കൊല്ലം: ‘പരിഷ്‌കരണം’ വന്നപ്പോൾ കെ.എസ്.എഫ്.ഇ.ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കുറയുന്നത് രണ്ടായിരംമുതൽ ആറായിരം രൂപവരെ. ശമ്പളം നിശ്ചയിക്കലിലെ വ്യവസ്ഥകൾ പുനഃസ്ഥാപിച്ചതാണ് ശമ്പളം കുറയാൻ ഇടയാക്കുന്നത്.
2022 ഓഗസ്റ്റ് ഒന്നുമുതലാണ് കെ.എസ്.എഫ്.ഇ.യിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കേണ്ടത്. സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളം കണക്കാക്കിയാണ് വർധനയ്ക്കുള്ള ശതമാനം കണക്കാക്കി പരിഷ്‌കരണം നടത്തുക. എന്നാൽ കെ.എസ്.എഫ്.ഇ.യിൽ തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്റും തമ്മിലുള്ള ഉഭയകക്ഷി കരാർപ്രകാരം അടിസ്ഥാനശമ്പളവും ഡി.എ.യും ചേർന്ന തുക കണക്കാക്കിയാണ് വർധന നിശ്ചയിക്കുക. ഈ വ്യത്യാസം കാണാതെയാണ് സർക്കാർ ആദ്യം ഉത്തരവിറക്കിയിരുന്നത്.
ആനുകൂല്യങ്ങൾ നിയന്ത്രിച്ചുകൊണ്ടുള്ള മുൻ ഉത്തരവ്, പ്രതിഷേധങ്ങളെത്തുടർന്ന് തിരുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുൻപ് അവസാനം നടന്ന മന്ത്രിസഭായോഗത്തിലാണ് തിരുത്താൻ തീരുമാനമുണ്ടായത്. മാർച്ചുമുതൽ പുതുക്കിയ ശമ്പളമാണ് ജീവനക്കാർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഏപ്രിലിൽ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടർ സർക്കാരിനോട് സ്പഷ്ടീകരണം ആവശ്യപ്പെട്ടിരുന്നു. അതിന് സർക്കാർ നൽകിയ മറുപടിയിൽ ഫിക്‌സേഷൻ വ്യവസ്ഥകൾ പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയായിരുന്നു.
പുതിയ ഉത്തരവുപ്രകാരം ഓഗസ്റ്റുമുതൽ ജീവനക്കാർക്ക് കുറഞ്ഞ ശമ്പളമാകും ലഭിക്കുക. മുൻമാസങ്ങളിൽ, ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി ജീവനക്കാർക്ക് അധികമായി ലഭിച്ച തുക തിരിച്ചുപിടിക്കുകയും ചെയ്യും. ഇതിനെതിരേ കെ.എസ്.എഫ്.ഇ.യിലെ ഇടതു സംഘടനകൾ സമരരംഗത്തിറങ്ങിയിട്ടുണ്ട്. ഉത്തരവിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തുനൽകുകയും ചെയ്തിരുന്നു. എന്നാൽ മാർച്ചുമുതലാണ് ശമ്പളപരിഷ്‌കരണം നടപ്പാക്കിയതെന്നും തുടർനടപടികൾ പ്രാരംഭഘട്ടത്തിൽമാത്രമാണെന്നും കെ.എസ്.എഫ്.ഇ.അധികൃതർ വിശദീകരിക്കുന്നു.
Content Highlights: KSFE employees face a salary reduction ranging from Rs 2,000 to Rs 6,000 due to revised fixation rules., The disagreement stems from how basic pay and DA are calculated for the wage revision starting August 2022., Excess amounts paid in previous months are set to be recovered from the employees., Left-leaning unions have launched protests and appealed to the Chief Minister against the order.
Published: 13 Aug 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented