
കൊച്ചി: എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് (ബാർജ്) തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്ലൂ എന്ന ഷിപ്പ് യാർഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്ന വിദേശ കപ്പലിനാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കപ്പലിന്റെ എൻജിൻ ഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അഗ്‌നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. അറ്റകുറ്റപ്പണികൾക്കായി കപ്പലിന്റെ മുകൾത്തട്ടിൽ ജോലി നടക്കാതിരുന്ന സമയത്താണ് തീ പടർന്നത്. എന്നാൽ നിമിഷങ്ങൾക്കകം തീ കപ്പലിന്റെ മുകൾ ഭാഗത്തേക്ക് വലിയ തോതിൽ പടർന്നുപിടിക്കുകയായിരുന്നു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയ കപ്പലായതിനാൽ ഇതിനുള്ളിൽ ഇന്ധനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. കൂടാതെ, കപ്പലിനുള്ളിൽ സൂക്ഷിച്ചിരുന്ന പെയിന്റും മറ്റ് സാധനങ്ങളും കത്തുന്നതിനാൽ കനത്ത പുക ഉയരുന്നത് ഫയർഫോഴ്‌സിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമാകുന്നുണ്ട്. നിലവിൽ പുറത്തുനിന്ന് വെള്ളമൊഴിച്ച് തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സമീപത്ത് മറ്റ് കപ്പലുകളും ബോട്ടുകളും ഉള്ളതിനാൽ തീ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
തീപ്പിടുത്തമുണ്ടായ ഷിപ്പ് യാർഡ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു . പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റോപ്പ് മെമോ ലംഘിച്ചുമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന ഈ യാർഡിൽ വലിയ രീതിയിലുള്ള ശബ്ദ-വായു മലിനീകരണം നടക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
വൈപ്പിൻ ക്ലബ് റോഡ് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്. തീപ്പിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് കട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ നിന്നാണോ തീ പടർന്നതെന്ന കാര്യം ഫയർഫോഴ്‌സ് പിന്നീട് പരിശോധിക്കും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Content Highlights: Fire incident at Sea Blue shipyard in Vypin, Kochi., Emergency services are working to control the blaze in the engine room., Local residents allege the shipyard is operating without proper licenses., Concerns over fuel and chemical storage inside the vessel hindering firefighting efforts., Ongoing investigation into the cause of the fire.
Published: 22 Jun 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented