ന്യൂഡൽഹി: യെമനിൽ ഹൂതി ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടെ തന്ത്രപ്രധാന ചരക്കുപാതയായ ബാബ് എൽ മാണ്ടെബ് വഴിയുള്ള ഇന്ത്യയുടെ ഊർജ വിതരണം തടസ്സമില്ലാതെ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

സൗദി അറേബ്യയുടെ അതിർത്തി പ്രദേശങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സ്ഥിരതയ്ക്കും ബാബ് എൽ മാണ്ടെബ് വഴിയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

യു.എസ്-ഇറാൻ സംഘർഷം കാരണം ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് എൽ മാണ്ടെബ് പാത ഇന്ത്യക്ക് ഏറെ നിർണായകമാണ്. ക്ലെപ്ലറിന്റെ വിവരങ്ങൾ അനുസരിച്ച്, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയിലധികവും ഇപ്പോൾ ഈ പാതയിലൂടെയാണ് നടക്കുന്നത്. ബാബ് എൽ മാണ്ടെബിലെ തടസ്സങ്ങൾ നീണ്ടുനിന്നാൽ അത് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ലഭ്യതയെയും ഊർജ സുരക്ഷയെയും പ്രതികൂലമായി ബാധിച്ചേക്കാം.

അതിനിടെ, ബാബ് എൽ മാണ്ടെബിന് വടക്കുള്ള ദുബാബ് മേഖലയിലേക്ക് തങ്ങൾ മുന്നേറിയതായി യെമെൻ സർക്കാർ അനുകൂലസേന അറിയിച്ചു. ഹൂതികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ ജിബൂട്ടിയിലെ യു.എസ്. സേനാതാവളത്തിൽനിന്ന് 32 കിലോമീറ്റർ മാത്രം അകലെയാണ്. സംഘർഷത്തിൽ നേരിട്ടിടപെടില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ചെങ്കടൽമേഖലയിലെ മുന്നേറ്റത്തോടെ ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കടൽപ്പാതയായ ബാബ് എൽ മാണ്ടെബിലെ കപ്പൽഗതാഗതത്തെ സ്വാധീനിക്കാനുള്ള ഹൂതികളുടെ ശേഷി വലിയതോതിൽ വർധിച്ചിട്ടുണ്ട്.

യെമനിലെ ആഭ്യന്തരയുദ്ധവും ചെങ്കടൽ തീരത്തെ സംഘർഷങ്ങളും ആഗോള ഊർജ വിതരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വിപണിയിലെ ഏറ്റവുംവലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ് ലൈനുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ ആഗോള വിപണിയിൽ എണ്ണവില വർധിക്കാനും കാരണമായിട്ടുണ്ട്.