കൊച്ചി: വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ ശ്രമംതുടങ്ങി. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൂറിലധികംപേരെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയിലെത്തിക്കാൻ ആഭ്യന്തര -വിദേശ മന്ത്രാലയങ്ങൾ അന്വേഷണ ഏജൻസികളുമായിച്ചേർന്ന് നടത്തുന്ന 'ഓപ്പറേഷൻ ഗ്ലോബൽ ഹണ്ടി'ന്റെ ഭാഗമായാണ് നടപടികൾ. വർഷങ്ങളായി വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളികളുൾപ്പെടെയുള്ളവരിൽ 12 പേർ സംസ്ഥാന പോലീസ് രജിസ്റ്റർചെയ്ത ലഹരിക്കേസുകളിലുള്ളവരും ബാക്കി എൻ.സി.ബി.യുടെ കേസുകളിൽ ഉൾപ്പെട്ടവരുമാണ്.

To advertise here,

യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽനിന്ന് കൊക്കെയ്ൻ, ഹെറോയിൻ, എൽ.എസ്.ഡി. തുടങ്ങിയ മയക്കുമരുന്നുകൾ ഇന്ത്യയിലേക്കും ആഗോളവിപണിയിലേക്കും എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണിവർ. ഇവരുടെ ഏജന്റുമാരിൽ പലരും നേരത്തേ പിടിയിലായിരുന്നു.

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട്

വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്റർപോളിന്റെയും സഹായത്തോടെ സി.ബി.ഐ., എൻ.സി.ബി. വിവിധ സംസ്ഥാന അന്വേഷണ ഏജൻസികൾ തുടങ്ങിയവയാണ് ഓപ്പറേഷൻ ഗ്ലോബൽ ഹണ്ടിന് നേതൃത്വംനൽകുന്നത്. പ്രതികളുടെ പേരിൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും.

ഇതിലൂടെ പ്രതികളുടെ പാസ്‌പോർട്ട് റദ്ദാക്കും. തുടർന്ന് വിദേശരാജ്യങ്ങളുടെ സഹായത്തോടെ നാടുകടത്താനുള്ള നടപടികൾ ഏകോപിപ്പിക്കും.

ഇന്ത്യയിലെത്തുമ്പോൾത്തന്നെ ഇവരെ അറസ്റ്റുചെയ്ത് അന്വേഷണ ഏജൻസികൾക്ക് കൈമാറും.