ഇന്ത്യ-ചൈന ബന്ധം ആഗോളതലത്തില് തന്നെ തന്ത്രപരമായ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. സ്‌പെഷ്യൽ റെപ്രസെന്ററ്റീവ്‌സ് ഓൺ ദി ഇന്ത്യ-ചൈന ബൗണ്ടറി ക്വസ്റ്റ്യന്റെ 25-ാം യോഗത്തിലാണ് ഇരുവരും തമ്മിൽ കണ്ടത്. പരസ്പരധാരണ വർധിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് കൂടിക്കാഴ്ചയിൽ വാങ് യി പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായുള്ള അതിർത്തി തർക്കങ്ങളും ഉഭയകക്ഷി ബന്ധവുമാണ് യോഗത്തിൽ ചർച്ചയായത്. ഇന്ത്യയും ചൈനയും സുപ്രധാന അയൽരാജ്യങ്ങളും വികസ്വര രാജ്യങ്ങളുമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. ഒപ്പം, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രതിനിധികൾ കൂടിയാണ് ഇരുരാജ്യങ്ങളും. ഉഭയകക്ഷി ബന്ധങ്ങൾക്കപ്പുറം, ഇന്ത്യ-ചൈന ബന്ധം ആഗോളതലത്തിൽ തന്നെ തന്ത്രപരമായ പ്രാധാന്യമുള്ളതാണെന്നും വാങ് യി യോഗത്തിൽ പറഞ്ഞു.
'ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ ആരോഗ്യകരവും സുസ്ഥിരവുമായ വികസനം അടിസ്ഥാനപരമായി ഇരുരാജ്യങ്ങളിലേയും ജനതയുടെ താത്പര്യമാണ്. ഇത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പൊതുവായ ആഗ്രഹവും കാലത്തിന്റെ ആവശ്യവുമാണ്. ചൈന-ഇന്ത്യ ബന്ധം കേവലം ഉഭയകക്ഷി ബന്ധമെന്നതിലുപരി ആഗോളതലത്തിൽ തന്ത്രപരമായ പ്രാധാന്യമർഹിക്കുന്നതാണ്.' -വാങ് യി പറഞ്ഞു.
'ആശയവിനിമയം ശക്തിപ്പെടുത്താനും പരസ്പരധാരണ വളർത്താനും വ്യത്യാസങ്ങൾ ഇല്ലാതാക്കാനും തടസങ്ങൾ നീക്കാനും അങ്ങനെ നല്ല അയൽക്കാരും സുഹൃത്തുക്കളുമായി മാറാനും അതുവഴി 'വ്യാളിയുടേയും ആനയുടേയും നൃത്തം' സാക്ഷാത്കരിക്കാനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണ്.' -ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയും ചൈനയും പ്രാചീന നാഗരികതകളും പ്രധാന സമ്പദ്‌വ്യവസ്ഥകളുമാണെന്ന് അജിത്ത് ഡോവൽ പറഞ്ഞു. ചൈന ഇന്ത്യയുടെ എതിരാളിയല്ല, മറിച്ച് സഹകരിക്കുന്ന പങ്കാളിയാണ്. ഇന്ത്യ-ചൈന ബന്ധം ശരിയായ പാതയിലേക്ക് തിരിച്ചെത്തി. അതിർത്തികളിലെ സ്ഥിതി സമാധാനപരമായി തുടരുകയാണെന്നും ഡോവൽ കൂട്ടിച്ചേർത്തു. അതിർത്തി തർക്കത്തിൽ നീതിപൂർവവും ഇരുകൂട്ടർക്കും സ്വീകാര്യവുമായ പരിഹാര പാക്കേജ് കണ്ടെത്തുമെന്നും ചർച്ചകളിലൂടെ പ്രശ്‌നം രമ്യമായി കൈകാര്യം ചെയ്യുന്നത് തുടരുമെന്നും ഇരുവരും പറഞ്ഞു.
Content Highlights: During the 25th Special Representatives meeting on the India-China boundary question, Chinese Foreign Minister Wang Yi met NSA Ajit Doval, reiterating China's willingness to strengthen bilateral ties and realize the 'dragon and elephant dance'.
Published: 25 Aug 2026, 10:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented