിച്ചായിരിക്കും അതുണ്ടാകുക. എന്നാല്‍ കരാര്‍ അമേരിക്ക അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയും അതിന്റെ ഭാഗമാകേണ്ടതില്ല എന്ന ചിന്തയുടെ പുറത്താണ് പിന്മാറ്റമെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
Content Highlights: Comprehensive Nuclear Test Ban Treaty nuclear weapons Vladimir Putin
Published: 13 Oct 2023, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented