
ന്യൂഡൽഹി: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്. ഒരു ബി-2 ബോംബർ വിമാനം, അമേരിക്കൻ എയർബേസിന് മുകളിലൂടെ പറന്ന് താഴെയിറങ്ങുന്നത് ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ കാണാം.
'ഇറാനിലെ ആക്രമണത്തിന് ശേഷം ബി-2 ബോംബറുകൾ മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 'ലോകം കണ്ടതിൽ വെച്ച് സ്വാതന്ത്ര്യത്തിനായുള്ള ഏറ്റവും വലിയ ശക്തിയായ യുഎസ് സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ.' വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു. 'വെൽകം ഹോം, ബോയ്സ്' എന്ന കുറിപ്പോടെ പെന്റഗണിന്റെ ഔദ്യോഗിക റാപ്പിഡ് റെസ്പോൺസ് സംഘവും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോർദൊ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണം പൂർത്തിയാക്കിയെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റിൽ അവകാശപ്പെട്ടത്. ഇറാൻ്റെ ആണവ സമ്പുഷ്ടീകരണശേഷി നശിപ്പിച്ച് ലോകത്തിലെ ഒന്നാം നമ്പർ ഭീകരവാദത്തിന് ധനസഹായം നൽകുന്ന രാജ്യം ഉയർത്തുന്ന ആണവ ഭീഷണിക്ക് അന്ത്യം വരുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇറാനെതിരായ അമേരിക്കൻ ആക്രമണം അതിശയകരമായ സൈനിക വിജയമായിരുന്നു. ഇറാൻ്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണമായും തുടച്ചുമാറ്റപ്പെട്ടു-ട്രംപ് പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങളെ തകർക്കാൻ മാസീവ് ഓർഡനൻസ് പെനട്രേറ്റർ എന്ന ബങ്കർ ബസ്റ്റർ ബോംബുകളാണ് യു.എസ് ഉപയോഗിച്ചത്. ആണവായുധമല്ലാത്ത ഏറ്റവും മാരകമായ ബോംബുകളിലൊന്നാണ് എം.ഒ.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ബങ്കർ ബസ്റ്റർ ബോംബുകൾ. ഭൂമിക്കടിയിൽ ആഴത്തിൽ കോൺക്രീറ്റുകളാലും പാറകളാലും സുരക്ഷിതമാക്കിയിട്ടുള്ള കേന്ദ്രങ്ങളെ നശിപ്പിക്കുന്നതിനുപയോഗിക്കുന്ന ബോംബാണ് എം.ഒ.പി. സാധാരണ യുദ്ധവിമാനങ്ങളിൽനിന്ന് ഇതിനെ പ്രയോഗിക്കുക അസാധ്യമാണ്. ഇതിന്റെ ഭാരവും നിയന്ത്രണവുമൊക്കെ ഇത്തരം യുദ്ധവിമാനങ്ങൾക്ക് താങ്ങാൻ സാധിക്കില്ല. യുഎസിന്റെ പക്കലുള്ള ബി-2 സ്പിരിറ്റ് എന്ന ബോംബർ വിമാനങ്ങൾക്ക് മാത്രമേ നിലവിൽ എംഒപിയെ വഹിക്കാൻ സാധിക്കു. ബി2 സ്പിരിറ്റിന് പരമാവധി രണ്ട് എംഒപി ബോംബുകൾ മാത്രമേ വഹിക്കാൻ സാധിക്കു.
20 അടി നീളവും 31.5 ഇഞ്ച് വ്യാസവുമുള്ള ഭീമാകാരനായ ഈ ബോംബിനുള്ളിൽ ഏകദേശം 2.5 ടൺ ഭാരമുള്ള സ്‌ഫോടവസ്തുക്കളാണ് ഉള്ളത്. ബങ്കറിനുള്ളിൽ പതിച്ചുകഴിഞ്ഞാൽ ഇതിന്റെ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ അതിനുള്ളിലുള്ള എല്ലാം തകർന്നടിയും. ഇറാനിലെ ഏറ്റവും കരുത്തുറ്റ ആണവ കേന്ദ്രമാണ് ഫൊർദൊയിലേത്. ഫൊർദോയിൽ 12 എം.ഒ.പി ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: B-2 bombers return to base after striking Iranian nuclear facilities.
Published: 23 Jun 2025, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented