വേണ്ടത് ലിറ്റർ കണക്കിന് വെള്ളവും മെഗാവാട്ട് വൈദ്യുതിയും; എഐ ജല, ഊർജ ക്ഷാമത്തിന് കാരണമാകുമോ?
എഐ ഉപയോഗിച്ച് ഒരു ഫോട്ടോ ഉണ്ടാക്കണം, ഒരു ഇമെയിൽ ഡ്രാഫ്റ്റ് ചെയ്തു തരണം. അല്ലെങ്കിൽ ഒരു കോഡിങ് ശരിയാക്കിതരണം. ഇങ്ങനെ ചെറുതും വലുതുമായ എത്ര ആവശ്യങ്ങൾ ഒരു ദിവസം നിങ്ങൾ ചാറ്റ് ജിപിടിയോടോ ജെമിനൈയോടൊ ഒക്കെ ചോദിക്കാറുണ്ട്. നിങ്ങളുടെ ഒരു കുഞ്ഞുസംശയം തീർക്കാൻ പോലും എത്ര വൈദ്യുതിയും വെള്ളവും വേണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതെന്തായാലും ഗൂഗിളിൽ ചെർച്ച് ചെയ്തു കാര്യങ്ങളറിയുന്നതിനേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്. ആ കണക്ക് പിന്നാലെ പറയാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അഥവാ നിർമിത ബുദ്ധിക്ക് സൈബർ സ്പേസിൽ വലിയ പ്രാധാന്യം കൈവന്നതോടെ ലോകത്തിലെ ഊർജ്ജ ഉപയോഗത്തിൽ വലിയ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. ഇത് ജലക്ഷാമം മുതൽ വൈദ്യുതി ക്ഷാമം വരെ സൃഷ്ടിക്കുന്നുണ്ട്. ക്ലൗഡിൽ പ്രവർത്തിക്കുന്ന എഐക്ക് എന്തിനാണ് ഭൂമിയിലെ ജലം? അതെങ്ങനെയാണ് വൈദ്യുതി ക്ഷാമമുണ്ടാക്കുന്നത്.
പേര് ക്ലൗഡ് എന്നാണെങ്കിലും, സത്യത്തിൽ ഈ ചാറ്റ് ജിപിടിയടക്കം നമുക്ക് വേണ്ടതൊക്കെ ചെയ്ത് തരുന്ന എഐ സങ്കേതങ്ങളുള്ള വെർച്വൽ ലോകം ഇങ്ങ് ഭൂമിയിൽ തന്നെയാണ്. ആയിരക്കണക്കിന് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളും എഐ സെർച്ച്, ചാറ്റ്ബോട്ട് സംവിധാനങ്ങളുമൊക്കെയടങ്ങുന്ന ഡേറ്റാ സെന്ററുകൾ ലോകത്തിലെ പല പ്രധാന നഗരങ്ങളിലോ അവയുടെ പ്രാന്തപ്രദേശങ്ങളിലോ ഒക്കെയാണ്. ഇന്ത്യയിലെ 278 ഓളം വരുന്ന ഡേറ്റാ സെന്ററുകളാണെങ്കിൽ മുംബൈ, ബെംഗലുരു, ഹൈദരാബാദ്, ഡെൽഹി - നോയ്ഡ നഗരങ്ങളെ ചുറ്റിപ്പറ്റിയാണ്. ഇവ പലതും നിലവിൽ ജലക്ഷാമമുള്ള മേഖലകളിലുമാണ് സ്ഥിതി ചെയ്യുന്നത്.
ക്ലൗഡിലെ ജോലികളെല്ലാം നടക്കുന്നത് ഭൂമിയിലെ വലിയ ഡാറ്റാ സെന്ററുകളിലാണെന്ന് പറഞ്ഞല്ലോ. ഡേറ്റാ സെന്ററുകൾക്ക് പ്രവർത്തിക്കാൻ വൈദ്യുതി വേണം, ചൂടാവുമ്പോൾ തണുപ്പിക്കാൻ വെള്ള വേണം. ഇല്ലെങ്കിൽ അവ പതുക്കെയാകും, ക്രമേണ പ്രവർത്തിക്കാതെയാകും. എഐ വന്നതോടെ ഈ ഡേറ്റാ സെന്ററുകളുടെ പണി കൂടി. ഉദാഹരണത്തിന് ചാറ്റ് ജിപിടിയോടുള്ള ഒരു ചോദ്യത്തിന് മറുപടി നൽകാൻ സാധാരണ ഒരു ഗൂഗിൾ സെർച്ചിനേക്കാൾ അഞ്ചിരട്ടി കൂടുതൽ വൈദ്യുതി വേണം. അതിനനുസരിച്ച് ഡേറ്റാ സെന്ററുകൾ ഉത്സാഹത്തോടെ പ്രവർത്തിക്കണം. ഒരു ചിത്രമുണ്ടാക്കാൻ സ്മാർട്ട്ഫോൺ ഒരു തവണ ഫുൾ ചാർജ് ചെയ്യുന്നത്ര ഊർജം വേണമെന്നാണ് ഒരു കണക്ക്. ഡാറ്റാ സെന്ററുകൾ ഓരോ കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുമ്പോഴും, ചിപ്പുകൾ തണുപ്പിക്കാൻ ഏകദേശം രണ്ട് ലിറ്ററും വെള്ളം വേണം. ഇല്ലെങ്കിൽ സിസ്റ്റം ചൂടാകും. അതായത് എഐ ലോകത്തെ മാറ്റി മറിക്കുമ്പോഴും, അത് പ്രകൃതിക്കും അവ മനുഷ്യന്റെ നിലനിൽപ്പിനും മേൽ ചെലുത്തുന്ന ഭാരം ചില്ലറയല്ലെന്ന് സാരം.
ഇനിയുമുണ്ട് കാര്യങ്ങൾ. ഡേറ്റാ സെന്ററുകൾ ചൂടു പിടിപ്പിക്കുമ്പോൾ തണുപ്പിക്കാനാണ് ജലമുപയോഗിക്കുന്നത്. ലിക്വിഡ് കൂളിങ്, ഇവേപ്പറേറ്റീവ് കൂളിങ്ങ് തുടങ്ങി സാങ്കേതികമായി പലവഴിയുണ്ടെങ്കിലും അടിസ്ഥാനം ജലമാണ്. അന്തരീക്ഷത്തിൽ ചൂടു കൂടുന്ന കാലത്ത് ജലത്തിന്റെ ആവശ്യവും കൂടും. അന്തരീക്ഷത്തിൽ ചൂട് കൂടുന്ന കാലത്ത് തന്നെയാണ് ജലക്ഷാമവുമുണ്ടാകുക. അത് രംഗം വഷളാക്കും. അതാണ് അടുത്തിടെ ഉയർന്നുവന്ന ചർച്ചകൾക്കൊക്കെ അടിസ്ഥാനം.
വെള്ളവും കൂടിച്ചുതീർക്കും എഐ
സെർവറുകൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ചൂട് കുറയ്ക്കാൻ വലിയ തോതിൽ ജലം ആവശ്യമാണെന്ന് പറഞ്ഞുവല്ലോ. ഒരു ശരാശരി ഡാറ്റാ സെന്റർ പ്രതിദിനം 2 മുതൽ 19 ദശലക്ഷം ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ജി.പി.യു. ചിപ്പുകളുടെ റാക്കുകൾ ചൂടായി ഉരുകിപ്പോകാതിരിക്കാൻ ഒരു ചെറിയ നഗരത്തിനാകമാനം ആവശ്യമായ വെള്ളമാണ് ഡാറ്റാ സെന്ററിൽ ഉപയോഗിക്കുന്നത്.
2027-ഓടെ എഐയുടെ മാത്രം ഉപയോഗത്തിനായി 4.2 മുതൽ 6.6 ശതകോടി ക്യുബിക് മീറ്റർ വെള്ളം ഭൂമിയിൽ നിന്ന് ഉപയോഗിക്കുമെന്നാണ് കണക്കുകൾ. 2028-ഓടു കൂടി എ.ഐ. ഡാറ്റാ സെന്ററുകൾ 1 ലക്ഷം കോടി ലിറ്ററിലേറെ വെള്ളവും ഉപയോഗിച്ചേക്കും. ഇത് ആഗോളതലത്തിൽ കുടിവെള്ള ക്ഷാമത്തിന് കാരണമാവും. തായ്‌വാനിൽ സെമികണ്ടക്ടർ ചിപ്പുകൾ നിർമ്മിക്കാനായി കൃഷിക്ക് നൽകേണ്ട വെള്ളം നിയന്ത്രിക്കേണ്ടി വന്ന സാഹചര്യം ഇതിനകം ഉണ്ടായിക്കഴിഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വിപുലീകരിച്ചാൽ ഡാറ്റാ സെന്ററുകൾക്ക് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനായേക്കും; എന്നാൽ വെള്ളത്തിന്റെ കാര്യം അങ്ങനെയല്ല. അനിയന്ത്രിതമായ അളവിൽ വ്യാവസായിക ആവശ്യത്തിനായുള്ള ജല ഉപയോഗം പരിസ്ഥിതിയെ സാരമായി ബാധിക്കും. ഇത് മുന്നിൽ കണ്ട് ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ അഭിമുഖീകരിക്കാൻ കമ്പനികളും ശ്രമിക്കുന്നുണ്ട്. വെള്ളത്തിന്‍റെ ഉപയോഗം കുറയ്ക്കാമെന്നാണ് ഓപ്പൺ എഐയുടെ ഉറപ്പ്. ഡാറ്റാ സെന്ററുകൾ തണുപ്പിക്കാൻ കടൽവെള്ളം ഉപയോഗിക്കുന്നതിനെക്കുറിച്ച് മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികൾ പരീക്ഷിക്കുന്നുണ്ട്. പക്ഷേ ഇത് സമുദ്രതാപനില ഉയർത്തുകയും സമുദ്രജീവികളുടെ നിലനിൽപ്പിന് ഭീഷണിയാവുകയും ചെയ്യുമെന്നതാണ് മറ്റൊരു പ്രശ്നം.
ഊറ്റിയെടുക്കുന്ന ഊർജം
ശാസ്ത്രജ്ഞർ പറയുന്നത്, OpenAI-യുടെ GPT-3 മോഡലിനെ പരിശീലിപ്പിക്കാൻ മാത്രം ഏകദേശം 1,287 മെഗാവാട്ട്- വൈദ്യുതി വേണ്ടിവന്നെന്നാണ്. അതായത് 120 അമേരിക്കൻ വീടുകൾക്ക് ഒരു വർഷം ഉപയോഗിക്കാനുള്ള വൈദ്യുതി. എ.ഐ. മോഡലുകളുടെ പ്രവർത്തനത്തിനനുസരിച്ച് വൈദ്യുതി ഉപയോഗം പിന്നെയും കൂടും. ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നതിനേക്കാൾ ഊർജം ഒരു വീഡിയോ ഉണ്ടാക്കാൻ വേണം. എ.ഐ. ലാർജ് ലാംഗ്വേജ് മോഡലിനെ പരിശീലിപ്പിക്കാനും വൻതോതിൽ ഊർജം ആവശ്യമാണ്.
സെർവറുകളുടെ ഓരോ റാക്കിനും 130 കിലോവാട്ടോ അതിൽ കൂടുതലോ വൈദ്യുതി വേണം. വലിയൊരു വീടിനേക്കാളും കൂടുതൽ വൈദ്യുതി ഡാറ്റാ സെന്ററിലെ ഈ ചെറിയൊരു ഭാഗത്തിന് മാത്രം ആവശ്യമാണ്. ഒരു വലിയ ഡാറ്റാ സെന്റർ കാമ്പസ് ശരാശരി 100 മെഗാവാട്ട് ശേഷിയിലാണ് ഇപ്പോൾ വിന്യസിക്കുന്നത്. അതായത് ഒരു ചെറിയ നഗരത്തിനോ ആയിരക്കണക്കിന് വീടുകൾക്കോ ആവശ്യമായ വൈദ്യുതി. ഇനി ഇതുമതിയാകുമെന്നും കരുതേണ്ട. ഈ ഡാറ്റാ സെന്ററുകളെല്ലാം ഭാവിയിൽ ഗിഗാവാട്ട് വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ച് നിർമിച്ചതാണ്. അതാണ് നേരത്തേ പറഞ്ഞത് എഐ സങ്കേതികരംഗത്തിന് പ്രവർത്തിക്കാൻ ഭാവിയിലേക്ക് ഇനിയും കുറേയധികം ഊർജം വേണമെന്ന്. സത്യത്തിൽ ഡാറ്റാ സെന്ററുകൾക്ക് പ്രവർത്തിക്കാൻ വേണ്ട ഊർജത്തിന്റെ ക്ഷാമമാണ് ഇന്ന് എ.ഐ. രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓപ്പൺ എ.ഐ., ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പെടെ വൻകിട കമ്പനികളെല്ലാം വൻ തുകയാണ് ഊർജ ഉപഭോഗത്തിനായി ചെലവഴിക്കുന്നത്.
ഈ വർഷം ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപയോഗം മണിക്കൂറിൽ 1,000 ടെറാവാട്ട്- കടക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത് ജപ്പാൻ എന്ന രാജ്യം മുഴുവൻ ഉപയോഗിക്കുന്ന വൈദ്യുതിക്ക് തുല്യമാണ്. വൈദ്യുതി ക്ഷാമം ഇപ്പോൾ തന്നെ ചൂടു പിടിച്ച ചർച്ചകളിലേക്ക് നയിച്ചിട്ടുണ്ട്.
എഐ കമ്പനികൾക്ക് വൻതോതിൽ വൈദ്യുതി ആവശ്യമായി വന്നതോടെ യുഎസിൽ വൈദ്യുതി ക്ഷാമം ആദ്യം നേരിട്ടു. അങ്ങനെ പ്രശ്നം പരിഹരിക്കാൻ കൂടുതൽ വൈദ്യുതി പ്ലാന്റുകൾ നിർമിക്കാൻ തീരുമാനിച്ചു. ഇതിന് വൈദ്യുതി ഓപ്പറേറ്റർമാർ ലേലം നടത്തി. അമിതമായ വൈദ്യുതി ആവശ്യം കാരണം, ഭാവിയിൽ വൈദ്യുതി തികയാതെ വരുമെന്ന ഭീതിയിൽ ഈ ലേല തുക കുത്തനെ കൂടി. പ്ലാന്റുകൾ നിർമിക്കാൻ വേണ്ടിവരുന്ന അധിക തുകയുടെ ഭാരം ഓപ്പറേറ്റർമാർ സാധാരണക്കാർക്ക് മേൽ ചുമത്തി. ഇതോടെ ബിൽ കുത്തനെ കൂടി. അവസാനം ലേലം നിർത്തിവെക്കാനും പുതിയ പവർപ്ലാന്റുകൾക്ക് വേണ്ടിയുള്ള അതിഭീമമായ ചെലവ് എഐ കമ്പനികളിൽ നിന്ന് തന്നെ ഈടാക്കണം എന്നും യുഎസിലെ വൈദ്യുതി വിതരണക്കാർക്ക് ട്രംപ് ഭരണകൂടവും വിവിധ സ്റ്റേറ്റ് ഗവർണർമാരും 2026 ജനുവരിയിൽ നിർദേശം നൽകി. വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിന് തങ്ങൾ പണം മുടക്കാൻ തയ്യാറാണെന്ന് ഓപ്പൺ എ.ഐ, ഗൂഗിൾ പോലുള്ള കമ്പനികൾ സമ്മതം അറിയിച്ചിട്ടുണ്ട്.
വൈദ്യുതിക്ഷാമം മാത്രമല്ല മുന്നിലുള്ള വെല്ലുവിളി. ഇപ്പോൾ ഉപയോഗിക്കുന്ന വൈദ്യുതിയിൽ 60 ശതമാനവും ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് വരുന്നത്. അതിനാൽ വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടും. ഇത് ആഗോളതാപനം കാലാവസ്ഥാ വ്യതിയാനം വായുമലിനീകരണം, സമുദ്ര ആവാസവ്യവസ്ഥയുടെ നാശം എന്നിവയ്ക്കെല്ലാം കാരണമാകും.
എഐ ഹാർഡ്‌വെയറുകളും ഭീഷണി
എഐ ഹാർഡ്‌വെയറുകൾ നിർമ്മിക്കാനും വലിയ വില നൽകേണ്ടതുണ്ട്. എഐ ചിപ്പുകൾക്കും ബാറ്ററി സ്റ്റോറേജിനും ആവശ്യമായ ലിഥിയം, കോബാൾട്ട്, ബോറോൺ തുടങ്ങിയ മൂലകങ്ങൾ ഖനനം ചെയ്യുന്നത് വനനശീകരണത്തിനും ജലമലിനീകരണത്തിനും കാരണമാകും. എഐ സാങ്കേതികവിദ്യ അതിവേഗം മാറുന്നതിനാൽ പുതിയ മോഡലുകൾ വരുമ്പോൾ പഴയ ഹാർഡ്‌വെയറുകൾ ഉപയോഗശൂന്യമാകും. ഇത് ലോകമെമ്പാടും ഇലക്ട്രോണിക് മാലിന്യങ്ങളുടെ വലിയ കൂമ്പാരമുണ്ടാക്കും. ഒരു ജി.പി.യു നിർമ്മിക്കാൻ സി.പി.യുവിനേക്കാൾ കൂടുതൽ ഊർജവും രാസപ്രക്രിയകളും ആവശ്യമാണ്. ഇത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കും.
വേണം സുസ്ഥിരമായ വളർച്ച
എഐ പരിസ്ഥിതി സൗഹൃദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് കമ്പനികൾ വാദിക്കാറുണ്ട്. എന്നാൽ, എണ്ണ-വാതക കമ്പനികൾ പുതിയ ഇന്ധന ശേഖരങ്ങൾ കണ്ടെത്താൻ എഐ ഉപയോഗിക്കുന്നത് ഇതിനൊരു വൈരുദ്ധ്യമാണ്. പരിസ്ഥിതിക്ക് വേണ്ടിയുള്ള എഐ പ്രായോഗികമായി എത്രത്തോളം ഫലപ്രദമാണെന്നതിന് കൃത്യമായ തെളിവുകളില്ല.
എന്തായാലും എഐ ഇല്ലാതെയൊരു ലോകം ഇനി സാധ്യമല്ല. എന്നാൽ എഐയുടെ വളർച്ച സുസ്ഥിരമായിരിക്കണം. ജനറേറ്റീവ് എ.ഐ. സാങ്കേതികവിദ്യകൾ ഇത്രയേറെ ശക്തിയാർജിച്ചിട്ട് ഒരു ദശാബ്ദം പോലുമായിട്ടില്ല. അമിതമായ ജലഉപയോഗവും ഊർജ ഉപയോഗവുമെല്ലാം നിലവിൽ ഈ രംഗത്തെ പരിമിതികളാവാം. ഭാവിയിൽ ഇതെല്ലാം പരിഹരിക്കപ്പെടണം. ഡാറ്റാ സെന്ററുകൾക്ക് 100% പുനരുപയോഗ ഊർജം ഉറപ്പാക്കണം. ജല ഉപഭോഗം കുറയ്ക്കുന്ന നൂതന കൂളിംഗ് സംവിധാനങ്ങൾ വികസിപ്പിക്കണം. ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമായി എഐയുടെ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കണം. എ.ഐ.യുടെ മുന്നേറ്റം മനുഷ്യവംശത്തിന് പ്രയോജനം ചെയ്യുന്നതിനൊപ്പം, അതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കാത്ത വിധം വികസിപ്പിച്ചെടുക്കാനും കമ്പനികൾക്ക് സാധിക്കണം.
Content Highlights: AI data centers require massive water cooling, leading to local water scarcity. Electricity consumption for AI models is surging, impacting global power grids. 2026 mandates in the US require AI firms to fund infrastructure upgrades. Hardware production causes significant electronic waste and resource depletion. Sustainable AI growth requires 100% renewable energy and efficient cooling.
Published: 31 May 2026, 06:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented