മാസം ഒന്നര ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും പണം സമ്പാദിക്കാൻ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ച് യുവാവ്. ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നതെന്നും അവിടുത്തെ ചെലവുകൾക്കുശേഷം 20000 രൂപയാണ് മിച്ചമുള്ളതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ യുവാവ് പറയുന്നു. തന്റെ കസിനെ കുറിച്ചാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.

To advertise here,

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ഈ ശമ്പളം കണ്ട് സന്തോഷിച്ചുവെന്നും അവന്റെ ജീവിതം സുരക്ഷിതമായി എന്ന് കരുതിയെന്നും എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷമാണ് യാഥാർഥ്യം വ്യക്തമായതെന്നും യുവാവ് പറയുന്നു. 'എന്റെ കസിൻ പ്രതിമാസം ഒന്നര ലക്ഷം രൂപയുടെ ടെക് ജോലിക്ക് വേണ്ടി ബാംഗ്ലൂരിലേക്ക് മാറിയിട്ട് ആറ് മാസമായി. അപ്പോഴാണ് അവന് ചില കാര്യങ്ങൾ മനസ്സിലായത്. അത്ര വലിയ ശമ്പളമുണ്ടായിട്ടും ചെലവുകൾ കഴിഞ്ഞിട്ട് പണം സമ്പാദിക്കാനാകുന്നില്ല. ഓഫീസിന് സമീപമുള്ള ചെറിയ അപാർട്‌മെന്റിന് വാടക 36000 രൂപയാണ്. പലവ്യഞ്ജനങ്ങൾക്ക് 13000 മുതൽ 15000 രൂപ വരെ വരും. കനത്ത ട്രാഫിക് കാരണം കാറുകൾക്കും ഓട്ടോകൾക്കും 6,000-8,000 രൂപയാണ് വരുന്നത്. ഓൺലൈൻ ഭക്ഷണം, കാപ്പി, വാരാന്ത്യ വിനോദങ്ങൾ എന്നിവയ്ക്ക് 10,000-12,000 രൂപയും വരുന്നു. ഇതുകൂടാതെ സബ്‌സ്‌ക്രിപ്ഷനുകൾ, വൈദ്യസഹായം, അപ്രതീക്ഷിതമായ ബില്ലുകൾ, വീട്ടിലേക്ക് പണം അയക്കുന്നത് എന്നിവയുണ്ട്. മാസാവസാനം 15,000 - 20,000 രൂപ മാത്രമേ സമ്പാദിക്കാൻ കഴിയുന്നുള്ളൂ.'-യുവാവ് കുറിച്ചു.

വലിയ നഗരങ്ങൾക്ക് പുറത്തുള്ള ഭൂരിഭാഗം ആളുകളും കാണാത്ത ഒരു കാര്യം അപ്പോഴാണ് മനസിലായതെന്നും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ശമ്പളം നിങ്ങളുടെ സ്ഥലത്ത് വലിയ തുകയാണെങ്കിലും ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ അത് നിങ്ങളുടെ തുടക്കം മാത്രമാണെന്നും യുവാവ് കൂട്ടിച്ചേർത്തു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. തിരഞ്ഞെടുപ്പുകൾ വലിയ വ്യത്യാസമുണ്ടാക്കുമെന്നും ബുദ്ധിപൂർവ്വം ചെലവഴിക്കുന്നതിലൂടെ ഒരാൾക്ക് കൂടുതൽ സമ്പാദിക്കാൻ കഴിയുമെന്നും ഒരാൾ കുറിച്ചു. 'വലിയ നഗരങ്ങൾ നിങ്ങളുടെ പണം വളരെ വേഗത്തിൽ ചോർത്തിക്കളയും, അത് നിങ്ങൾ അറിയുന്നില്ല' എന്നായിരുന്നു ഒരു കമന്റ്.