
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍നിന്ന് സെപ്റ്റംബര്‍ 10-ന് വൈകീട്ട് ഒരു ആഡംബരത്തീവണ്ടിയില്‍ റഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചു. മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ മാത്രം വേഗത്തില്‍ സഞ്ചരിച്ച ആ തീവണ്ടി റഷ്യയിലെത്താന്‍ എടുത്തത് 20 മണിക്കൂറാണ്. താണ്ടിയതാകട്ടെ 1180 കിലോമീറ്റര്‍ ദൂരവും. കടുംപച്ചയും മഞ്ഞയും നിറത്തിലുള്ള ഈ ദുരൂഹ തീവണ്ടിയില്‍ സഞ്ചരിച്ചതും അത്യന്ത്യം ദുരൂഹത നിറഞ്ഞ ഒരു മനുഷ്യനായിരുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ (Kim Jong Un). ഉത്തരകൊറിയന്‍ ഭരണാധികാരികള്‍ പരമ്പരാഗതമായി വിദേശയാത്രകള്‍ നടത്തുന്നത് ഈ കവചിത തീവണ്ടിയിലാണ്. കിമ്മിന്റെ മുത്തച്ഛന്‍ കിം ഇല്‍ സങ്ങിന്റെ കാലത്ത് തുടങ്ങിയതാണ് ഈ രീതി. എന്നാല്‍, മുന്‍ യാത്രകളില്‍നിന്ന് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു കിമ്മിന്റെ ഈ യാത്ര. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കിം ഒരു വിദേശരാജ്യത്തേക്ക് പോകുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനവുമായിരുന്നു ഇത്.
റഷ്യ-ഉത്തര കൊറിയ ബന്ധം ശക്തിപ്പെടുന്നതിനിടെയായിരുന്നു കിം റഷ്യ സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നുവെങ്കിലും സഖ്യകക്ഷികള്‍ എന്ന് വിളിക്കാവുന്ന നിലയിലായിരുന്നില്ല ആ ബന്ധം. രണ്ടായിരങ്ങളുടെ അവസാനത്തില്‍ ഉത്തര കൊറിയയ്ക്കെതിരായ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ ഉപരോധത്തെ റഷ്യ രണ്ടുതവണ പിന്തുണച്ചിരുന്നു എന്നത് ആ അടുപ്പക്കുറവ് വ്യക്തമാക്കുന്നതാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍, സമീപദിവസങ്ങളിലെ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെയാണ് കിമ്മിന്റെ റഷ്യ സന്ദര്‍ശനം പാശ്ചാത്യ രാജ്യങ്ങളുടേ ശ്രദ്ധയാകര്‍ഷിച്ചതും. പാശ്ചാത്യരാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി ശത്രുതയിലുള്ള രണ്ട് നേതാക്കള്‍ തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധത്തിന് അടിവരയിടുന്നതായിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍ എന്തായിരുന്നു കൂടിക്കാഴ്ചയുടെ യഥാര്‍ത്ഥ ലക്ഷ്യം? അസാധാരണമായിരുന്നോ ആ കൂടിക്കാഴ്ച ? എന്തായിരിക്കും ആ ഉച്ചകോടിയുടെ ഫലം ?

കിമ്മിന്റെ അപ്രതീക്ഷിത റഷ്യന്‍ സന്ദര്‍ശനം
കിം ജോങ് ഉന്‍ അപൂര്‍വ്വമായി മാത്രമേ വിദേശയാത്രകള്‍ നടത്താറുള്ളൂ. ഉത്തരകൊറിയയുടെ പ്രസിഡന്റായി അധികാരമേറ്റ് ഏകദേശം ഏഴ് വര്‍ഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്ര. ചൈനയായിരുന്നു കിം സന്ദര്‍ശിച്ച ആദ്യ വിദേശരാജ്യം. ദക്ഷിണ കൊറിയയും സിങ്കപ്പൂരും വിയറ്റ്‌നാമുമുള്‍പ്പെടെ വിരലില്‍ എണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമാണ് കിം പിന്നീട് സന്ദര്‍ശിച്ചതും. വ്‌ളാദിമർ പുതിനുമായുള്ള തന്റെ ആദ്യ ഉച്ചകോടിക്കായി 2019 ഏപ്രിലില്‍ റഷ്യന്‍ തുറമുഖ നഗരമായ വ്‌ലാഡിവോസ്റ്റോക്കിലേക്കായിരുന്നു കിമ്മിന്റെ അവസാനത്തെ യാത്രകളിലൊന്ന്. പിന്നാലെ കോവിഡിനേത്തുടര്‍ന്ന് 2020-ന്റെ തുടക്കത്തില്‍ അടച്ച രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടുത്ത കാലത്ത് മാത്രമാണ് ഉത്തരകൊറിയ തുറന്നു നല്‍കിയത്. തായ്ക്വോണ്ടോ അത്ലറ്റുകളും ഒഫീഷ്യലുകളുമടങ്ങിയ സംഘത്തെ കഴിഞ്ഞ മാസം ഒരു അന്താരാഷ്ട്ര മത്സരത്തിന് അയച്ചുകൊണ്ടാണ് ഉത്തരകൊറിയ അതിര്‍ത്തികള്‍ തുറന്നത്. അതിന് ശേഷമുള്ള കിമ്മിന്റെ ആദ്യ യാത്രയായിരുന്നു റഷ്യയിലേക്ക്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ വൊസ്റ്റോച്നിയിലെ ബഹിരാകാശനിലയത്തിലായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍ ആശങ്കയോടെ ഉറ്റുനോക്കിയ കൂടിക്കാഴ്ച.
1948-ല്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ സ്ഥാപിതമായത് മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതെങ്കിലും അത് സമീപകാലത്ത് കൂടുതല്‍ ദൃഢമാകുന്നതാണ് കാണുന്നത്. ചൈനയെ മാത്രമല്ല തങ്ങള്‍ക്ക് ആശ്രയിക്കാനുള്ളതെന്ന് ലോകത്തെ കാണിക്കാനുള്ള അവസരംകൂടിയാണ് ഉത്തരകൊറിയക്ക് ഈ റഷ്യന്‍ സന്ദര്‍ശനം. അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കിടയിലും ഉത്തരകൊറിയയുമായി സൈനികസഹകരണത്തിന് സാധ്യത കാണുന്നതായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമർ പുതിന്‍ പ്രതികരിച്ചത്. സൈനിക വിഷയങ്ങളും യുക്രൈന്‍ യുദ്ധവും ഉത്തരകൊറിയയുടെ ഉപഗ്രഹപദ്ധതിക്കുള്ള സഹായവുമടക്കം വിഷയങ്ങള്‍ ചര്‍ച്ചയായി. അമുറിലെ വിമാനനിര്‍മാണശാലകളും വ്‌ലാഡിവൊസ്റ്റോക്കിലെ റഷ്യന്‍ പടക്കപ്പലുകളും കിം കണ്ടു. വൊസ്റ്റോച്നി ബഹിരാകാശനിലയം സന്ദര്‍ശിച്ച കിം 'റോക്കറ്റ് എന്‍ജിനിയറിങ്ങില്‍ താല്പര്യം പ്രകടിപ്പിച്ചു. ഉത്തരകൊറിയയുമായുള്ള സൈനികസഹകരണത്തെക്കുറിച്ച് സൂചനല്‍കിയെങ്കിലും വിശദാംശങ്ങള്‍ പുതിന്‍ വെളിപ്പെടുത്തിയില്ല. ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചാവേളയില്‍ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ഗെയി ഷൊയിഗുവും സന്നിഹിതനായിരുന്നു. ആയുധക്കൈമാറ്റ കാര്യത്തില്‍ ധാരണയായോ എന്നുവ്യക്തമല്ല.

ഉത്തര കൊറിയയില്‍ നിന്ന് റഷ്യ എന്താണ് ആഗ്രഹിക്കുന്നത്?
അത്യന്ത്യം ഗൗരവകരമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. വളരെ എളുപ്പത്തില്‍ അവസാനിച്ചേക്കുമെന്ന് കണക്കുകൂട്ടി ഇറങ്ങിത്തിരിച്ച ഒരു യുദ്ധത്തിന് ഇതുവരേയും അന്ത്യം കുറിക്കാന്‍ പുതിന് സാധിച്ചിട്ടില്ല. അതേസമയം ആയുധങ്ങള്‍ അതിവേഗം ശോഷിക്കുകയും ചെയ്തതോടെ പരുങ്ങലിലാണ് കാര്യങ്ങള്‍. ആയുധ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമമിക്കുന്നുണ്ടെങ്കിലും വേഗത്തില്‍ കാര്യങ്ങള്‍ നടന്നില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് സംഭരിക്കാനും അവര്‍ ശ്രമം നടത്തിരുന്നു. എന്നാല്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വന്ന ഉപരോധം വലിയ വെല്ലുവിളിയായി. ഇതോടെയാണ് ഇറാനും ഉത്തരകൊറിയയും അടക്കമുള്ള രാജ്യങ്ങളെ ആയുധങ്ങള്‍ക്കായി റഷ്യ സമീപിക്കുന്നത്. ഉത്തര കൊറിയയുമായുള്ള റഷ്യയുടെ ആയുധ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കിമ്മും പുതിനും തങ്ങളുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നത്. വൊസ്റ്റോച്നിയിലെ ചര്‍ച്ചയുടെ അജണ്ട എന്താണെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെങ്കിലും ഒന്ന് വ്യക്തമാണ്, ഉത്തരകൊറിയയേക്കാള്‍ ഈ ഘട്ടത്തില്‍ ഒരു സഹകരണം റഷ്യ ആഗ്രഹിക്കന്നുണ്ട്.
യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കിയേക്കുമെന്ന സംശയം അമേരിക്കയ്ക്കുണ്ട്. കഴിഞ്ഞ വര്‍ഷവും ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ രഹസ്യമായി നല്‍കിയതായി വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. ഉത്തര കൊറിയയുടെ ആയുധ കയറ്റുമതി അടുത്തിടെ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വാഭാവികമായും റഷ്യതന്നെയാണ് ഉത്തരകൊറിയന്‍ ആയുധങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. റഷ്യയ്ക്ക് യുദ്ധ സാമഗ്രികളുടെ അടിയന്തിര ആവശ്യമുണ്ടെന്നും അതുകൊണ്ട് മാത്രമാണ് അവരുടെ പ്രതിരോധ മന്ത്രി സെര്‍ഗെ ഷൊയിഗു (Sergei Shoigu) ഉത്തരകൊറിയപോലെ ഒരു ചെറിയ രാജ്യം സന്ദശിച്ചതെന്നും ഇരുരാജ്യങ്ങളിലേയും സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1991-ല്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് ശേഷം ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ റഷ്യന്‍ പ്രതിരോധ മന്ത്രിയായിരുന്നു ഷോയിഗു.
ഉത്തര കൊറിയയില്‍ നിന്ന് യുദ്ധോപകരണങ്ങള്‍ വാങ്ങുന്നത്, അവരുമായുള്ള എല്ലാ ആയുധ വ്യാപാരവും നിരോധിക്കുന്ന യു.എന്‍. പ്രമേയങ്ങളുടെ പച്ചയായ ലംഘനമാണ്. പക്ഷേ, യുക്രൈന്‍ യുദ്ധത്തില്‍ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും നേരിടുന്ന റഷ്യ ഇതുമായി തന്നെ മുന്നോട്ട് പോകാനാണ് സാധ്യത. ഉത്തരകൊറിയയുടെ പക്കല്‍ ആയുധങ്ങളുടെ വലിയ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അവയില്‍ ഭൂരിഭാഗവും സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധോപകരണങ്ങളുടെ പകര്‍പ്പുകളാണെന്നതാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുത. റഷ്യയിലേക്ക് ഇവ പ്രതീക്ഷിക്കുന്ന വേഗത്തില്‍ അയയ്ക്കാന്‍ കഴിയുമോ എന്ന സംശയമുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ പരിമിതമായ അളവിലുള്ള റെയില്‍ സംവിധാനം മാത്രമേയുള്ളൂ എന്നതാണ് കാരണം.

കിമ്മിന് പ്രതിഫലമായി എന്താണ് വേണ്ടത്?
2020-ല്‍ ഡൊണാള്‍ഡ് ട്രംപുമായുള്ള ആണവ നയതന്ത്രം തകര്‍ന്നതുമുതല്‍ ആയുധ പരീക്ഷണങ്ങളുടെയും ഭീഷണികളിലൂടെയും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് കിം. പുതിനുമായുള്ള ഉച്ചകോടിക്ക് മുമ്പായി കിഴക്കന്‍ കടലിലേക്ക് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ അവര്‍ തൊടുത്തുവിട്ടിരുന്നു. ഉത്തരകൊറിയയുടെ സൈനിക ശക്തി പ്രകടനത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മറ്റൊന്ന് അന്താരാഷ്ട്ര തലത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഏറെക്കാലമായി ഉത്തരകൊറിയ. ചൈന മാത്രമാണ് അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സൗഹൃദം തേടിയാണ് കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശനം. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍, സൈനിക സാങ്കേതികവിദ്യ എന്നിവയ്ക്ക് പുറമേ അന്താരാഷ്ട്രതലത്തില്‍ മെച്ചപ്പെട്ട പ്രതിച്ഛായയുണ്ടാക്കാനുമാണ് റഷ്യന്‍ സന്ദര്‍ശനത്തിലൂടെ കിം ലക്ഷ്യമിട്ടത്.ദക്ഷിണ കൊറിയ-യു.എസ്-ജപ്പാന്‍ സംഖ്യത്തില്‍ നിന്ന് കിം വെല്ലുവിളികള്‍ നേരിട്ട അതേസമയത്താണ് പുതിന്റെ ആയുധശേഖരത്തില്‍ ശോഷണം സംഭവിച്ചത്. ഈ സാഹചര്യം ഫലപ്രധമായി ഉപയോഗപ്പെടുത്തുകയായിരുന്നു കിം.
കോവിഡ് കാലഘട്ടത്തിലെ അടച്ചുപൂട്ടലിലൂടെ അമ്പേ തകര്‍ന്ന അവസ്ഥയിലാണ് ഉത്തര കൊറിയയുടെ സമ്പദ്വ്യവസ്ഥ. ഉപരോധംമൂലം വലയുന്ന അവര്‍ക്ക് ഇരുട്ടടിയായിരുന്നു കോവിഡ് കാലം. ഈ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളും ഊര്‍ജ്ജവിഭവങ്ങളും കിം പകരമായി ആവശ്യപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. ഇതിനുപുറമെ, ദക്ഷിണ കൊറിയ-യുഎസ്-ജപ്പാന്‍ ത്രിരാഷ്ട്ര സഹകരണത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ നേരിടാന്‍ റഷ്യന്‍ സഹായം തേടാനും കിം ശ്രമം നടത്തുന്നു. ദീര്‍ഘദൂര മിസൈലുകള്‍, ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകള്‍, ആണവ അന്തര്‍വാഹിനികള്‍, ചാര ഉപഗ്രഹങ്ങള്‍ എന്നിവയുടെ സാങ്കേതികവിദ്യ റഷ്യയില്‍ നിന്ന് തേടാനും സാധ്യതയുണ്ട്. എന്നാല്‍ ആണവ- മിസൈല്‍ സാങ്കേതികവിദ്യ റഷ്യ യഥാര്‍ഥത്തില്‍ കൈമാറുമോ എന്ന് വ്യക്തമല്ല. പ്രധാന സഖ്യകക്ഷികള്‍ക്ക് പോലും പങ്കിടാത്ത സാങ്കേതികവിദ്യകള്‍ ഉത്തരകൊറിയയ്ക്ക് നല്‍കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഒപ്പം റഷ്യയുടെ ബഹിരാകാശ കേന്ദ്രം സന്ദര്‍ശിച്ച കിം അവിടെ ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ച് വിശദമായി പുതിനുമായി സംസാരിച്ചിരുന്നു. ഈ രംഗത്തും സഹകരണം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്തായിരിക്കും ഉത്തര കൊറിയ- റഷ്യ സഖ്യത്തിന്റെ ഭാവി?
ദക്ഷിണ കൊറിയ- യു.എസ്. സൈനിക സഹകരണം അനുദിനം വളരുന്ന സാഹചര്യത്തില്‍ ഇതിനെ ചെറുക്കുക ഉത്തര കൊറിയക്ക് നിര്‍ണായകമാണ്.ഇതിന്റെ ഭാഗമായാണ് സൈനിക സഖ്യമടക്കമുള്ള സാധ്യതകള്‍ അവര്‍ തേടുന്നത്. കിം- പുതിന്‍ കൂടിക്കാഴ്ചയോടെ ഉത്തര കൊറിയ-റഷ്യ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തില്‍ നിന്ന് സൈനിക സഖ്യത്തിലേക്ക് മാറിയേക്കുമെന്നും കരുതുന്നവരുണ്ട്. ദക്ഷിണ കൊറിയ യു.എസുമായി സഹകരിക്കുന്നത് പോലെ ഉത്തര കൊറിയ റഷ്യയുമായു ഒരു സ്ഥിരം സൈനിക സഖ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉഭയകക്ഷി സൈനികാഭ്യാസം നടത്താനുള്ള സാധ്യതയെക്കുറിച്ച് ഇരു രാജ്യങ്ങളും ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
ചൈനയെക്കൂടി ഉള്‍പ്പെടുത്തി ഒരു ത്രിരാഷ്ട്ര അഭ്യാസം റഷ്യ നിര്‍ദ്ദേശിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തിലൊന്ന് നടന്നാല്‍ കൊറിയന്‍ യുദ്ധം (1950-1953) അവസാനിച്ചതിന് ശേഷം ഒരു വിദേശ രാജ്യവുമായുള്ള ഉത്തരകൊറിയയുടെ ആദ്യ സൈനികാഭ്യാസം ആയിരിക്കും ഇത്. മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന ആശയത്തിന്റെ പുറത്താണ് ഒരു വിദേശ സൈന്യവുമൊന്നിച്ചുള്ള പരിശീലനം ഇത് വരെ ഒഴിവാക്കിയിരുന്നത്. എന്നാല്‍ ദക്ഷിണ കൊറിയ-യു.എസ്.-ജപ്പാന്‍ സഹകരണം വര്‍ധിച്ചതാണ് ഉത്തര കൊറിയയെ അസ്വസ്ഥപ്പെടുത്തുന്നത്. ഇതാണ് പതിവ് തെറ്റിച്ച് റഷ്യയുമായി അടുക്കാന്‍ കിമ്മിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഷെല്ലുകളും റോക്കറ്റുകളും മറ്റ് ആയുധങ്ങളും നല്‍കിക്കൊണ്ട് യുക്രൈനിലെ റഷ്യയുടെ യുദ്ധത്തിന് ഉത്തര കൊറിയ സൈനിക പിന്തുണ നല്‍കുമെന്നാണ് വിവരം. ഇതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ആഴത്തിലുള്ള തലത്തിലെത്താം. പ്രത്യേകിച്ചും പുതിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചാല്‍. കിമ്മിന്റെ ക്ഷണം പുതിന്‍ സ്വീകരിച്ചതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഒരുപക്ഷേ അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ആയുധകൈമാറ്റത്തിനപ്പുറം ഉത്തരകൊറിയയുടെ ശക്തമായ സംരക്ഷകരായി റഷ്യ മാറിയേക്കാം. ഖര ഇന്ധന മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍, രാജ്യത്തിന്റെ ബഹിരാകാശ പദ്ധതി എന്നിവയുടെ കൂടുതല്‍ വികസനത്തിന് റഷ്യ സഹായം നല്‍കുന്ന തലത്തിലേക്ക് ബന്ധം വളരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

നിശബ്ദമായിരിക്കുമോ ചൈന, എന്താകും നിലപാട് ?
കോവിഡ് കാലത്ത് അന്താരാഷ്ട്രസമൂഹത്തില്‍ നിന്ന് സ്വയം അകലംപാലിച്ച ഉത്തരകൊറിയക്ക് ചൈനയെ വലിയ തോതില്‍ ആശ്രയിക്കേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിനും ഊര്‍ജത്തിനും. ഉത്തരകൊറിയയുടെ ഏറ്റവും വലിയ സഹായിയാണെങ്കിലും അവരുടെ ആണവായുധ വികസനത്തെ ചൈന അംഗീകരിക്കുന്നില്ല. അവരുടെ നിരന്തര ആണവ ഭീഷണിയും മിസൈല്‍ പരീക്ഷണങ്ങളും കൊറിയന്‍ ഉപദ്വീപിലെ സുരക്ഷാ പിരിമുറുക്കങ്ങള്‍ ത്വരിതപ്പെടുത്തിയെന്നാണ് ചൈന വിലയിരുത്തുന്നത്. ഇത് മേഖലയില്‍ യുഎസിന്റെ സൈനിക സ്വാധീനം വര്‍ധിപ്പിച്ചുവെന്നും അവര്‍ കരുതുന്നു. ഇത് ചൈനീസ്താല്പര്യത്തിന്നിരക്കുന്നതല്ല. അതുകൊണ്ടാണ് ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികളോട് ചൈന എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഒപ്പം ആണവായുധം വികസിപ്പിക്കാന്‍ റഷ്യ സാങ്കേതിക പിന്തുണ നല്‍കിയാല്‍ അതുനോടും ചൈന കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയേക്കാം.
മറുവശത്ത് തങ്ങളുടെ ആണവായുധ പദ്ധതിയോടുള്ള ചൈനയുടെ എതിര്‍ നിലപാടിനോടും ഉത്തരകൊറിയക്ക് കടുത്ത് അതൃപ്തിയുണ്ട്. സമീപകാലത്ത് ഉത്തരകൊറിയ മറ്റൊരു ആണവ പരീക്ഷണം നടത്തിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചൈനയുടെ സമ്മര്‍ദ്ദം മൂലമാണ് അവര്‍ പരീക്ഷണം വൈകിപ്പിച്ചത് എന്നാണ് അനുമാനിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം, റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ചൈനയ്ക്ക് രാജ്യത്തിന്റെ മേല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം കുറയ്ക്കാന്‍ സഹായിക്കും. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം അതിവേഗം വികസിക്കുന്നത് ഉത്തരകൊറിയയുടെ സംരക്ഷകന്റെ റോള്‍ ഏറ്റെടുക്കുന്ന ചൈനയ്ക്ക് നീരസം ഉണ്ടാക്കിയേക്കാന്‍ ഇടയുണ്ട്.
പുതിന്‍-കിം ഉച്ചകോടിയെക്കുറിച്ച് ചൈന അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ചൈനയും റഷ്യയും ഉത്തരകൊറിയയും ഒരു കൂട്ടായ്മയാണെന്ന ധാരണ ലോകരാജ്യങ്ങള്‍ക്ക് നല്‍കാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. ഒരു പുതിയ അച്ചുതണ്ടിന്റെ ഭാഗമായി ചൈനയെക്കൂടി ഉള്‍പ്പെടുന്നുന്നത് ആഗോളതലത്തില്‍ പ്രതിച്ഛായാ നഷ്ടമുണ്ടാക്കുമെന്നും അവര്‍ ഭയക്കുന്നു. സഹായം ചെയ്തുകൊടുക്കുമ്പോള്‍ പോലും ഉത്തരകൊറിയയെ ലോകത്തിലെ നാലില്‍ മൂന്ന് രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ ബെയ്ജിംഗ് ഉത്തര കൊറിയയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തില്‍ പുതിയ കൂട്ടുകെട്ടിനോട് ചൈന എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Content Highlights: What Comes Next for North Korea and Russia Relations?
Published: 18 Sept 2023, 02:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented