ചെങ്ങന്നൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിവരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരുവന്നൂർ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രതികരണം. രാഷ്ട്രീയമായ നീക്കങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ പിണറായി വിജയൻ അഴിമതി നടത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എന്നാൽ ചെങ്ങന്നൂരിൽ നടന്ന പരിപാടിയിൽ തനിക്കെതിരായ കേസിനെ കുറിച്ച് പിണറായി പ്രതികരിച്ചില്ല. കരുവന്നൂരിനെ ചാരിയായിരുന്നു ഇഡിക്കെതിരായ പിണറായിയുടെ വിമർശനം.

To advertise here,

'കരുവന്നൂരിൽ തെറ്റായ നടപടികൾ സ്വീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ നടപടിയാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പക്ഷേ നമ്മുടെ രാജ്യത്തെ ഇഡി എന്ന അന്വേഷണ ഏജൻസി അതിലിടപെട്ട് ഒരു പാർട്ടിയെ പ്രതിയാക്കി. രാജ്യത്ത് ആദ്യമായിട്ടാണിത്. സ്ഥാപനത്തിൽ അഴിമതി നടത്തിയവരെ കണ്ടെത്തുകയും അവർക്കെതിരെയുള്ള നടപടി സ്വീകരിക്കുകയും ചെയ്തപ്പോഴാണ് ഇഡി വരുന്നത്. അത്തരത്തിലുള്ള ചിലരെ ഇഡി സ്വാധീനിച്ച് അവരെ മാപ്പു സാക്ഷിയാക്കി. ഇഡിയോ അവരെ പിന്നിൽനിന്ന് നയിക്കുന്നവരോ മനസ്സിൽ കാണുന്ന കാര്യങ്ങൾ ഈ പറയുന്ന ആളുകൾ പറയണം. കേരളത്തിലെ സഹകരണ മേഖലയാകെ അഴിമതിയുടെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്' പിണറായി പറഞ്ഞു.

തൃശ്ശൂർ ജില്ലയിൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരായി വന്നവരെല്ലാം പ്രതികളാക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഏജൻസികൾ നടത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി വ്യക്തമാക്കി.