ടിബറ്റുകാരുടെ ആത്മീയ നേതാവായ ദലൈലാമയുടെ ഓഫീസിന് കേന്ദ്രസർക്കാർ ലുട്ട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്ത് ഒരു ടൈപ്പ്- 7 ബംഗ്ലാവ് അനുവദിച്ചതായി മാധ്യമങ്ങൾ. വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 91 വയസ്സുള്ള ലാമയുടെ ഡൽഹി സന്ദർശന വേളകളിൽ ഹോട്ടലുകളും സുരക്ഷാ ക്രമീകരണങ്ങളും മറ്റും ബുദ്ധിമുട്ടായതിനാലുള്ള പ്രായോഗിക തീരുമാനമാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നു. ദലൈലാമയുടെ ഡൽഹി സന്ദർശനങ്ങൾ സുഗമമാക്കാനുള്ള നടപടിയെന്ന് പ്രവാസി ടിബറ്റൻ പാർലമെന്റ് അംഗങ്ങൾ സ്വാഗതം ചെയ്തു.

To advertise here,

മൂന്നു വർഷത്തേക്കാണ് അനുവദിച്ചതെന്നും നീട്ടാൻ വ്യവസ്ഥയുണ്ടെന്നും പറയുന്നു. എന്നാൽ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയില്ല.

ഒറ്റനോട്ടത്തിൽ തർക്കത്തിനിടയില്ലാത്ത തീരുമാനമാണിത്. പക്ഷേ, ഇതിൽ ഇന്ത്യയുടെ ചൈനാനയത്തിലെ മാറ്റത്തിന്റെ സൂചന കാണുന്നവരുണ്ട്.

ഈ ഓഫീസിന്റെ പ്രാധാന്യമാണ് പ്രധാനപ്പെട്ട കാരണം. ദലൈലാമ 2025 ജൂലൈ രണ്ടിന് പുറപ്പെടുവിച്ച പ്രസ്താവനയിൽ, തന്റെ പുനർജന്മം തിരിച്ചറിയാനുള്ള അധികാരം ഗാഡൻ ഫോഡ്രാങ് ട്രസ്റ്റിനു മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു. അടുത്ത ദലൈലാമയെ അംഗീകരിക്കാൻ തങ്ങൾക്കു മാത്രമേ അവകാശമുള്ളൂ എന്നാണ് ചൈനയുടെ നിലപാട്. ആ സാഹചര്യത്തിൽ, സൗത്ത് ബ്ലോക്കിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെ ട്രസ്റ്റിന് ഒരു വിലാസം ലഭിക്കുന്നത് ചൈനയെ അലോസരപ്പെടുത്തും.

തലമുറ വ്യത്യാസമില്ലാതെ എല്ലാ ടിബറ്റുകാരും അംഗീകരിക്കുന്ന ഏകവ്യക്തി ദലൈ ലാമയാണ്. അദ്ദേഹം മരിച്ചാലെങ്കിലും ടിബറ്റിലെ തങ്ങളുടെ ഭരണത്തിന് നിയമസാധുത കിട്ടുമോ എന്ന ചോദ്യമാണ് ബീജിങ്ങിനെ അലട്ടുന്നത്. അടുത്ത ദലൈലാമയെ നിയന്ത്രിക്കുക എന്നതാണ് ടിബറ്റിനെ നിയന്ത്രിക്കുന്നതിലെ അവസാന പടിയെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മനസ്സിലാക്കുന്നു. ദലൈലാമയുടെ സ്ഥാപനം ഇന്ത്യയിൽ വേരൂന്നിയിരിക്കുന്നിടത്തോളം കാലം പുതിയ ലാമയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഇന്ത്യയും പങ്കാളിയാണ്.

അതിനാലാണ് നിർദോഷമായ ഈ ഓഫീസ് അനുവദിക്കൽ അവരെ അലോസരപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ആത്മീയ പുനർജൻമങ്ങളെ ചൈന ഭയക്കുന്നുണ്ട്. 1995-ൽ ദലൈലാമ അംഗീകരിച്ച ആറു വയസ്സുകാരൻ പഞ്ചെൻ ലാമയെയും കുടുംബത്തെയും കാണാതായി. ചൈന തടവിലാക്കിയെന്ന് ടിബറ്റൻ പക്ഷം ആരോപിക്കുന്നു; അദ്ദേഹം സാധാരണ പൗരനായി ജീവിക്കുന്നുവെന്നാണ് ബീജിങ്ങിന്റെ വാദം. പകരം, ചൈനീസ് സർക്കാർ മറ്റൊരാളെ പഞ്ചെൻ ലാമയാക്കി!

കഴിഞ്ഞ വർഷം തന്റെ പിന്തുടർച്ചാവകാശത്തിൽ ചൈനയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ദലൈലാമ ആവർത്തിച്ചതും ലാമയുടെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളിൽ രണ്ടു മുതിർന്ന ഇന്ത്യൻ മന്ത്രിമാർ പങ്കെടുത്തതും ചൈനയ്ക്ക് ഇഷ്ടമായില്ല. സിസാങ്ങുമായി (ടിബറ്റിനെ ചൈന വിളിക്കുന്ന പേര്) ബന്ധപ്പെട്ട പ്രശ്നം ചൈന- ഇന്ത്യ ബന്ധത്തിലെ ഒരു തടസമാണെന്ന് ചൈനീസ് നയതന്ത്രജ്ഞർ പറയാറുണ്ട്.

ധർമ്മശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ടിബറ്റൻ ഭരണകൂടത്തെ പരമാധികാര സർക്കാരായി ഇന്ത്യ അംഗീകരിക്കുന്നില്ല. രജിസ്റ്റർ ചെയ്ത വിദേശികളായാണ് ടിബറ്റൻ അഭയാർത്ഥികളെ കണക്കാക്കുന്നത്. ഇന്ത്യൻമണ്ണിൽനിന്ന് ചൈനയ്ക്കെതിരെ പരസ്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് ഇവർക്ക് നിയന്ത്രണമുണ്ട്.

എന്നാൽ, മതപരവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതിനാൽ മതപരമായ കാര്യങ്ങളെ ഉദ്ദേശിച്ചുള്ള ദലൈലാമയുടെ ട്രസ്റ്റിന് ഓഫീസ് അനുവദിച്ചതിൽ സാങ്കേതികമായി തെറ്റില്ല. എന്നാൽ ചൈന ഇതിനെ ടിബറ്റൻ പ്രവാസികളുടെ ഒരു തരം എംബസി ആയി കാണാനുള്ള സാധ്യത നിലനിൽക്കുന്നു.

ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനെതിരായ പ്രക്ഷോഭം പരാജയപ്പെട്ടതിനെ തുടർന്ന് 1959-ലാണ് ദലൈലാമയും അനുയായികളും ഇന്ത്യയിൽ അഭയം തേടിയത്. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 70,000 ടിബറ്റുകാരുണ്ടെന്നാണ് കണക്ക്.

പുറമേ ശാന്തം, ഉള്ളിൽ പിരിമുറുക്കം

2020-ലെ ഗാൽവൻ ഏറ്റുമുട്ടലിനു ശേഷം അതിർത്തി ഏറെക്കുറെ ശാന്തമായി, ഇന്ത്യ-ചൈന ബന്ധങ്ങൾ ശരിയായ പാതയിലേക്ക് തിരിച്ചെത്തി എന്ന് ഇരുപക്ഷവും പറയുന്നു. പ്രധാനമന്ത്രി മോദിയുടെ 2025-ലെ ചൈന സന്ദർശനത്തിനു ശേഷം ചർച്ചകളിൽ പുരോഗതിയുണ്ടായി.

2026 ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി വാങ് യിയും നടത്തിയ പ്രത്യേക പ്രതിനിധി ചർച്ചകളിൽ അതിർത്തിയിലെ ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പ്രധാന തീരുമാനങ്ങളെടുത്തു.

എന്നാൽ അതിർത്തിയിലെ യാഥാർത്ഥ്യം സങ്കീർണ്ണമാണ്. ജൂൺ 29-ന് അരുണാചലിൽ പിഎൽഎ ക്യാമ്പുകൾ സ്ഥാപിച്ചുവെന്ന റിപ്പോർട്ടുകൾ 'അടിസ്ഥാനരഹിതം' എന്ന് സൈന്യം തള്ളി. പിന്നീട് ജൂലൈ അവസാനം അപ്പർ സുബൻസിരി ജില്ലയിലെ ടാക്സിങ്ങിനു സമീപം പട്രോളിങ്ങിനിടെ ഇന്ത്യൻ, ചൈനീസ് സൈനികർ മുഖാമുഖം വന്നതായി റിപ്പോർട്ടുകൾ വന്നു. മജാ ക്യാമ്പിനടുത്ത്, യഥാർത്ഥ നിയന്ത്രണരേഖയായി ഇന്ത്യ കരുതുന്നിടത്ത് ആറോ ഏഴോ കിലോമീറ്ററിനുള്ളിൽ പിഎൽഎ ടെന്റുകൾ സ്ഥാപിച്ചതായും റിപ്പോർട്ടു വന്നു. റിപ്പോർട്ടുകൾ നിഷേധിക്കപ്പെട്ടു. സെപ്റ്റംബർ ആറിന് ആദ്യ കോർ കമാൻഡർതല ചർച്ച നടന്നു; നവംബർ എട്ടിന് തുടങ്ങിയ രണ്ടാം റൗണ്ട് ഏകദേശം പത്തു ദിവസം നീണ്ടു. ശൈത്യകാലത്തിനു മുമ്പ് പിരിമുറുക്കം കുറയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, ഒക്ടോബർ 22-ന് ഐടിബിപി ഡയറക്ടർ ജനറൽ ശത്രുജീത് സിങ് കപുർ അരുണാചലിൽ പലയിടത്തും സൈനികർ മുഖാമുഖം നിൽക്കുന്ന സാഹചര്യമുണ്ടായെന്നും അത് തുടരുന്നുണ്ടെന്നും പറഞ്ഞു; ഇത് സവിശേഷ സംഭവമില്ലെന്നും പതിവ് സജ്ജീകരണത്തെക്കുറിച്ചുള്ള പരാമർശമാണെന്നും സർക്കാർ വൃത്തങ്ങൾ പിന്നീട് വിശദീകരിച്ചു.

സർക്കാരിന്റെ മൗനത്തെ കോൺഗ്രസ് ചോദ്യം ചെയ്തു. 'ചൈനീസ് കടന്നുകയറ്റത്തിൽ' സർക്കാരിന്റെ മൗനത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ ആഞ്ഞടിച്ചു. ചൈനീസ് സൈന്യം 50 കിലോമീറ്റർ വരെ ഉള്ളിലേക്ക് കടന്നുകയറിയതായി അരുണാചലിലെ ഒരു കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. കേന്ദ്രമന്ത്രി കിരൺ റിജിജു അതിനെ തെറ്റായ വിവരമെന്ന് വിശേഷിപ്പിച്ചു, എങ്കിലും ഉയർന്ന മലനിരകളിൽ ചൈനീസ് സൈനിക പ്രവർത്തനം കൂടിയതായി സമ്മതിച്ചു. ചർച്ചകൾക്ക് ദിവസങ്ങൾക്കു ശേഷം ചൈന അരുണാചലിനു മേലുള്ള അവകാശവാദം വീണ്ടും ആവർത്തിച്ചു.

ഒളിപ്പിച്ച കഠാരയും സലാമി സ്ലൈസിങ്ങും

ഏറ്റവും ശ്രദ്ധേയമായ കാര്യം ഡോവലും വാങ് യീയും തമ്മിലും മോദിയും ചൈന പ്രസിഡന്റ് ഷി ജിൻപിങും തമ്മിലും (ബ്രിക്സിൽ) ചർച്ചകൾ നടക്കുന്ന സമയത്തായിരുന്നു അരുണാചലിൽ പിഎൽഎയുടെ കടന്നുകയറ്റം എന്നതാണ്. ഉന്നതതല ചർച്ചകളും സന്ദർശനങ്ങളും നടക്കുമ്പോൾ പിന്നിൽ കൂടി കുത്തുന്ന ഈ പതിവുരീതി ചൈനയുടെ രാജ്യതന്ത്രത്തിന്റെ ഭാഗമാണ് എന്നു വേണം പറയാൻ. ഈ സമീപനത്തെ നയതന്ത്ര വിദഗ്ധർ വിശേഷിപ്പിക്കുന്നത് 'ഹസ്തദാനവും പിന്നിൽ ഒളിപ്പിച്ച കഠാരയും' തന്ത്രമായാണ്. ഭീകരതയുടെ കയറ്റുമതി പാകിസ്താന്റെ വിദേശനയത്തിന്റെ അവിഭാജ്യഘടകമാണെന്നതു പോലെ.

നയതന്ത്ര ചർച്ചകളിലൂടെ സമാധാനം ആഗ്രഹിക്കുന്നുവെന്ന് ലോകത്തെ കാണിക്കുകയും, അതേസമയം അതിർത്തിയിലും തന്ത്രപ്രധാന മേഖലകളിലും ഇന്ത്യയ്ക്കെതിരെ രഹസ്യ നീക്കങ്ങൾ നടത്തുകയുമാണ് ബീജിങ്ങിന്റെ രീതി. ഇന്ത്യയ്ക്കു ചുറ്റും നിർണായക സ്ഥാനങ്ങളിൽ തങ്ങളുടെ സ്വാധീന മേഖലകളുണ്ടാക്കി ശ്വാസം മുട്ടിക്കുന്ന 'മുത്തുമാല' തന്ത്രം.

പാകിസ്താനെ പോലുള്ള രാജ്യങ്ങളെ ഇന്ത്യക്കെതിരെ നീങ്ങാൻ സഹായിക്കുക (2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ 'ഓപ്പറേഷൻ സിന്ദൂർ' സംഘർഷത്തിൽ ചൈന പാകിസ്ഥാന് ഉപഗ്രഹ നിരീക്ഷണ സഹായവും തത്സമയ സൈനികവിവരങ്ങളും സൈബർ പിന്തുണയും നൽകി.) ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് ചൈനീസ് ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യങ്ങളിലൊന്നാണ്.

ചൈനയുടെ മറ്റൊരു പ്രധാനതന്ത്രമാണ് 'സലാമി സ്ലൈസിങ്'. തന്ത്രപരമായ വലിയൊരു ലക്ഷ്യം ചെറുതും തുടരെയുള്ളതുമായ നീക്കങ്ങളിലൂടെ നേടിയെടുക്കുന്ന രാഷ്ട്രീയ സൈനികതന്ത്രം. പൂർണ്ണതോതിലുള്ള സൈനിക തിരിച്ചടിക്ക് കാരണമാകാൻ മാത്രം ഗൗരവമില്ലാത്ത ചെറിയ കടന്നുകയറ്റങ്ങളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ചെറിയ കടന്നുകയറ്റങ്ങൾക്കൊടുവിൽ ഒരു വലിയ ഭൂവിഭാഗം തന്നെ സ്വന്തമാക്കുന്ന ചതി. പിടിക്കപ്പെട്ടാൽ നിഷേധിക്കാനുള്ള പഴുതുകളും നയതന്ത്ര ചർച്ചകളും സജീവമായി നിലനിർത്തുകയും ചെയ്യും. എതിരാളിക്ക് മുന്നിൽ രണ്ടുവഴികളാണ്- ഒന്നുകിൽ ചെറിയ നഷ്ടങ്ങൾ സഹിക്കുക, അല്ലെങ്കിൽ സൈനികമായി തിരിച്ചടിക്കുക. കണക്കിൽ ചൈനയ്ക്കുള്ള മേധാവിത്വം കാരണം യുദ്ധത്തിന് ഭൂരിഭാഗം രാജ്യങ്ങളും മടിക്കും. ആ ചൈനീസ് മുൻകൈയ്ക്ക് കിട്ടിയ പ്രഹരമായിരുന്നു ഗാൽവാനിൽ ഇന്ത്യൻ സൈനികർ നൽകിയത്.

നിശബ്ദമായ ഇന്ത്യൻ മറുപടി

യഥാർത്ഥ നിയന്ത്രണരേഖയിൽ തുടർച്ചയായ, ബഹുമുഖ സൈനിക സജ്ജീകരണത്തിലേക്ക് ഇന്ത്യ മാറിയിട്ട് വർഷങ്ങളായി. ദുർഘടമായ ഭൂപ്രകൃതിയും കടുത്ത ശൈത്യവും സൈനിക നീക്കങ്ങളെ മന്ദഗതിയിലാക്കാതിരിക്കാൻ ബോർഡർ റോഡ്സ് ഓർഗനൈസേഷനും ഇന്ത്യൻ റെയിൽവേയും പോലുള്ള ഉയർന്ന പ്രദേശങ്ങളിലെ തുരങ്കപാതകളും (സെലാ, അടൽ തുരങ്കങ്ങൾ), അരുണാചൽ ഫ്രോണ്ടിയർ ഹൈവേ പോലുള്ള അതിർത്തി പാതകളും, തന്ത്രപ്രധാന റെയിൽപ്പാതകളും, വ്യോമതാവളങ്ങളും ഹെലിപാഡുകളുമെല്ലാം വേഗത്തിൽ പൂർത്തിയാക്കുകയാണ്. ഗാൽവൻ ഏറ്റുമുട്ടലിനു ശേഷം പാങ്കോങ് തടാകത്തിന് തെക്കുള്ള കൈലാസ് റേഞ്ചിലെ ഉയരം കൂടിയ മലനിരകൾ ഇന്ത്യൻ സൈന്യത്തിനു കൈവശപ്പെടുത്താനായതിൽ ഈ സജ്ജീകരണങ്ങൾക്കും പങ്കുണ്ട്.

മുന്നണിയിലെ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിനൊപ്പം, പർവ്വത യുദ്ധമുറകളും സാങ്കേതികവിദ്യയും ആധുനികവൽക്കരിക്കാനും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നയതന്ത്രചർച്ചകളിലൂടെ ചില ഭാഗങ്ങളിൽ പിരിമുറുക്കം കുറയ്ക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും, എല്ലാ മേഖലകളിലും ശക്തമായ മുന്നണിവിന്യാസവും ശൈത്യകാല വാസസ്ഥലലോജിസ്റ്റിക് ശേഖരങ്ങളും ദ്രുതകർമ്മ സേനകളും ഇന്ത്യ നിലനിർത്തുന്നുണ്ട്.

സൈനിക സജ്ജീകരണത്തോടൊപ്പം അതിർത്തി ഗ്രാമങ്ങളിലെ ജനവാസവും വികസനവും ഉറപ്പാക്കുന്ന സമീപനവും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ചൈനയെപ്പോലെ ഇന്ത്യയും അതിർത്തിയിൽ ശക്തമായ സൈനിക സജ്ജീകരണവും അടിസ്ഥാന സൗകര്യ വികസനവും തുടരുകയാണ്. നയതന്ത്ര ചർച്ചകളും സൈനിക സജ്ജീകരണവും ഒരുമിച്ച് നടത്തുന്ന ഇരട്ട സമീപനം.

അതിർത്തി ടിബറ്റുമായി, ചൈനയുമായല്ല

ഇന്ത്യ അതിർത്തി പങ്കിടുന്നത് ടിബറ്റുമായാണ്, ചൈനയുമായല്ല എന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറയുന്നതു നൂറു ശതമാനം ശരിയാണ്. ടിബറ്റ് സ്വതന്ത്രരാജ്യമായി തുടർന്നിരുന്നെങ്കിൽ ഹിമാലയൻ അതിർത്തി ഇന്ത്യയും ടിബറ്റും തമ്മിലുള്ള വിഷയമായിരുന്നേനെ.

1950-ൽ പീപ്പിൾസ് ലിബറേഷൻ ആർമി ടിബറ്റിൽ പ്രവേശിക്കുകയും 'പതിനേഴിന കരാർ' ടിബറ്റൻ പ്രതിനിധികൾക്ക് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതുവരെ, ഇന്ത്യയ്ക്ക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുമായി അതിർത്തി ഉണ്ടായിരുന്നില്ല. 1913 മുതൽ സ്വന്തം കറൻസിയും സൈന്യവും പാസ്പോർട്ടുകളും നയതന്ത്രവും ഉപയോഗിച്ച് സ്വയംഭരണം നടത്തിയിരുന്ന ഒരു ടിബറ്റൻ ഭരണകൂടത്തെയാണ് ഇന്ത്യയുടെ ഹിമാലയൻ അതിർത്തി അഭിമുഖീകരിച്ചിരുന്നത്.

1914-ലെ സിംല സമ്മേളനത്തിൽ ടിബറ്റൻ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മക്മഹോൻ രേഖ വരച്ചത്. ചൈനീസ് പ്രതിനിധി കരടിൽ ഒപ്പുവച്ചെങ്കിലും ബീജിങ് അത് തള്ളി; ഇന്നും കരാർ അംഗീകരിക്കുന്നില്ല. എങ്കിലും 1954-ലെ പഞ്ചശീല കരാറിൽ ഇന്ത്യ ടിബറ്റ് മേഖലയെ ചൈനയുടെ ഭാഗമായി അംഗീകരിച്ചു; അതേസമയം ദലൈലാമയ്ക്ക് അഭയവും നൽകി. 1962ലെ യുദ്ധത്തിൽ, ലഡാക്കിലെ അക്സായ് ചിൻ ഉൾപ്പെടെ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റർ ചൈനയുടെ നിയന്ത്രണത്തിലായി എന്നാണ് ഇന്ത്യയുടെ നിലപാട്. തവാങ്ങിന് മേലുള്ള അവകാശവാദം, 1962ലെ യുദ്ധം, അരുണാചൽ പ്രദേശിലെ സ്ഥലങ്ങളെ ആവർത്തിച്ച് 'പുനർനാമകരണം' ചെയ്യുന്നത്, അരുണാചൽ നിവാസികൾക്ക് പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത സാധാരണ വിസയ്ക്ക് പകരം സ്റ്റേപ്പിൾ ചെയ്ത വിസ നൽകിയിരുന്ന രീതി എന്നിവയെല്ലാം വരുന്നത് ടിബറ്റെന്നാൽ ചൈനയാണ് എന്ന വിചാരത്തിൽ നിന്നാണ്.

മര്യാദക്കാർക്ക് കാലമില്ല!

പഴമക്കാർ പറയും, മര്യാദക്കാർക്ക് കാലമില്ലെന്ന്. അയൽ രാജ്യങ്ങളോട് ഇന്ത്യ എന്നും മര്യാദാപുരസ്സരമാണ് പെരുമാറിയിട്ടുള്ളത്, അത് മാലി ദ്വീപായാലും ചൈനയായാലും. ഇന്ത്യ അഭയാർത്ഥികളെയോ പ്രവാസികളെയോ കാര്യസാദ്ധ്യത്തിനായി ദുരുപയോഗിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ നിരീക്ഷണങ്ങളിലെ പൊതുവായ കാഴ്ചപ്പാട്.

ചൈനയുടെ 'ഏകചൈനാ' നയത്തെ അംഗീകരിക്കുന്ന രാജ്യം ടിബറ്റിനെ വെച്ച് വില പേശിയിട്ടില്ല. ദലൈലാമ ആദരണീയനായ അതിഥിയും മതനേതാവുമാണെന്നും, ഇന്ത്യൻ മണ്ണിൽ നിന്ന് ചൈനയ്ക്കെതിരായ ഒരു രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നുമായിരുന്നു ഔദ്യോഗികനിലപാട്. എന്നിട്ടും, ഡൽഹി 'ടിബറ്റ് കാർഡ്' കളിക്കുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ ആരോപിക്കാറുണ്ട്.

ദലൈ ലാമയുടെ ഓഫീസിന് കെട്ടിടം അനുവദിച്ചതും അതിർത്തിയിൽ സംഘർഷം തുടരുന്നതും തമ്മിൽ ബന്ധമുണ്ടോ എന്ന് ഇന്ത്യ പറഞ്ഞിട്ടില്ല. ദലൈലാമയുടെ പിൻഗാമിയെ നിശ്ചയിക്കുന്നത് ചൈനയല്ല എന്ന നിശബ്ദ പ്രഖ്യാപനമായി ഈ തീരുമാനത്തെ വായിക്കുന്നവരുണ്ട്. ലളിതമായ ഒരു ഭരണപരമായ നടപടി മാത്രമെന്ന വിശദീകരണത്തെയും തള്ളിക്കളയാനാവില്ല. വരുംമാസങ്ങളിലെ ഇന്ത്യൻ നീക്കങ്ങളാകും ഏതാണ് ശരിയെന്ന് വ്യക്തമാക്കുക.