ബെയ്ജിങ്: ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധവും ഹോർമുസ് കടലിടുക്കും എണ്ണ വിതരണപ്രതിസന്ധിയും ലോകത്തിന്റെ ശ്രദ്ധാവിഷയങ്ങളാകുമ്പോൾ നിലവിലോ ഭാവിയിലോ അതൊന്നും ബാധിക്കാതിരിക്കാനുള്ള സുരക്ഷിതമായ പ്രവർത്തനങ്ങളിലാണ് ചൈന. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തിലെ ഏറ്റക്കുറച്ചിലുകൾ എണ്ണ വിലയിലും എണ്ണ വിപണിയിലും ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കയും ആഗോളതലത്തിൽ വർധിക്കുന്നു. എന്നാൽ ചൈന ഇതൊന്നും ശ്രദ്ധിക്കുന്നില്ല, അഥവാ ചൈനയെ ഇതൊന്നും ബാധിക്കുന്നില്ല. മറ്റുരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വലിയ റിസ്ക് മറികടക്കാൻ ഒരു ബദൽ സംവിധാനം ചൈന നിർമ്മിക്കുകയാണ്.

To advertise here,

ചൈനയിലെ സ്റ്റേറ്റ് ഗ്രിഡ് കോർപ്പറേഷൻ ആണ് ഇതിന്റെ കേന്ദ്രം. ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിനെ കൂടുതലായി ആശ്രയിക്കുന്നതിന് പകരം വൈദ്യുതോത്പാദനത്തിലൂടെ ഊർജ്ജ ആവശ്യകത നിറവേറ്റുക എന്നതാണ് ചൈനയുടെ ലക്ഷ്യം. രാജ്യത്തിന്റെ 80 ശതമാനത്തിലധികം വ്യാപിച്ചുകിടക്കുന്നതും 100 കോടിയിലേറെ പേർക്ക് വൈദ്യുതി നൽകുന്നതുമായ ഒരു വിപുലമായ ശൃംഖലയാണ് സ്റ്റേറ്റ് ഗ്രിഡ് കോർപ്പറേഷൻ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ചൈന സതേൺ പവർ ഗ്രിഡിനോടൊപ്പം, ദീർഘകാല ഊർജ വിതരണം സാധ്യമാക്കുന്ന കേന്ദ്രമാണ് ചൈന നിർമ്മിക്കുന്നത്- ഇറക്കുമതി ചെയ്യുന്ന എണ്ണയെയും അവ വരുന്ന കടൽമാർഗങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള രാജ്യവ്യാപകമായ ഒരു സൂപ്പർഗ്രിഡാണ് ചൈനയുടെ സ്വപ്നം. 

വളരെ വിപുലമായ പദ്ധതിയാണിത്. അൾട്രാ ഹൈ വോൾട്ടേജ് ട്രാൻസ്മിഷൻ ലൈനുകൾ അതിവേഗത്തിൽ വിന്യസിക്കപ്പെടുന്നു, കൽക്കരി, കാറ്റ്, സൗരോർജം എന്നിവ സമൃദ്ധമായ ഉൾപ്രദേശങ്ങളെ ആവശ്യകത കേന്ദ്രീകരിക്കുന്ന വ്യാവസായിക തീരദേശവുമായി ബന്ധിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ കൂടുതൽ ഭാഗങ്ങൾ വൈദ്യുതീകരിക്കുന്നതിനും വലിയ ദൂരങ്ങളിലേക്ക് കാര്യക്ഷമമായി വൈദ്യുതി കൊണ്ടുപോകുന്നതിനും ഊർജവിതരണത്തിൽ ബാഹ്യഘടകങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

"ചൈന ഒരു യഥാർഥ സൂപ്പർഗ്രിഡ് നിർമ്മിക്കുകയാണ്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വൈദ്യുതി പ്രവാഹം, വിദൂര പ്രദേശങ്ങളിൽ നിന്നുള്ള കാറ്റും സൗരോർജവും തീരദേശ ഫാക്ടറികളിലേക്ക്. അത് വെറുമൊരു സിദ്ധാന്തമല്ല, അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അൾട്രാ ഹൈ വോൾട്ടേജ് ലൈനുകൾ രാജ്യത്തുടനീളം വൈദ്യുതി കൊണ്ടുപോകുന്നു, അതിൻ്റെ വ്യാപ്തി വളരെ വലുതാണ്." വിയറ്റ്നാം ആസ്ഥാനമായുള്ള ഒരു ക്രിപ്‌റ്റോ സ്ഥാപനം ഈ മാറ്റത്തെ വിവരിച്ചു.

ഈ പദ്ധതിയ്ക്കായി 2026 നും 2030 നും ഇടയിൽ ഏകദേശം 4 ട്രില്യൺ യുവാൻ (ഏകദേശം 574 ബില്യൺ ഡോളർ) ചൈന ചെലവിടും. നിലവിലെ യുദ്ധവും ഹോർമുസ് പ്രതിസന്ധിയും ഈ പദ്ധതിയുടെ വേഗം കൂട്ടുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ചൈന എന്താണ് ചെയ്യുന്നത്?

  • ആയിരക്കണക്കിന് കിലോമീറ്ററുകൾ വൈദ്യുതി വിരണത്തിനുള്ള കൊണ്ടുപോകുന്നതിനുള്ള UHV "ഹൈവേകൾ" രാജ്യത്തുടന്നീളം നിർമ്മിക്കുന്നു.
  • പടിഞ്ഞാറ്/വടക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കാറ്റ്, സൗരോർജം എന്നിവ ഉപയോഗിച്ചുത്പാദിപ്പിക്കുന്ന വൈദ്യുതി കിഴക്കൻ തീരത്തെ ഫാക്ടറികളിലേക്കും നഗരങ്ങളിലേക്കും അയയ്ക്കുന്നു.
  • സർക്കാർ പിന്തുണയുള്ള ബോണ്ടുകളും കുറഞ്ഞ പലിശയുള്ള വായ്പകളും ഉപയോഗിച്ചാണ് ഇതിന് ഫണ്ട് കണ്ടെത്തുന്നത്.
  • EVകൾ, എഐ, വ്യവസായം എന്നിവയ്ക്കായി ട്രില്യൺ കണക്കിന് യുവാനാണ് ഗ്രിഡ് സ്ഥാപിക്കാനായി നിക്ഷേപിക്കുന്നത്.
  • കാലക്രമേണ ഹോർമുസ് കടലിടുക്ക് പോലുള്ള എണ്ണയുടെ ചോക്ക്പോയിന്റുകളുടെ ഉപയോഗം കുറയ്ക്കുന്നു.

ശക്തമായ ഒരു ഗ്രിഡിന് കൂടുതൽ പുനരുപയോഗ ഊർജം ഉൾക്കൊള്ളാനും വ്യവസായത്തിൽ നിന്നും സാങ്കേതികവിദ്യയിൽ നിന്നുമുള്ള വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെ പിന്തുണയ്ക്കാനും ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് സ്ഥിരമായി കുറയ്ക്കാനും കഴിയും.