
ബീജിങ്: ഇറാൻ ഭരണകൂടത്തിന് സൈനിക സഹായം നൽകുന്നുവെന്ന പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ചൈന. ചൈനീസ് നിർമിത സാറ്റലൈറ്റുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ശത്രുനീക്കങ്ങൾ തിരിച്ചറിയാൻ ഇറാനെ സഹായിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതിന്റെ പേരിൽ തീരുവ വർധിപ്പിക്കാനാണ് യുഎസിന്റെ തീരുമാനമെങ്കിൽ അതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകും എന്നും ചൈന വ്യക്തമാക്കി.
അമേരിക്കയ്‌ക്കെതിരായ യുദ്ധത്തിൽ ചൈന ഇറാനെ സൈനികമായി സഹായിക്കുന്നു എന്നതരത്തിൽ വാർത്തകൾ വന്നതിനുപിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ ഭീഷണി ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ്, അമേരിക്കയുടെ സാമ്പത്തിക നടപടികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയത്.
പശ്ചിമേഷ്യയിൽ നിലവിൽ നടക്കുന്ന സംഘർഷത്തിൽ തങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും ചൈന ആവർത്തിച്ചു വ്യക്തമാക്കി. മേഖലയിൽ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. 'ചൈന ഇറാനെ സൈനികമായി സഹായിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണമായും കെട്ടിച്ചമച്ചതാണ്.' അദ്ദേഹം പറഞ്ഞു.
മധ്യേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിനായി ഇറാൻ TEE-01B എന്ന ചൈനീസ് ഉപഗ്രഹം സ്വന്തമാക്കിയതായി നേരത്തെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ്, സൈനിക പിന്തുണ നൽകുന്നുവെന്ന ആരോപണം തള്ളിക്കൊണ്ട് ചൈന പ്രസ്താവന പുറത്തിറക്കിയത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് വന്ന വാർത്തകളെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് ചൈനയുടെ വിശദീകരണം എന്നതും ശ്രദ്ധേയമാണ്.
ആരോപണങ്ങൾ നിഷേധിക്കുന്നതിനൊപ്പം തന്നെ ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾക്കെതിരെ സാമ്പത്തിക നടപടികൾ സ്വീകരിക്കുന്നതിനെതിരെ ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 'ഈ ആരോപണങ്ങളുടെ പേരിൽ യുഎസ് ചൈനയ്ക്ക് മേൽ താരിഫ് വർദ്ധിപ്പിക്കാൻ മുതിർന്നാൽ, ചൈനയ്ക്കും അതേ നാണയത്തിൽ പ്രതികരിക്കേണ്ടി വരും.' ലിൻ ജിയാൻ വ്യക്തമാക്കി.
ഇറാനെ സഹായിക്കുന്നു എന്ന് കണ്ടെത്തുന്ന രാജ്യങ്ങൾക്കെതിരെ തീരുവ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് സൂചിപ്പിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ചൈന രംഗത്തെത്തിയത്. അതേസമയം, യുഎസ് ഉപരോധങ്ങൾ നിലനിൽക്കെ തന്നെ, ആയുധങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ ചൈനീസ് കമ്പനികൾ ഇറാന് നൽകുന്നത് തുടരുന്നുണ്ട്.
തങ്ങൾ വളരെയധികം ആശ്രയിക്കുന്ന ഇറാനുമായുള്ള സൗഹൃദം നിലനിർത്താനും അതേസമയം പുറമെ നിഷ്പക്ഷത പാലിക്കാനുമാണ് ചൈന ശ്രമിക്കുന്നത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തിനല്ല, മറിച്ച് പ്രതിരോധത്തിനുള്ളതാണ് എന്ന വാദം ചൈന ഉന്നയിച്ചേക്കാമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെ സംബന്ധിച്ച ഇത് റഷ്യയുടെ ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണയിൽ നിന്ന് വ്യത്യസ്തമായിരിക്കും.
വ്‌ളാദിമിർ പുതിന്റെ ഭരണകൂടം മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങളെയും ആസ്തികളെയും ലക്ഷ്യം വെക്കാൻ സഹായിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ഇറാന് നൽകുന്നുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയെ ഇറാൻ ഷഹീദ് (Shahed) ഡ്രോണുകൾ നൽകി സഹായിക്കുന്നുണ്ട്. കൂടാതെ എണ്ണയ്ക്ക് മേലുള്ള ഉപരോധം മറികടക്കാൻ തങ്ങളുടെ എണ്ണയുടെ ഭൂരിഭാഗവും അവർ വിൽക്കുന്നത് ചൈനയ്ക്കാണ്.
Content Highlights: China officially denies providing military assistance to Iran in 2026. Beijing threatens countermeasures if the US imposes new tariffs based on these allegations. The controversy stems from reports regarding Chinese satellite technology usage. China maintains a strategic balance between oil dependency on Iran and outward neutrality.
Published: 15 Apr 2026, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented