ന്യൂഡൽഹി: 25 പേരുടെ മരണത്തിനിടയാക്കിയ ഗോവയിലെ നിശാക്ലബ്ബ് തീപ്പിടിത്തത്തിന് മണിക്കൂറുകൾക്ക് ശേഷം തായ്ലാൻഡിലേക്ക് കടന്ന ക്ലബ് ഉടമകളായ ഗൗരവ് ലൂത്ര, സൗരഭ് ലൂത്ര എന്നിവർക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സൂചന. മറ്റൊരു ഉടമയായ അജയ് ഗുപ്തയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തിവരികയാണ്. ക്ലബ് ഉടമകൾക്കും മാനേജർക്കുമെതിരെ കുറ്റകരമായ നരഹത്യ, അനാസ്ഥ, സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികൾ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

To advertise here,

ഞായറാഴ്ച പുലർച്ചെ 5:30 നുള്ള വിമാനത്തിലാണ് ലൂത്ര സഹോദരങ്ങൾ തായ്ലാൻഡിലെ ഫുക്കറ്റിലേക്ക് പറന്നതെന്ന് മുംബൈ വിമാനത്താവളത്തിലെ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ കണ്ടെത്തി. സംഭവസമയത്ത് അവർ ഡൽഹിയിലായിരുന്നു. ഇവർക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഡൽഹി, ഗോവ പോലീസുകൾ ലൂത്ര സഹോദരൻമാരുമായി ബന്ധമുള്ള കേന്ദ്രങ്ങളിലും ശൃംഖലകളിലും സംയുക്തമായി റെയ്ഡ് നടത്തുകയാണ്. മാനേജർ ഉൾപ്പെടെ നാല് ക്ലബ് ജീവനക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു.

ബീർച്ചിലുണ്ടായ നിർഭാഗ്യകരമായ സംഭവത്തെത്തുടർന്നുണ്ടായ ദുരന്തത്തിൽ ജീവഹാനിയുണ്ടായതിൽ മാനേജ്മെന്റ് അതീവ ദുഃഖിതരാണെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം വഴി പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോടൊപ്പം നൈറ്റ് ക്ലബ് ഉറച്ചുനിൽക്കുന്നുവെന്നും ബാധിക്കപ്പെട്ട എല്ലാവർക്കും മാനേജ്മെന്റ് പൂർണ്ണ സഹകരണവും പിന്തുണയും നൽകുമെന്നും സൗരഭ് ലൂത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.