
ഒട്ടാവ: കാനഡയിലെ സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസ്സുള്ള ട്രാൻസ് വുമൺ ആണെന്ന് പോലീസ്. ജെസ്സി വാൻ റൂട്ട്‌സെലാർ എന്നാണ് പ്രതിയുടെ പേരെന്നും സ്‌കൂളിലെ വെടിവെപ്പിന് മുൻപ് അമ്മയെയും സഹോദരനെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പ്രതിയായ ജെസ്സി വെടിവെപ്പ് നടന്ന സ്‌കൂളിലെ പൂർവ വിദ്യാർഥിയാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. അതേസമയം, പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിൽ വെടിവെപ്പുണ്ടായത്. തോക്കുമായി സ്‌കൂളിലെത്തിയ ജെസ്സി സ്‌കൂളിലുണ്ടായിരുന്നവർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ജെസ്സി സ്വയം വെടിവെച്ച് മരിച്ചു.
വീട്ടിൽവെച്ച് ആദ്യം അമ്മയെയും സഹോദരനെയുമാണ് ജെസ്സി ആദ്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്‌കൂളിലെത്തി ആക്രമണം തുടരുകയായിരുന്നു. ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരാണ് ഇവിടെവെച്ച് കൊല്ലപ്പെട്ടവർ. ആക്രമണത്തിൽ 24 പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
ട്രാൻസ്‌ജെൻഡർ സ്ത്രീയായ ജെസ്സി നാലുവർഷം മുൻപ് പഠനം ഉപേക്ഷിച്ചിരുന്നു. ജെസ്സിയുടെ പേരിൽ നേരത്തേ ഒരു തോക്ക് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ഇതിന്റെ കാലാവധി കഴിഞ്ഞതായാണ് വിവരം. പ്രതിയുടെ വീട്ടിൽനിന്ന് നേരത്തേ ആയുധങ്ങളും കണ്ടെടുത്തിരുന്നു. മാനസികപ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്ന ജെസ്സിയെക്കുറിച്ചുള്ള ആശങ്കകൾ പോലീസ് പലതവണ കുടുംബത്തെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്. നേരത്തേ പലതവണ പോലീസ് സംഘം ജെസ്സിയുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തുകയും ഒരിക്കൽ മാനസികാരോഗ്യ നിയമപ്രകാരം പരിശോധനയ്ക്കായി ജെസ്സിയെ കസ്റ്റഡിയിലെടുത്തിരുന്നതായും പോലീസ് പറഞ്ഞു.
ടംബ്ലർ റിഡ്ജിലെ വെടിവെപ്പ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിവെപ്പുകളിൽ ഒന്നാണെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചത്. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, സർക്കാർ സ്ഥാപനങ്ങളിൽ ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു. ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ വിദേശയാത്രകളും റദ്ദാക്കിയിട്ടുണ്ട്.
Content Highlights: 18-year-old trans woman Jessy V. Routslaar identified as suspect in fatal Canada school shooting. Attack preceded by family murders. Police confirm mental health concerns.
Published: 12 Feb 2026, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented