ജയ്പുർ: കേന്ദ്ര സർക്കാരിന്റെ ഇന്ത്യ ഫസ്റ്റ് നയവും നയതന്ത്ര ഇടപെടലുകളും ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഇന്ത്യയെ സുരക്ഷിതമായി നയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ പെട്രോളിന്റെയോ ഡീസലിന്റെയോ ദൗർലഭ്യം ഉണ്ടാകാതെ നോക്കാൻ ഈ നയങ്ങൾക്ക് സാധിച്ചു. രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കിയെന്നും അദ്ദേഹം രാജസ്ഥാനിൽ പറഞ്ഞു.
ലോകമെമ്പാടും ഡീസൽ വിലയിൽ 40 ശതമാനത്തോളം വർദ്ധനവുണ്ടായെങ്കിലും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പെട്രോൾ പ്രതിസന്ധിയെക്കുറിച്ച് പലതരത്തിലുള്ള കിംവദന്തികൾ പരന്നിരുന്നെങ്കിലും അവയൊന്നും വിജയിച്ചില്ലെന്നും ഇന്ധന വിതരണത്തിൽ ഒരു വെല്ലുവിളിയും നേരിട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തതിലൂടെ രാജ്യതാൽപ്പര്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ലോകത്തിന് കാട്ടിക്കൊടുത്തതായും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തന്നെ സംസ്കരിച്ച ഇന്ധനം കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചു.
അന്താരാഷ്ട്ര തലത്തിലെ വിലക്കയറ്റം അനുസരിച്ച് എൽപിജി നിരക്ക് 2000 രൂപ വരെ ഉയരാമായിരുന്നുവെന്നും എന്നാൽ സർക്കാർ 950 രൂപയ്ക്കാണ് സിലിണ്ടറുകൾ വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ തടസ്സങ്ങളുണ്ടായിട്ടും പാചകവാതകത്തിന്റെ സുഗമമായ വിതരണം സർക്കാർ ഉറപ്പാക്കി. കൂടാതെ, ഉജ്ജ്വല യോജന വഴി ദരിദ്രർക്ക് സിലിണ്ടറുകൾ ലഭ്യമാക്കിയതായും ഇത് സാധാരണക്കാരുടെ ഭാരം കുറച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ റിഫൈനറി പദ്ധതിയുടെ വേഗത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും റിഫൈനറി വന്നതോടെ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഏകദേശം 54,000 യുവാക്കൾക്ക് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകൾ നൽകിയതായും ജയ്പുരിൽ മെട്രോ പദ്ധതി വിപുലീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭാരതീയ ജനതാ പാർട്ടി നൽകുന്ന വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കപ്പെടാതെ പോകാറില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയുമാണ് പ്രതിസന്ധി ഘട്ടങ്ങളെ മറികടന്നത്. നയതന്ത്ര മേഖലയിലെ വിജയം ഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ തുണയായെന്നും വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
Content Highlights: PM Modi highlights how the 'India First' policy prevented fuel shortages and kept LPG prices stable.
Published: 04 Jul 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented