ധാക്ക: ബംഗ്ലാദേശിനെ വലച്ച് ഊർജ പ്രതിസന്ധി. പ്രകൃതിവാതകത്തിന്റെ ലഭ്യതക്കുറവ് മൂലം രാജ്യം കടുത്ത വൈദ്യുതി തടസ്സങ്ങൾ നേരിടുന്നതിനാൽ വ്യാപാരസ്ഥാപനങ്ങൾ നേരത്തെ അടയ്ക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. പ്രതിസന്ധി പരിഹരിക്കാൻ ബംഗ്ലാദേശ് ഇന്ത്യയോട് കൂടുതൽ ഡീസൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ, പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്റെ കടുത്ത ക്ഷാമമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ മാസം അമേരിക്കൻ കമ്പനിയായ എക്‌സെലറേറ്റ് എനർജിയുടെ ഉടമസ്ഥതയിലുള്ള ഒരു എൽഎൻജി ടെർമിനലിലുണ്ടായ തീപിടുത്തം രാജ്യത്തെ എൽഎൻജി വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുകൂടാതെ കടലിലെ മോശം കാലാവസ്ഥ കാരണം രണ്ട് എൽഎൻജി കപ്പലുകൾക്ക് ബംഗ്ലാദേശിലെ ടെർമിനലുകളിൽ ഇന്ധനം ഇറക്കാൻ സാധിച്ചില്ല. ഇത് ഗ്യാസ് ക്ഷാമം വർധിപ്പിക്കുകയും വൈദ്യുതി ഉത്പാദനത്തെ ബാധിക്കുകയും ചെയ്തു. ഏകദേശം1,500 മെഗാവാട്ട് വൈദ്യുതിയുടെ ക്ഷാമമാണ് ഇതിലൂടെ മാത്രം ഉണ്ടായത്.
രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടും ഉഷ്ണതരംഗവും വൈദ്യുതിയുടെ ആവശ്യം വർധിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഏകദേശം 18,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യമുണ്ടെങ്കിലും 13,000 മെഗാവാട്ട് മാത്രമേ വിതരണം ചെയ്യാൻ സാധിക്കുന്നുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഊർജ്ജ സംരക്ഷണത്തിനായി ഷോപ്പിംഗ് മാളുകളും കടകളും രാത്രി 8 മണിക്ക് അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലകളിൽ ദീർഘനേരത്തെ പവർകട്ട് അനുഭവപ്പെടുന്നത് കൃഷിയെയും വ്യവസായങ്ങളെയും സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഉൾപ്രദേശങ്ങളിൽ 8 മുതൽ 10 മണിക്കൂർ വരെ പവർ കട്ട് നേരിടുന്നതായാണ് പരാതികൾ.
നിലവിലെ പ്രതിസന്ധി മറികടക്കാൻ ബംഗ്ലാദേശ് ഇന്ത്യയോട് അധികമായി ഡീസൽ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് ഊർജ്ജ മന്ത്രി ഇഖ്ബാൽ ഹസൻ മഹ്‌മൂദ് ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിൽ നിന്ന് ഡീസൽ എത്തിക്കുന്നതിനായി ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ എന്ന സംവിധാനമുണ്ട്. 2017-ൽ പ്രവർത്തനം ആരംഭിച്ച ഈ പൈപ്പ്ലൈനിന് ബംഗ്ലാദേശിന്റെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായക പങ്കുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള 15 വർഷത്തെ കരാർ പ്രകാരം ഇന്ത്യ പ്രതിവർഷം 1,80,000 മെട്രിക് ടൺ ഡീസൽ ബംഗ്ലാദേശിന് നൽകാൻ ബാധ്യസ്ഥരാണ്. ഈ വർഷം തുടക്കത്തിൽ പശ്ചിമേഷ്യയിലെ പ്രതിസന്ധികളെ തുടർന്ന് ബംഗ്ലാദേശിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായപ്പോൾ ഇന്ത്യ 30,000 ടണ്ണിലധികം ഡീസൽ ബംഗ്ലാദേശിലേക്ക് അയച്ചിരുന്നു.
Content Highlights: Bangladesh is facing a severe power and energy crisis due to natural gas shortages., LNG terminal fire and bad weather disrupted fuel supplies, causing a 1,500 MW electricity deficit., Heatwaves have driven up power demand to 18,000 MW while only 13,000 MW is supplied., Government ordered shopping malls and shops to close by 8 PM to conserve energy., Bangladesh has requested additional diesel supplies from India via the India-Bangladesh Friendship Pipeline.
Published: 13 Aug 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented