ധാക്ക: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഷെയ്ഖ് ഹസീനയെയും മുന്‍ ആഭ്യന്തരമന്ത്രി അസദുദ്ദീന്‍ ഖാന്‍ കമാലിനെയും വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യത്തോട് ഇന്ത്യ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്റര്‍പോളിനെ സമീപിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരിക്കുന്നത്.

To advertise here,

ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍ രാജ്യംവിട്ട രണ്ട് കുറ്റവാളികള്‍ക്കുമായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ബംഗ്ലാദേശ് ഇന്റര്‍പോളിനോട് ആവശ്യപ്പെടുക. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്നും പ്രോസിക്യൂട്ടര്‍ ഗാസി എം.എച്ച്. തമീം ബംഗ്ലാദേശി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപ്രതികളും ഒളിവിലാണ്. ട്രിബ്യൂണലിന്റെ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിന് നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇനി ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍ പുതിയ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിനോട് അഭ്യര്‍ഥിക്കും. വിദേശകാര്യ മന്ത്രാലയം വഴിയാണ് ഈ നടപടികളെന്നും പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിലെ ഭരണവിരുദ്ധപ്രക്ഷോഭം അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യംചെയ്‌തെന്ന കേസിലാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിന്റെ (ഐസിടി-ബിഡി) മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചത്. ഹസീനയ്‌ക്കൊപ്പം കേസില്‍ പ്രതിയായ, അവാമി ലീഗ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അസദുദ്ദീന്‍ ഖാന്‍ കമാല്‍ ഖാനും ട്രിബ്യൂണല്‍ വധശിക്ഷവിധിച്ചിരുന്നു. ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടിയ ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണയും വിധിപ്രസ്താവവും. മുന്‍ മന്ത്രി അസദുദ്ദീന്‍ ഖാനും ഇന്ത്യയിലാണുള്ളത്.

അതേസമയം, കുറ്റവാളികളെ കൈമാറാന്‍ നിലവിലുള്ള ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ അംഗീകരിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളാണെങ്കില്‍ കൈമാറേണ്ടതില്ലെന്ന് കരാര്‍വ്യവസ്ഥയുടെ ആറാം അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നുണ്ട് എന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കൊലപാതകക്കേസുകളാണെങ്കില്‍ അതില്‍ ഉള്‍പ്പെട്ടവരെ കൈമാറണമെന്ന വ്യവസ്ഥ 2024 ഡിസംബറില്‍ ബംഗ്ലാദേശ് ഉള്‍പ്പെടുത്തിയിരുന്നു. ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.