ടെഹ്‌റാൻ/ വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇറാന്റെ കൈവശമുള്ള 440 കിലോ ഗ്രാം യുറേനിയം ശേഖരം കരാറിന്റെ ഭാവി നിശ്ചയിക്കുന്ന പ്രധാന ഘടകമായി മാറുന്നു. മാസങ്ങൾ നീണ്ട സംഘർഷത്തിന് ശേഷം ഉപരോധങ്ങൾ നീക്കുന്നതും സൈന്യത്തെ പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും, ഈ യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇറാന്റെ പക്കലുള്ള യുറേനിയം 60 ശതമാനം വരെ സമ്പുഷ്ടീകരിച്ചതാണ്. സാധാരണ ആണവനിലയങ്ങളിൽ വൈദ്യുതി ഉത്പാദനത്തിന് വെറും 3 മുതൽ 5 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം മതിയാകും. എന്നാൽ ആണവായുധങ്ങൾ നിർമ്മിക്കാൻ 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആവശ്യമാണ്. നിലവിൽ ഇറാന്റെ പക്കലുള്ള 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ആയുധ നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കുമെന്നതാണ് അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ആശങ്ക. ഈ ശേഖരം ഉപയോഗിച്ച് ഏതാണ്ട് 10 ആണവായുധങ്ങൾ നിർമ്മിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ കണക്കാക്കുന്നു.
യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഞങ്ങൾക്കത് വേണ്ട, അത് കൈക്കലാക്കിയാൽ ഉടൻ നശിപ്പിക്കും' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ, ഈ യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ഉത്തരവിട്ടിട്ടുണ്ട്. ദശാബ്ദങ്ങൾ നീണ്ട അധ്വാനത്തിലൂടെ സ്വന്തമാക്കിയ ഈ ശേഖരം തങ്ങളുടെ പരമാധികാരത്തിന്റെ അടയാളമായും ചർച്ചകളിലെ വലിയൊരു വിലപേശൽ ശക്തിയായുമാണ് ഇറാൻ കാണുന്നത്.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും യുറേനിയത്തിന്റെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഇസ്ഫാഹാനിലെ തുരങ്കങ്ങളിൽ 200 കിലോയോളം യുറേനിയം ഉണ്ടെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ബാക്കി എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. യുറേനിയം എളുപ്പത്തിൽ ഒളിപ്പിക്കാനും കടത്താനും കഴിയുമെന്നതിനാൽ സൈനിക നടപടികൾ കൊണ്ട് മാത്രം ഇത് ഇല്ലാതാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കരാർ യാഥാർത്ഥ്യമാകാൻ പ്രധാനമായും മൂന്ന് നിർദ്ദേശങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. യുറേനിയം അന്താരാഷ്ട്ര മേൽനോട്ടത്തിൽ മറ്റൊരു രാജ്യത്തേക്ക് മാറ്റുക. ആയുധമാക്കാൻ കഴിയാത്ത വിധം യുറേനിയത്തിന്റെ തീവ്രത കുറയ്ക്കുക (Downblending). ഇറാനിൽ തന്നെ കർശനമായ അന്താരാഷ്ട്ര നിരീക്ഷണത്തിൽ നിലനിർത്തുക എന്നീ സാധ്യതകളാണ് നിലനിൽക്കുന്നത്. ഇതിൽ മൂന്നാമത്തേ ഓപ്ഷനോടാണ് ഇറാന് താത്പര്യം. എന്നാൽ ഇറാനിൽ വെച്ച് തന്നെയാണെങ്കിലും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടേയൊ മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയോ സാന്നിധ്യത്തിലോ മേൽനോട്ടത്തിലോ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാനാണ് യുഎസ് താത്പര്യപ്പെടുന്നത്. അതിലൂടെ ഇറാന്റെ ആണവായുധ മോഹങ്ങളെ വീണ്ടും പതിറ്റാണ്ടോളം പിന്നിലാക്കാൻ യുഎസിന് സാധിക്കും. യുറേനിയത്തിന്റെ പേരിലുള്ള അമേരിക്കയുടെ സുരക്ഷാ ആശങ്കകളും ഇറാന്റെ അവകാശവാദങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെട്ടാൽ മാത്രമേ പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ സാധിക്കൂ.
Content Highlights: Iran holds 440kg of 60% enriched uranium, raising nuclear proliferation concerns., US President Donald Trump demands the destruction of the stockpile., Iran views the uranium as a symbol of sovereignty and a key bargaining chip., Proposed solutions include international supervision, downblending, or relocation., Resolution of this dispute is essential for lasting peace in the Middle East.
Published: 15 Jun 2026, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented