ബെയ്ജിങ്: ചൈനയുടെ സുവർണ്ണകാലഘട്ടമെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന 'ടാങ് രാജവംശം' കെട്ടുകഥയെന്ന പ്രചാരണം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ. എ.ഡി. 618 മുതൽ 907 വരെ ടാങ് രാജവംശം ചൈന ഭരിച്ചിരുന്നുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്രാജ്യ വികസനത്തിനും അന്താരാഷ്ട്ര വാണിജ്യങ്ങൾക്കും സാംസ്കാരിക മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു ഇതെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. എന്നാൽ ഇവയൊക്കെ കെട്ടുകഥകളാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വാദിക്കുന്നത്. ഇത് ചൈനീസ് ഭരണകൂടത്തിന് വൻ തലവേദനയാണ് സൃഷ്ടിക്കുന്നത്.

To advertise here,

300 വർഷത്തോളം നീണ്ട ചരിത്രം വെറും കെട്ടുകഥയെന്ന് പറയുന്നത്, അമേരിക്കൻ ആഭ്യന്തരം യുദ്ധം നടന്നിട്ടില്ലെന്ന് പറയുന്നതിനോ, ബ്രിട്ടനിലെ മാഗ്നാ കാർട്ട വെറും വ്യാജ രേഖയാണെന്ന് വാദിക്കുന്നതിനോ തുല്യമാണെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ടാങ് രാജവംശത്തെക്കുറിച്ച് ചൈനയിൽ പഠിച്ചു വരുന്നുണ്ട്. ഇതാണ് ഇപ്പോൾ കെട്ടുകഥയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു ഈ പ്രചാരണത്തിന്റെ തുടക്കം. ക്വിയാവോ യു എന്ന കണ്ടന്റ് ക്രിയേറ്റർ പുറത്തുവിട്ട വീഡിയോയിൽ നിന്നാണ് പുതിയ വിവാദങ്ങളുടെ തുടക്കം. ചില വിചിത്ര ആസ്ട്രോളജിക്കൽ ഡാറ്റകൾ നിരത്തിയായിരുന്നു ഇയാൾ ടാങ് രാജവംശം നിലനിന്നിരുന്നില്ലെന്ന് അവകാശവാദം ഉന്നയിച്ചത്.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായാ വെയ്ബോയിൽ അതിവേഗം വീഡിയോ തരംഗം സൃഷ്ടിച്ചു. ടാങ് രാജവംശം നിലവിലില്ല എന്ന ഹാഷ് ടാഗിന് കോടിക്കണക്കിന് കാഴ്ചാക്കാരെയാണ് ലഭിച്ചത്. ഈ പ്രചാരണത്തിൽ വിശ്വസിച്ച ചിലർ, ടാങ് രാജവംശത്തിന്റെ പുരാതന തലസ്ഥാനമായിരുന്ന സിആനിലെ ടൂറിസം വകുപ്പിലേക്ക് വിളിച്ച്, ഈ രാജവംശം വെറും തട്ടിപ്പാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്ന വിചിത്രമായ സാഹചര്യം വരെയുണ്ടായതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് ദേശീയവാദികളുടെ വംശീയ താത്പര്യങ്ങൾ പ്രചാരണത്തിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ടാങ് രാജവംശത്തിലെ സ്ഥാപക ചക്രവർത്തി ചൈനയിലെ ഭൂപരിപക്ഷ വംശജരായ ഹാൻ വംശത്തിൽ പെട്ടയാളല്ലായിരുന്നു എന്നതാണ് പ്രധാന കാരണം. ടാങ് രാജവംശത്തിനുശേഷം വന്ന ഹാൻ വംശജരുടെ സോങ് രാജവശം പരമ്പരാഗത ചരിത്ര രേഖകളിൽ പറയുന്നതിനേക്കാൾ വളരെ മുമ്പ് തന്നെ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ടാങ് രാജവംശം എന്നൊന്ന് ഉണ്ടായിരുന്നില്ലെന്നുമാണ് ക്വിയാവോ യു വാദിക്കുന്നത്. എന്നാൽ ഈ വാദം തികച്ചും ഭ്രാന്തമാണെന്ന് ഹാർവാർഡ് സർവകലാശാലയിലെ ചൈനീസ് പഠന വിഭാഗം പ്രൊഫസറായ വില്യം കിർബി പ്രതികരിച്ചു. ടാങ് രാജവംശം എന്നത് ചരിത്രപരമായ യാഥാർത്ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചാരണത്തിന് പിന്നാലെ സ്കൂൾ കുട്ടികൾ പോലും ആശയക്കുഴപ്പത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളും ഇതിനെതിരേ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്ലി ഈ വാദത്തെ അസംബന്ധം എന്നായിരുന്നു വിശേഷിപ്പിച്ചത്. യുവാക്കൾ രാജ്യത്തിന്റെ ചരിത്രത്തെ സംശയിക്കാൻ തുടങ്ങിയാൽ അത് രാജ്യത്തിന്റെ ആത്മവിശ്വാസത്തെയും പുരോഗതിയെയും തകർക്കുമെന്ന് പത്രം മുന്നറിയിപ്പ് നൽകി.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രാജ്യ ചരിത്രത്തിന്റെ കാര്യത്തിൽ പാർട്ടിയുടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയും ചരിത്രത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2023-ൽ സിആനിൽ വെച്ച് മധ്യേഷ്യൻ നേതാക്കളെ സ്വീകരിച്ച ചടങ്ങുകളിൽ ടാങ് ശൈലിയിലുള്ള നൃത്തങ്ങളും വസ്ത്രങ്ങളും ഉപയോഗിച്ച് ഷി ജിൻപിങ് ഈ സുവർണ്ണ ഭൂതകാലത്തെ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയിരുന്നു

അതേസമയം, യുവാക്കളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രചാരണം നടക്കുന്നത് എന്ന വാദവും ഉയരുന്നുണ്ട്. ചൈനയിലെ മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും തൊഴിൽ മേഖലയിലെ കടുത്ത മത്സരവും കാരണം യുവാക്കൾ അധികാരികൾക്കെതിരേ നടത്തുന്ന പ്രതിഷേധ മാർഗ്ഗമാണിതെന്നും ചിലർ വിലയിരുത്തുന്നു. നിലവിൽ വിവാദ വീഡിയോകൾ പങ്കുവെച്ച ക്വിയാവോ യുവിന്റെ അക്കൗണ്ടുകൾ ചൈനീസ് അധികൃതർ ബ്ലോക്ക് ചെയ്യുകയും വീഡിയോകൾ പൂർണ്ണമായും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.