
മനില: ദക്ഷിണ ചൈനാക്കടലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ മനഃപൂര്‍വം ഇടിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ഫിലിപ്പീന്‍സ്. ഇരുരാജ്യങ്ങളും തമ്മിൽ തര്‍ക്കം നടക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ കപ്പലുണ്ടായിരുന്നത്. ചൈനീസ് നാവികസേനാംഗങ്ങള്‍ ജലപീരങ്കി പ്രയോഗിക്കുകയും തങ്ങളുടെ കപ്പലിലേക്ക് ഇടിച്ചുകേറ്റുകയുമായിരുന്നെന്നാണ് ഫിലിപ്പീന്‍സ് പറയുന്നത്.
ചൈനയില്‍നിന്നുള്ള വ്യക്തമായ ഭീഷണിയാണ് സംഭവമെന്നാണ് ഫിലിപ്പീന്‍സ് അധികൃതരുടെ ഭാഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിആര്‍പി ദതു പഗ്ബുവായ ഉള്‍പ്പെടെ മൂന്ന് കപ്പലുകളാണ് ഫിലിപ്പീന്‍സിന്റെ നിയന്ത്രണത്തിലുള്ള ദ്വീപിനരികില്‍ നങ്കൂരമിട്ടിരുന്നതെന്ന് ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഈ സമയം അവിടെത്തിയ ചൈനീസ് കപ്പല്‍, ബിആര്‍പി ദതു പഗ്ബുവായയ്ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. മൂന്നുമിനിറ്റിനു ശേഷം ചൈനീസ് കപ്പല്‍, ഫിലിപ്പീന്‍സ് കപ്പലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. കപ്പലിന് സാരമായ കേടുപാടുകളുണ്ടായെങ്കിലും ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
അതേസമയം, കൂട്ടിയിടിയുടെ പൂര്‍ണ ഉത്തരവാദിത്വം ഫിലിപ്പീന്സിനാണെന്ന് ചൈന പറഞ്ഞു. ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ രണ്ട് കപ്പലുകള്‍ മേഖലയിലേക്ക് അനധികൃതമായി പ്രവേശിക്കുകയും ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് കപ്പലിനെ അപകടകരമായ വിധത്തില്‍ സമീപിക്കുകയും ചെയ്തതാണ് ഇടിയില്‍ കലാശിച്ചതെന്ന് ചൈനീസ് കോസ്റ്റ്ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, ഇക്കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചൈനീസ്, ഫിലിപ്പീന്‍സ് കപ്പലുകള്‍ തമ്മില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചുവരികയാണ്. ആഗോള വ്യാപാര പാതയില്‍ ഏറെ നിര്‍ണായകമായ ദക്ഷിണ ചൈനാക്കടലിന്റെ ഏറെക്കുറേ മുഴുവന്‍ഭാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍, ചൈനയുടെ അവകാശവാദങ്ങള്‍, പ്രത്യേകിച്ച് അവിടുത്തെ വിഭവങ്ങളുമായി ബന്ധപ്പെട്ടുള്ളവയ്ക്ക് സാധുതയില്ലെന്ന് 2016-ല്‍ ഹേഗിലെ കോടതി പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ ഫിലിപ്പീന്‍സിന്റെ നിര്‍ണായക വിജയമായിരുന്നു ഈ വിധിയെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും വിഷയത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.
Content Highlights: chinese coast guard ship collides philippines vessel at sourth china sea
Published: 12 Oct 2025, 06:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented