ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ബംഗ്ലാദേശ് പോലീസ്. ബംഗ്ലാദേശ് പോലീസിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) ആണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഷെയ്ഖ് ഹസീനയ്ക്കൊപ്പം മറ്റ് 11 പേര്‍ക്ക് എതിരെയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാന്‍ ബംഗ്ലാദേശ് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ ഇടക്കാലസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഹസീന ഗൂഡാലോചന നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവ വികാസം.
കോടതികൾ, പബ്ലിക് പ്രോസിക്യൂട്ടര്‍മാർ, അന്വേഷണ ഏജന്‍സികൾ തുടങ്ങിയവരിൽനിന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ അന്തർദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിനാണ് ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) ഹസീനയ്ക്കും മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഷെയ്ഖ് ഹസീനയെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് നിര്‍ദേശിച്ചിരുന്നു.
2024 ഓഗസ്റ്റിലാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് കടന്നത്. തുടര്‍ന്ന് ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ നിയമിക്കുകയായിരുന്നു. ഇന്ത്യയില്‍ എവിടെയാണ് ഷെയ്ഖ് ഹസീന താമസിക്കുന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ചില നേതാക്കളെയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുചിലര്‍ അറസ്റ്റ് ഒഴിവാക്കാനായി വിദേശരാജ്യങ്ങളിലേക്ക് കടന്നതായാണ് റിപ്പോർട്ട്.
Content Highlights: bangladesh police seek interpol red notice against sheikh hasina
Published: 20 Apr 2025, 11:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented