ന്യൂഡല്‍ഹി: 13,000 കോടി രൂപയുടെ വന്‍ കൊക്കെയ്ന്‍ വേട്ടയുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന റിഷഭ് ബയ്സോയക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടിച്ചെടുത്ത 13,000 കോടി രൂപയുടെ കൊക്കെയ്ന്‍ കേസില്‍ പ്രതിയാണ് റിഷഭ്. ഇതോടെ പ്രതിക്കായി ആഗോളതലത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

To advertise here,

പ്രതിയുടെ അസാന്നിധ്യത്തില്‍ വിചാരണ (trial in absentia) നടത്തണമെന്ന് സ്‌പെഷ്യല്‍ സെല്‍ ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന റിഷഭിനെ നേരത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ലോകമെമ്പാടുമുള്ള നിയമ നിര്‍വ്വഹണ ഏജന്‍സികളോട് ഒരു വ്യക്തിയെ കണ്ടെത്തി കൈമാറുന്നതുവരെ തടങ്കലില്‍ വയ്ക്കാന്‍ ഇന്റര്‍പോള്‍ നല്‍കുന്ന അഭ്യര്‍ത്ഥനയാണ് റെഡ് നോട്ടീസ്. കൊലപാതകം, മോഷണം, അഴിമതി തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് ഇത് പുറപ്പെടുവിക്കുന്നത്. റെഡ് നോട്ടീസിലൂടെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സ്വത്തുക്കള്‍ മരവിപ്പിക്കാനും കൈമാറ്റ നടപടികള്‍ എളുപ്പമാക്കാനും സാധിക്കും. 

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ തലവനെന്ന് കരുതപ്പെടുന്ന വീരേന്ദര്‍ സിങ്‌ ബയ്സോയ എന്ന വീരുവിന്റെ മകനാണ് റിഷഭ്. 2024 ഒക്ടോബര്‍ ഒന്നിന് കൂട്ടുപ്രതിയായ ജതീന്ദര്‍ സിങ്‌ ഗില്‍ എന്ന ജസ്സിക്ക് മയക്കുമരുന്ന് കടത്താനായി റിഷഭ് വാഹനം നല്‍കിയതായി പോലീസ് കണ്ടെത്തിയതോടെയാണ് ഇയാളുടെ പങ്ക് വ്യക്തമായത്.

'പഞ്ചാബിലെ അജ്നാലയിലുള്ള  ഗ്രാമത്തില്‍വെച്ച്  ഈ വാഹനത്തിൽനിന്ന്‌ പോലീസ് ഏകദേശം ഒരു കിലോഗ്രാം കൊക്കെയ്ന്‍/ മെഫിഡ്രോണ്‍ പിടിച്ചെടുത്തു. ഹഡ്കോ പ്ലേസിലെയും ഡല്‍ഹിയിലെ പഞ്ചശീല്‍ എന്‍ക്ലേവ് ഏരിയയിലെ ഒരു ഹോട്ടലിലെയും സിസിടിവി ദൃശ്യങ്ങളില്‍ റിഷഭും ജതീന്ദറും ഒരുമിച്ചുള്ളത് കണ്ടെത്തിയിട്ടുണ്ട്.' കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

തെക്കേ അമേരിക്കയില്‍നിന്ന് കൊണ്ടുവന്ന കൊക്കെയ്ന്‍ രാജ്യത്തുടനീളം വിതരണം ചെയ്യാന്‍ ഫാര്‍മസ്യൂട്ടിക്കല്‍, ഷെല്‍ കമ്പനികള്‍ ഉപയോഗിച്ചിരുന്നതായി സ്‌പെഷ്യല്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ഇവ ഡല്‍ഹി, പഞ്ചാബ്, മുംബൈ, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലെ സംഗീത പരിപാടികളിലും റേവ് പാര്‍ട്ടികളിലും വില്‍ക്കുന്നതിനായി സംഭരിച്ചുവെച്ചു. ഷര്‍ട്ടുകളും നംകീന്‍ മിശ്രിതങ്ങളും അടങ്ങിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

പാകിസ്താനില്‍നിന്നും ദുബായില്‍നിന്നുമാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും തായ്ലന്‍ഡ്, മലേഷ്യ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ ഇവര്‍ക്ക് അംഗങ്ങളുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.