ഒക്ടോബര്‍ ഒന്ന്, ഹാങ്ചൗവിലെ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം നടക്കുകയാണ്. നാലാം ട്രാക്കില്‍ ആതിഥേയരായ ചൈനയുടെ സുവര്‍ണ പ്രതീക്ഷയായ യാന്നി വൂ ( Yanni Wu) മത്സരിക്കുന്നു. അഞ്ചാം ട്രാക്കില്‍ ഇന്ത്യന്‍ താരം ജ്യോതി യരാജിയും ആറാം ട്രാക്കില്‍ ചൈനയുടെ തന്നെ ലിന്‍ യുവേ (Lin Yuwei)യും. സ്റ്റാര്‍ട്ടറുടെ വെടിയൊച്ചയ്ക്കായി കാത്തുനിന്ന താരങ്ങളേയും നിറഞ്ഞുകവിഞ്ഞ ഗ്യാലറിയേയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ നിന്ന് യാന്നി വൂ മുന്നോട്ടു കുതിച്ചു. പിന്നാലെ മറ്റ് താരങ്ങളും. അതൊരു ഫൗള്‍ സ്റ്റാര്‍ട്ടായിരുന്നു. എങ്കിലും യാന്നി വൂവിനെ മാത്രമായിരുന്നില്ല മത്സരം നിയന്ത്രിച്ച ഒഫീഷ്യല്‍ റെഡ് കാര്‍ഡ് കാണിച്ചത്. തൊട്ടടുത്ത ലൈനില്‍ നിന്ന് ജ്യോതി യരാജിക്ക് നേരെയും റെഡ് കാര്‍ഡ് പുറത്തെടുത്തു. തീരുമാനത്തിനെതിരേ ജ്യോതി പ്രതിഷേധിച്ചു. പിന്നാലെ യാന്നിയും ഒഫീഷ്യല്‍സുമായി തര്‍ക്കിച്ചു. ഒടുവില്‍ രണ്ട് പേരെയും മത്സരത്തില്‍ തുടരാന്‍ അധികൃതര്‍ സമ്മതിച്ചു. 

To advertise here,

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നടന്ന മത്സരത്തില്‍ ലിന്‍ യുവേ ഒന്നാമതായി ഫിനിഷ് ചെയ്തു. യാന്നി രണ്ടാമതും ജ്യോതി മൂന്നാമതും. ഫിനിഷിങ് ലൈന്‍ തൊട്ട യാന്നി ഔഗ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ ആഹ്‌ളാദപ്രകടനം ആരംഭിച്ചു. ചൈനീസ് ദേശീയ പതാക പുതച്ച് ലിന്‍ യുവേയ്ക്ക് ഒപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അതേസമയം ട്രാക്കില്‍ അക്ഷമയായി കാത്തുനില്‍ക്കുകയായിരുന്നു ജ്യോതി. മത്സരത്തിന് ശേഷം ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കിയതോടെ ഫൗള്‍ സ്റ്റാര്‍ട്ടിന്റെ പേരില്‍ യാന്നി വൂ അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടു. മൂന്നാമത് എത്തിയ ജ്യോതിക്ക് വെള്ളി മെഡല്‍ ലഭിച്ചു. ചൈനീസ് സമൂഹമാധ്യമങ്ങളില്‍ പക്ഷേ യാന്നിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അയോഗ്യത മനസിലാക്കിയിട്ടും മത്സരത്തില്‍ തുടരാന്‍ വാശിപിടിച്ച യാന്നിയുടെ നടപടി ചൈനയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനം വരും മുന്നേ ചൈനീസ് ദേശീയ പതാകയുമായി ആഹ്‌ളാദ പ്രകടനം നടത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കി.

പിന്നാലെ മത്സരത്തിന് ശേഷം യാന്നിയും ലിന്‍ വോയും പരസ്പരം ആശ്ലേഷിക്കുന്ന ചിത്രങ്ങള്‍ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. യാന്നിയുടെ ഫൗള്‍ സ്റ്റാര്‍ട്ട് വിവാദമോ ആഹ്‌ളാദ പ്രകടനമോ ഒന്നുമായിരുന്നില്ല അതിന് കാരണം. താരങ്ങള്‍ ജേഴ്‌സിയില്‍ ധരിച്ച 6/4 എന്നീ ട്രാക്ക് നമ്പറായിരുന്നു അതിന് പിന്നില്‍. പക്ഷേ എന്തുകൊണ്ട് ? ചൈനയില്‍ 6/4 എന്തുകൊണ്ടാണ് ഇത്രയും വിവാദ വിഷയമാകുന്നത് ? എന്തുകൊണ്ടാണ് ചൈന ഈ സംഖ്യകളെ ഭയക്കുന്നത്? 

placeholder
ഏഷ്യല്‍ ഗെയിംസില്‍ വനിതകളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തിനിടെ യാന്നി വുവും ലിന്‍ യുവേയും | Photo: WILLIAM WEST / AFP

ചൈനയില്‍ 6/4 അര്‍ഥമാക്കുന്നതെന്ത്?

ചൈനീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ ടിയാനന്‍മെന്‍ സ്ക്വയര്‍ (Tiananmen Square) സംഭവത്തിന്റെ ചുരുക്കെഴുത്താണ് 6/4. ചൈനയില്‍ ജനാധിപത്യം കൊണ്ടുവരണമെന്ന ആവശ്യവുമായി 1989 ഏപ്രില്‍ 15-നും ജൂണ്‍ നാലിനുമിടയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും അതിനോടനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ കൂട്ടക്കൊലയുമാണ് ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവം. 6/4 എന്നതിന് പുറമേ ജൂണ്‍ ഫോര്‍ത്ത് ഇന്‍സിഡന്റ് എന്നും ഇത് അറിയപ്പെടുന്നു. രാജ്യത്ത് ജനാധിപത്യം കൊണ്ടുവരണമെന്ന ചിന്തയുമായി 1989 മേയില്‍ പത്ത് ലക്ഷത്തോളം ചൈനക്കാര്‍ തലസ്ഥാനമായ ബെയ്ജിങ്ങിലെ ടിയാനെന്‍മെന്‍ ചത്വരത്തില്‍ ഒത്തുകൂടി. ജനാധിപത്യ അവകാശങ്ങളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ രാജിയും അവശ്യപ്പെട്ടായിരുന്നു ഒത്തുകൂടല്‍.

മൂന്നാഴ്ച പിന്നിട്ടപ്പോഴേയ്ക്കും പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടി. അതോടെ പ്രക്ഷോഭകാരികളെ നേരിടാന്‍ ഭരണകൂടം പട്ടാളത്തെയിറക്കി. ജൂണ്‍ നാലിന് പുലര്‍ച്ചെ 50 സൈനിക ട്രക്കുകളും പതിനായിരക്കണക്കിന് പട്ടാളക്കാരും പ്രക്ഷോഭകരെ നേരിട്ടു. ടിയാനെന്‍മെന്‍ സ്ക്വയറില്‍ ഒത്തുകൂടിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് നേരെ കമ്മ്യൂണിസ്റ്റ് പട്ടാളത്തിന്റെ ടാങ്കുകള്‍ വെടിയുണ്ടകള്‍ വര്‍ഷിച്ചു. വെടിവെപ്പില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് വര്‍ഷങ്ങളായി ചൈന മൗനം തുടരുകയാണ്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

placeholder
ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 2004 ജൂണ്‍ 4-ന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസില്‍ നടന്ന പ്രകടനത്തിന്റെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ക്ക് മുന്നില്‍ മെഴുകിതിരിയുമായി ആളുകള്‍ | Photo : David McNew/Getty Images

പ്രതിഷേധങ്ങള്‍ക്ക് വിത്ത് പാകിയ അസംതൃപ്തി

എണ്‍പതുകള്‍ക്ക് ശേഷം ചൈനീസ് യുവത്വത്തിനിടയില്‍ പടര്‍ന്ന അസംതൃപ്തിയാണ് ടിയാനന്‍മെന്‍ സ്ക്വയര്‍ പ്രതിഷേധത്തിലേയ്ക്ക് വഴിവെച്ചത്. 1980-കളില്‍ ചൈന വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി.) രാജ്യത്ത് വലിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടു. സ്വകാര്യ കമ്പനികളെയും വിദേശ നിക്ഷേപങ്ങളെയും അനുവദിക്കാന്‍ തുടങ്ങി. 'ചൈനീസ് സ്വഭാവങ്ങളുള്ള സോഷ്യലിസം' എന്നാണ് സി.സി.പി. അതിനെ വിശേഷിപ്പിച്ചത്. 1980-കളിലെ സാമ്പത്തിക കുതിച്ചുചാട്ടമായിരുന്നു പിന്നീടുണ്ടായത്. നിര്‍ബന്ധിത കുടിയേറ്റം, മതപരമായ പീഡനം, ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ റേഷനിങ്, മനഃപൂര്‍വമായ അക്രമം എന്നിങ്ങനെ വിവരണാതീതമായ പ്രയാസങ്ങളിലൂടെയാണ് അതിന് മുമ്പ് ചൈനീസ് ജനത ജീവിച്ചത്. പക്ഷേ, എണ്‍പതുകള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ജീവിത നിലവാരം അതിവേഗം മെച്ചപ്പെട്ടു. ജോലി ചെയ്യാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായി. ജനങ്ങളില്‍ പ്രതീക്ഷ നിറഞ്ഞു.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ചൈനീസ് സമൂഹത്തില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്ക് അതേപോലുള്ള വേഗമുണ്ടായിരുന്നില്ല. സമ്പദ് വ്യവസ്ഥ തുറന്നിട്ടത് പോലെ സമൂഹിക-രാഷ്ട്രീയ രംഗത്തും ഒരു തുറന്നിടല്‍ ജനങ്ങളില്‍ ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നു. ഈ വിഷയത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഒരുഘട്ടത്തില്‍ ഭിന്നതയുണ്ടായിരുന്നു. പുരോഗമന വിഭാഗം പാര്‍ട്ടിയില്‍ കൂടുതല്‍ ജനാധിപത്യം പ്രതീക്ഷിച്ചപ്പോള്‍ കടുത്ത ഭരണകൂട നിയന്ത്രണം തുടരണമെന്നാണ് മറ്റൊരു വിഭാഗം ആഗ്രഹിച്ചത്. ഇത് പാര്‍ട്ടിക്കുള്ളിലും പ്രതിസന്ധി സൃഷ്ടിച്ചു. ഈ സമയം ചൈനീസ് സമ്പദ്  വ്യവസ്ഥ അഴിമതിയുടെയും ഗൂഢാലോചനയുടെയും വിളനിലമായിരുന്നു. സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ക്ക് ഇതുവഴി വലിയ സാമ്പത്തിക നേട്ടമുണ്ടായി. പരിഷ്‌കാരങ്ങള്‍ക്കു ശേഷമുള്ള മാറ്റം അമ്പരപ്പിക്കുന്നതായിരുന്നുവെങ്കിലും ഒരുഭാഗത്ത് അസംതൃപ്തിയും വര്‍ദ്ധിച്ചുവന്നു. 

1980-കളുടെ മധ്യത്തോടെ രാജ്യത്ത് പലയിടത്തും പ്രതിഷേധസ്വരം ഉയര്‍ന്നു തുടങ്ങി. സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങളിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഒരു വിഭാഗം കടുത്ത നിരാശരായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും സെന്‍സര്‍ഷിപ്പ് നീക്കം ചെയ്യാനും ചൈനീസ് രാഷ്ട്രീയത്തിന്റെ മൊത്തത്തിലുള്ള ജനാധിപത്യവല്‍ക്കരണത്തിനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ദ്രുതഗതിയിലുള്ള മാറ്റം ആവശ്യപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങള്‍ പലപ്പോഴും  വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തിലായിരുന്നു. വിദേശത്ത് പഠിക്കാന്‍ പോയ ആദ്യ തലമുറയിലെ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യം, ഭരണം, സമൂഹം എന്നിവയെക്കുറിച്ചുള്ള പുതിയ ആശയങ്ങളുമായാണ് മടങ്ങി എത്തിയത്. അവര്‍ ചൈനയില്‍ മാറ്റത്തിനായി ആഗ്രഹിക്കുകയും മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതോടെ കോളേജ് കാമ്പസുകള്‍ വിമത പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി.

placeholder
ഹു യോബാങ്ങ് | Photo : Keystone/Hulton Archive/Getty Images

ഹുവിന്റെ മരണത്തിന് പിന്നാലെ ആളിക്കത്തിയ പ്രതിഷേധം

1989-ലെ വസന്തകാലത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ വളര്‍ന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ഹു യോബാങ്ങി (Hu Yaobang)ന്റെ മരണമായിരുന്നു പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ഹു ഒരു ജനപ്രിയ നേതാവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ലിബറല്‍ അഭിപ്രായങ്ങള്‍ക്ക് പേരുകേട്ട അദ്ദേഹം 1980-കളില്‍ ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രധാന പങ്കാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രം, മനുഷ്യാവകാശങ്ങള്‍, ചൈനയുടെ ഏകകക്ഷി സമ്പ്രദായം എന്നിവയിലെ പ്രശ്നങ്ങളെക്കുറിച്ച് ഹു സ്ഥിരമായി സംസാരിച്ചിരുന്നു. 1980-കളുടെ മധ്യത്തില്‍ പ്രതിഷേധങ്ങള്‍ വളര്‍ന്നപ്പോള്‍ പാര്‍ട്ടിയിലെ കടുത്ത നിലപാടുകാര്‍ ഹുവിന്റെ 'ബൂര്‍ഷ്വാ ലിബറലിസത്തെ' കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ യാഥാസ്ഥിതികരെ സംബന്ധിച്ച് ഹു അവര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. 

ചൈനയിലെ രാഷ്ട്രീയ പരിഷ്‌കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് തുറന്ന് പറഞ്ഞ മൂന്ന് യുവ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ 1987-ല്‍ അദ്ദേഹം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. രാജി അദ്ദേഹത്തിന് പ്രതിഷേധക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇടയില്‍ കൂടുതല്‍ ജനകീയത നല്‍കി. പാര്‍ട്ടിയില്‍ നിന്നുള്ള തിരിച്ചടികള്‍ക്കിടയിലും നിലപാടുകളില്‍ ഉറച്ചുനിന്ന ഹുവിന് പ്രതിഷേധക്കാര്‍ക്കിടയില്‍ ഒരു നേതാവിന്റെ പരിവേഷമാണുണ്ടായിരുന്നത്. 89-ലെ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം പ്രതിഷേധക്കാരെ ആകെ ഉലച്ചുകളഞ്ഞു. അവര്‍ ഹുവിനെ വാഴ്ത്തുകയും അദ്ദേഹത്തിന്റെ മരണത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഹുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പ്രതിഷേധക്കാരുടെ ചെറുസംഘങ്ങള്‍ ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ സ്‌ക്വയറിലെ പീപ്പിള്‍സ് ഹീറോസ് സ്മാരകത്തില്‍ സ്വാഭാവികമായി ഒത്തുകൂടാന്‍ തുടങ്ങി. ഏപ്രില്‍ 17-ന്, പീക്കിംഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 3000 ഓളം വിദ്യാര്‍ഥികള്‍ ടിയാനന്‍മെന്‍ സ്‌ക്വയറിലേക്ക് മാര്‍ച്ച് നടത്തി. ഏപ്രില്‍ 22-ന് ഹുവിന്റെ ശവസംസ്‌കാര ദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ അവഗണിച്ച് ഒരു ലക്ഷത്തിലധികം ആളുകള്‍ സ്‌ക്വയറില്‍ തടിച്ചുകൂടി.

മേയ് രണ്ടാമത്തെ ആഴ്ചയോടെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പ്രതിഷേധം രൂക്ഷമായി. സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ചൈന സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് മേയ് 13-ന് വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. ഗോര്‍ബച്ചേവിന്റെ സ്വാഗതച്ചടങ്ങ് സ്‌ക്വയറില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഈ ഘട്ടത്തില്‍ വിദ്യാര്‍ഥി നേതാക്കള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നിരാഹാര സമരം ഉപയോഗിക്കുകയായിരുന്നു. മേയ് 13-ന് ഉച്ചയോടെ, ഏകദേശം മൂന്ന് ലക്ഷം പേര്‍ സ്‌ക്വയറില്‍ ഒത്തുകൂടി. ചൈനയുടെ നാനാഭാഗത്തുനിന്നും ബെയ്ജിങ്ങിലേക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തി. മേയ് 17, 18 തീയതികളില്‍ പാര്‍ട്ടിയുടെ താഴേത്തട്ടില്‍ നിന്നുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പത്ത് ലക്ഷത്തോളം പേര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. അപ്പോഴേക്കും ലോകശ്രദ്ധ ടിയാനന്‍മെന്‍ സ്‌ക്വയറിലെ സംഭവങ്ങളിലേക്ക് തിരിഞ്ഞിരുന്നു. ഒപ്പം ചൈനയിലെ മറ്റിടങ്ങളിലും പ്രതിഷേധം പടര്‍ന്നു. ഷാങ്ഹായ്, വുഹാന്‍, ചാങ്ഷ, സിയാന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു. രാജ്യത്തുടനീളം സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി.

placeholder
ടിയാനന്‍മെന്‍ സ്ക്വയര്‍ (ഫയല്‍ ചിത്രം) | Photo : Getty Images/Getty Images

പ്രതിഷേധം അടിച്ചമര്‍ത്തി ചൈന

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുരോഗമനവാദികളായ ഷാവോ സിയാങ്ങിനെപ്പോലുള്ളവര്‍ തുടക്കത്തില്‍ പ്രതിഷേധക്കാരോട് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ തീവ്രനിലപാട് സ്വീകരിക്കണമെന്നതായിരുന്നു ഒരു പക്ഷത്തിന്റെ ആവശ്യം. രാജ്യം വലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ അധികാരത്തിന് ഭീഷണി നേരിടുന്നുവെന്ന് മനസ്സിലാക്കി. മേയ് 20-ന്, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ (പി.എല്‍.എ.) 250,000 സൈനികരെ  ബെയ്ജിങ്ങിലേക്ക് അയച്ചുകൊണ്ട് പട്ടാള നിയമം പ്രഖ്യാപിച്ചു. വിമതരുടെ മേല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും സെന്‍സര്‍ഷിപ്പ് ശക്തമാക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെ പ്രതിഷേധക്കാരും പ്രതിസന്ധിയിലായി. ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂടുതല്‍ കലുഷിതമായി. ഇതിനിടെ പ്രതിഷേധക്കാര്‍ക്കിടയിലും ഭിന്നതകള്‍ വര്‍ദ്ധിച്ചു. ചത്വരത്തില്‍ ആഴ്ചകള്‍ നീണ്ട സമരത്തോടെ പ്രതിഷേധക്കാരില്‍ പലരും തളര്‍ന്നു. ഈ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചില ഇളവുകള്‍ നല്‍കാനും പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനും രക്തച്ചൊരിച്ചില്‍ തടയാനും കഴിയുമായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ പിന്നീട് ചൂണ്ടിക്കാണിച്ചിരുന്നു. 

ഇതിനിടെ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങി. അവരെ വിപ്ലവകാരികളെന്നും പാശ്ചാത്യ അനുഭാവികളെന്നും വിളിച്ചു. പ്രതിഷേധങ്ങളെ തകര്‍ക്കാനും തുടര്‍ന്ന് സ്വീകരിക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനുമായിരുന്നു ഇത്. ജൂണ്‍ മൂന്നിന് സ്‌ക്വയര്‍ ഒഴിപ്പിക്കാന്‍ ആവശ്യമായ ഏത് മാര്‍ഗവും ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്‍കി. സൈനിക നടപടിയുടെ സമയത്ത്
പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ സര്‍ക്കാര്‍ ടെലിവിഷനിലൂടെ മുന്നറിയിപ്പ് നല്‍കി. സൈന്യം സ്‌ക്വയറിലേക്ക് നീങ്ങിയ സമയത്ത് അവിടെ ഒരു ലക്ഷത്തോളം പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അവര്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ടാങ്കുകള്‍ ഓടിച്ചു, വെടിയുതിര്‍ത്തു. ഓടി രക്ഷപെടാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പോലും സൈന്യം വെടിയുതിര്‍ത്തു. എത്രപേര്‍ മരിച്ചു എന്നത് തര്‍ക്കവിഷയമാണെങ്കിലും 300 ഓളം പ്രതിഷേധക്കാര്‍ മരിച്ചുവെന്ന ചൈനയുടെ കണക്ക് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. മറ്റ് കണക്കുകള്‍ പ്രകാരം 500 മുതല്‍ 3000 വരെ പ്രതിഷേധക്കാര്‍ മരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

placeholder
ടിയാനന്‍മെന്‍ സംഭവത്തിന്റെ 30-ാം വാര്‍ഷികത്തില്‍ കൂട്ടക്കൊലയുടെ ഓര്‍മയ്ക്കായി ഹോങ്കോങ്ങില്‍ സ്ഥാപിച്ച പില്ലര്‍ ഓഫ് ഷെയിം പ്രതിമ | Photo: Anthony Kwan/Getty Images

മൗനം തുടര്‍ന്ന് ചൈന

പ്രതിഷേധം അടിച്ചമര്‍ത്തിയെങ്കിലും ചൈന നടപടികള്‍ അവസാനിപ്പിച്ചില്ല. പ്രതിഷേധങ്ങളുമായി വിദൂരമായി ബന്ധപ്പെട്ടിരുന്നവര്‍ പോലും അറസ്റ്റിലായി. പലരും ക്രൂരമായ പീഡനങ്ങള്‍ നേരിട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ മേല്‍പോലും കുറ്റം ചുമത്തി. സി.സി.പിയും മറ്റൊരു ശുദ്ധീകരണത്തിലൂടെയും കടന്നുപോയി. പ്രതിഷേക്കാരെ നേരിടാന്‍ സൈന്യത്തെ ഉപയോഗിച്ചതിനെ എതിര്‍ത്ത എല്ലാ പുരോഗമന ചിന്താഗതിക്കാരും പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു. പ്രതിഷേധങ്ങളും അടിച്ചമര്‍ത്തലും കഴിഞ്ഞിട്ട് 34 വര്‍ഷത്തിലേറെയായി. അതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നായി ചൈന വളര്‍ന്നു, എല്ലാ അര്‍ത്ഥത്തിലും ഒരു സൂപ്പര്‍ പവര്‍. എന്നാല്‍ ചൈനീസ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും 1989 സംഭവത്തെ മറച്ചുപിടിക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ടിയാനന്‍മെന്‍ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിന് ചൈനയില്‍ വിലക്കാണ്. ഈ സംഭവം പാഠപുസ്തകങ്ങളില്ല. മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ഇതേക്കുറിച്ച് പരാമര്‍ശം വരാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രദ്ധിക്കുന്നു.

പ്രതിഷേധങ്ങളെയും തുടര്‍ന്നുള്ള അടിച്ചമര്‍ത്തലുകളെയും കുറിച്ച് ഏതെങ്കിലും തരത്തില്‍ സംസാരിക്കുന്നവര്‍ സര്‍ക്കാര്‍ നടപടി നേരിട്ടു. കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പതിവായി നീക്കംചെയ്യുന്നു. വെടിവെപ്പിന്റെ വാര്‍ഷികത്തിലടക്കം ചൈന കനത്ത ജാഗ്രത പാലിക്കാറുണ്ട്. വെടിവെപ്പിന്റെ വാര്‍ഷികമായ ജൂണ്‍ നാലിനെ രാജ്യത്ത് എവിടേയും പ്രത്യേക അനുസ്മരണ പരിപാടികള്‍ നടത്താന്‍ ചൈന അനുവദിക്കാറില്ല. അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ചൈനീസ് സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. 2021 ഡിസംബറില്‍, കൂട്ടക്കൊലയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജാഗ്രതാ പരിപാടിയില്‍ പങ്കെടുത്തതിന് ഹോങ്കോങ്ങിലെ മാധ്യമ മുതലാളി ജിമ്മി ലായിയെ തടവിന് ശിക്ഷിച്ചു. കര്‍ശന പരിശോധനകകള്‍ക്ക് ശേഷമാണ് ചത്വരത്തിലേക്ക് വിനോദ സഞ്ചാരികളെ പോലും കയറ്റിവിടുന്നത്. ഇവിടേയ്ക്ക് വിദേശ മാധ്യമ പ്രവര്‍ത്തകരെ കത്തിവിടുകയോ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കുകയോ ചെയ്യാറില്ല. സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളില്‍ ജീവിക്കുന്ന യുവതലമുറയ്ക്ക്
എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള അവബോധം കുറവാണ്.