അധികത്തീരുവ ചുമത്തിയപ്പോള്‍ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിന് എത്ര വലിയ വിലയും കൊടുക്കാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാപാരതര്‍ക്കങ്ങളെ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്.

വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍| ഫോട്ടോ:എ.എന്‍.ഐ
വികസിത രാജ്യങ്ങള്‍ക്കെതിരെ ഒരുമിച്ചുനില്‍ക്കാനും നിലവിലെ ലോകക്രമത്തെ പരിഷ്‌കരിക്കാനും വികസ്വരരാജ്യങ്ങളെ ആഹ്വാനം ചെയ്യുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗം സംഘര്‍ഷഭരിതമായ ലോകസാഹചര്യത്തില്‍ ശ്രദ്ധേയമാണ്. വാഷിങ്ടണില്‍ നടക്കുന്ന ഐക്യരാഷ്ട്ര പൊതുസഭയില്‍ സമാനമനസ്‌കരായ വികസ്വരരാജ്യങ്ങളുടെ ഉന്നതതല യോഗത്തിലായിരുന്നു പ്രസംഗം. സാമ്പത്തികമായ ഭീഷണികളും അസമത്വം നിറഞ്ഞ ആഗോള വ്യാപാരസംഘടനകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള അഭ്യര്‍ഥന, അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ പിഴത്തീരുവയുടെയും എച്ച്‌വണ്‍ ബി വിസ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ചര്‍ച്ചയാവുകയാണ്. പാശ്ചാത്യമേധാവിത്വത്തിനെതിരെ അണിചേരാനുള്ള ധീരമായ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.
വ്യാപാരചര്‍ച്ചകള്‍ക്കായി ഇന്ത്യയുടെ മന്ത്രി പീയൂഷ് ഗോയല്‍ അമേരിക്കയിലുള്ള സമയത്താണ് ഈ നിലപാട് വ്യക്തമാക്കലെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരേസമയം പലതരത്തിലുള്ള താല്‍പ്പര്യങ്ങളെ ബാലന്‍സ് ചെയ്യുന്ന സങ്കീര്‍ണമായ നയതന്ത്രചതുരംഗം. ഊര്‍ജസുരക്ഷയ്ക്കായി ലോകരാജ്യങ്ങള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ന്യൂയോര്‍ക്കില്‍ പ്രസംഗിക്കവേ മന്ത്രി ഗോയല്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ അമേരിക്കയില്‍ നിന്നും പെട്രോളിയം വാങ്ങുന്നത് വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഈ രംഗത്തെ പ്രമാണിമാരില്‍ ഒരാളാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയെ പ്രകോപിപ്പിക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമാണ് ഇന്ത്യയുടെ ശ്രമമെന്ന് വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭരത, സ്വദേശി ആഹ്വാനങ്ങള്‍ ഇതിന്റെ ഭാഗമാണ്. കഴിഞ്ഞദിവസം മന്ത്രി അശ്വനി വൈഷ്ണവ് വിദേശ സാങ്കേതികവിദ്യയ്ക്ക് പകരം ഇന്ത്യന്‍ നിര്‍മിത സോഫ്റ്റ്വെയറായ സോഹോയിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചതില്‍ അതിന്റെ മുഴക്കം കേള്‍ക്കാം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ പഴയ നിലയിലേക്ക് കൊണ്ടുവരുന്നത് സാധ്യമാണോ എന്ന് സംശയമുയര്‍ത്തുന്ന തരത്തില്‍ കാര്യങ്ങള്‍ വഷളായി എന്നു കരുതുന്നവരുമുണ്ട്. ഇന്ത്യയും റഷ്യയും ചൈനയും ഒരുമിക്കുന്ന തരത്തിലുള്ള ഭൗമരാഷ്ട്രീയ പുനഃക്രമീകരണങ്ങള്‍ക്ക് ട്രംപിന്റെ നീക്കങ്ങള്‍ വഴിവെച്ചു. എങ്കിലും തന്ത്രപരമായ പ്രധാന്യമുള്ള പങ്കാളിയായ ഇന്ത്യയെ അകറ്റുന്നത് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന തിരിച്ചറിവ് വൈറ്റ്ഹൗസിന് ഉണ്ടായിത്തുടങ്ങിയെന്നും വൈകാതെ ബന്ധങ്ങള്‍ പഴയ രീതിയിലാവുമെന്നും കരുതുന്നവരുണ്ട്.
മോദിയും ട്രംപും ഒക്ടോബര്‍ മാസാവസാനം കൂടിക്കാഴ്ച നടക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ സമ്മേളനത്തില്‍ ഇരുനേതാക്കളും പങ്കെടുക്കുമെന്നാണ് സൂചന. ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാന്‍ നിസ്സാര കാരണം പറഞ്ഞ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ നിന്നും മോദി മനപ്പൂര്‍വം വിട്ടുനിന്നതാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാമ്പത്തിക സാമ്രാജ്യത്വത്തിനെതിരെ
ഗ്ലോബല്‍ സൗത്ത് എന്നു വിളിക്കപ്പെടുന്ന വികസ്വരരാജ്യങ്ങളെ അഭിസംബോധന ചെയ്ത ജയശങ്കര്‍, വികസിതരാജ്യങ്ങള്‍ മുന്‍കൈയെടുത്ത് നടപ്പില്‍ വരുത്തിയിട്ടുള്ള ആഗോളസംവിധാനങ്ങളിലെ അസമത്വങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. വ്യവസായവല്‍ക്കരിക്കപ്പെട്ട വികസിത രാജ്യങ്ങള്‍ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രതിസന്ധിയുടെ ഭാരം വലിയ തോതില്‍ ചുമക്കേണ്ടി വരുന്നത് വികസ്വര രാജ്യങ്ങളാണ്. സമ്പന്നരാജ്യങ്ങള്‍ കാലാവസ്ഥാവ്യതിയാനം കൈകാര്യം ചെയ്യാന്‍ ബില്യണ്‍ കണക്കിന് ഡോളർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പലതും നടന്നിട്ടില്ല. ഫണ്ടിങ്ങിന്റെ ഭൂരിഭാഗവും സഹായധനമല്ല, വായ്പകളാണ്. സാങ്കേതികവിദ്യാ കൈമാറ്റം വളരെ പതുക്കെയാണ്. വികസിതരാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് അവരവരുടെ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കിയുള്ള കാലാവസ്ഥാ തന്ത്രങ്ങളും കൂട്ടായ്മകളും ഉണ്ടാക്കേണ്ടതാണ്- ജയശങ്കര്‍ പറഞ്ഞു.
ദശകങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത അന്താരാഷ്ട്ര സംവിധാനങ്ങളില്‍ വികസ്വരരാജ്യങ്ങളുടെ അവകാശങ്ങളും പ്രതീക്ഷകളും വെല്ലുവിളിക്കപ്പെടുകയാണ്. ഉത്കണ്ഠകള്‍ വ്യാപകമാവുകയും അപകടസാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ പരിഹാരത്തിന് വികസ്വര രാജ്യങ്ങള്‍ ബഹുകക്ഷി സംവിധാനങ്ങളെ സമീപിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, അവിടെയും നിരാശയാണ് ഫലം. ബഹുകക്ഷീയത എന്ന സങ്കല്‍പ്പം തന്നെ ആക്രമിക്കപ്പെടുന്നു. അന്താരാഷ്ട്ര സംവിധാനങ്ങളെ നിര്‍വീര്യമാക്കുകയോ വിഭവങ്ങളില്ലാതെ ദരിദ്രമാക്കുകയോ ചെയ്യുന്നു. സമകാലിക ലോകക്രമത്തിന്റെ അടിത്തറ തകരുകയാണ്. പരിഷ്‌കാരം വൈകുന്നതിന്റെ ദോഷങ്ങള്‍ വളരെ വ്യക്തമായിരിക്കുന്നു- ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
വിദേശ നിരീക്ഷകരില്‍ പലരും ഈ പ്രസംഗത്തെ നിലവിലെ ലോകക്രമത്തില്‍ പാശ്ചാത്യര്‍ക്കുള്ള, പ്രത്യേകിച്ച് അമേരിക്കയുടെ മേധാവിത്വത്തിനെതിരായ നേരിട്ടുള്ള വെല്ലുവിളിയാണ് കാണുന്നത്. ഇന്ത്യയ്ക്കെതിരെ അമേരിക്ക കൊണ്ടുവന്ന അധികതീരുവയും ഇറാനിലെ ചാബഹാര്‍ തുറമുഖത്തിനുള്ള ഉപരോധ ഇളവ് പിന്‍വലിച്ചതും എച്ച്‌വണ്‍ ബി വിസ നിയന്ത്രണവുമൊക്കെ ഇന്ത്യയുടെ സാമ്പത്തികവും ഭൗമ രാഷ്ട്രീയപരവുമായ വളര്‍ച്ചയ്ക്ക് തടയിടാനുള്ള ശ്രമങ്ങളാണെന്ന് അവര്‍ കാണുന്നത്.
ജയശങ്കറിന്റെ പ്രസംഗം വികസിത രാജ്യങ്ങളുടെ സമ്മര്‍ദങ്ങളെ ചെറുത്ത് സ്വതന്ത്രമായ വഴിവെട്ടി തുറക്കുവാന്‍ വികസ്വര രാജ്യങ്ങള്‍ക്കുള്ള ഉണര്‍ത്തുപാട്ടായി വ്യാഖ്യാനിക്കുന്നവരുണ്ട്. അതേസമയം, സ്വന്തം പ്രശ്നങ്ങളെ വികസ്വര രാജ്യങ്ങളുടെ മൊത്തം പ്രശ്നമാക്കി മാറ്റിയെടുക്കുന്നതില്‍ ജയശങ്കര്‍ വിജയിച്ചുവെന്ന് നിന്ദാസ്തുതി പറയുന്നവരുമുണ്ട്. തന്ത്രപരമായ സ്വതന്ത്ര നിലപാട്, അതായത് ഏതെങ്കിലും ഒരു ശാക്തികചേരിയോട് മാത്രം ചേര്‍ന്ന് നില്‍ക്കാതിരിക്കല്‍, ദീര്‍ഘകാലമായി ഇന്ത്യ പിന്തുടരുന്ന നയമാണ്. സമാന സാഹചര്യം നേരിടുന്ന രാജ്യങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് വഴി പാശ്ചാത്യ ദുസ്വാധീനത്തെ തടയിടാനുള്ള, സാമ്പത്തികമായ സാമ്രാജ്യത്വത്തിനെതിരായ ധീരമായ നിലപാടായി ജയശങ്കറിന്റെ വാക്കുകളെ വ്യാഖ്യാനിക്കാം.
തീരുവയുദ്ധം, വിസപ്പയറ്റ്, ഇന്ത്യന്‍ തിരിച്ചടി
സെപ്റ്റംബര്‍ 21-നാണ് എച്ച്‌വണ്‍ ബി വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം പ്രഖ്യാപിച്ചത്. ഈ വിസ നേടിയവരില്‍ 71 ശതമാനവും ഇന്ത്യക്കാരായതിനാല്‍ ഈ നയം ഇന്ത്യയെ തന്നെയാണ് ഏറ്റവും ബാധിക്കുന്നത്. അത് 280 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യന്‍ ഐടി സേവന വ്യവസായത്തെയും ബാധിക്കും. ആദ്യം വാര്‍ഷികഫീസ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് അപേക്ഷിക്കാനുള്ള ഒറ്റത്തവണ ഫീസാണ് ഒരുലക്ഷം ഡോളര്‍ എന്ന് അമേരിക്ക വ്യക്തമാക്കി.
ജയശങ്കറും പിയൂഷ് ഗോയലും പോലുള്ള ഇന്ത്യന്‍ നേതാക്കള്‍ വിസാനിയന്ത്രണത്തെ വ്യാപാരപ്രശ്നമായാണ് ചിത്രീകരിക്കുന്നത്. ഗവേഷണത്തെയും കണ്ടുപിടിത്തങ്ങളെയും നയിക്കുന്ന പ്രതിഭാശാലികളെ അമേരിക്കയ്ക്ക് നഷ്ടമാക്കുന്ന തീരുമാനമായാണ് അതിനെ ഇപ്പോള്‍ ലോകം കാണുന്നത്. എന്തായാലും എച്ച്‌വണ്‍ ബി വിസയില്‍ ഇനിയും ഇളവുകള്‍ വന്നേയ്ക്കും. ഈവര്‍ഷം 20,000 എച്ച്‌വണ്‍ ബി വിസകളും നേടിയത് ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാരാണ്. അവരൊക്കെ ഇളവുകള്‍ ആവശ്യപ്പെടുകയാണ്. അപേക്ഷാഫീസില്‍ മാത്രമല്ല, നിര്‍ദിഷ്ട ശമ്പളത്തോതുകളിലും കമ്പനിയുടെ വലിപ്പത്തിലും ഒക്കെ. ഇത് കഴിവുള്ളവരെ നിയമിക്കുന്നതിന് ഭീഷണിയാകുമെന്ന് അവര്‍ വാദിക്കുന്നു. അവരെ തള്ളിക്കളയുക ട്രംപിന് എളുപ്പമാവില്ല.
അമേരിക്ക തുടര്‍ച്ചയായി പ്രകോപിപ്പിക്കുമ്പോള്‍ ഇന്ത്യയും നിശബ്ദമായി കരുക്കള്‍ നീക്കുന്നുണ്ട്. അമേരിക്കയുമായുള്ള വന്‍കിട വ്യാപാരക്കരാറുകള്‍ നിര്‍ത്തിവെക്കാനുള്ള നീക്കം അവയിലൊന്നാണ്. ബോയിങ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ എയര്‍ ഇന്ത്യ വേണ്ടെന്ന് വെക്കാന്‍ സാധ്യതയുണ്ട്. അതുപോലെ, ഇന്ത്യയുടെ തേജസ് എംകെ ടു പോര്‍വിമാനത്തിനു വേണ്ടി എഫ് 414 എന്‍ജിനുകള്‍ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ നിന്നും വാങ്ങാനുള്ള തീരുമാനവും പുനഃപരിശോധനയിലാണെന്ന് കേള്‍ക്കുന്നു. ഇന്ത്യയില്‍ തന്നെ ആ എന്‍ജിന്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട്. മുമ്പ് അമേരിക്ക ഇന്ത്യയ്ക്ക് ഓഫര്‍ ചെയ്തിരുന്ന എസ് 35 പോര്‍വിമാനങ്ങള്‍ വാങ്ങുന്ന കാര്യം ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. പ്രതിരോധരംഗത്തും വലിയ മുന്നേറ്റം നടത്തുകയാണ് ഇന്ത്യ. കഴിഞ്ഞദിവസം ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മൊറോക്കോയില്‍ ഒരു പ്രതിരോധ ഉത്പന്ന നിര്‍മാണപ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു.
അധികത്തീരുവ ചുമത്തിയപ്പോള്‍ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിന് എത്ര വലിയ വിലയും കൊടുക്കാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാപാരതര്‍ക്കങ്ങളെ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്. ആത്മനിര്‍ഭരതയെ സാമ്പത്തിക തന്ത്രത്തിനുപരി, രാഷ്ട്രീയാദര്‍ശമായും അദ്ദേഹം മാറ്റി. വ്യാപാരമടക്കമുള്ള എല്ലാതരം മേല്‍ക്കൈകളെയും ആയുധമാക്കുന്ന ട്രംപന്‍ തന്ത്രത്തിന് നിന്നുകൊടുക്കാന്‍ ഇന്ത്യ വിസമ്മതിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരിലെ അധികത്തീരുവ ഇരട്ടത്താപ്പാണെന്ന് ലോകത്തിനു മുന്നില്‍ വിശദീകരിക്കാന്‍ മടിക്കാത്ത ഇന്ത്യ, ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചതില്‍ ട്രംപിന് ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ചു. അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസവും അതു സംബന്ധിച്ച അവകാശവാദം തുടര്‍ന്നെങ്കിലും വെടിനിർത്തല്‍ സംബന്ധിച്ച ഇന്ത്യന്‍വാദത്തെ പാകിസ്താന്‍ പോലും സാധൂകരിച്ച സ്ഥിതിക്ക് ലോകത്തെ വിശ്വാസത്തിലെടുക്കാനായില്ല.
യുക്രൈന്‍ യുദ്ധം നീളുന്നതിനു കാരണം ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതാണെന്ന് ഐക്യരാഷ്ട്ര പൊതുസഭ സമ്മേളനത്തില്‍ ആരോപിച്ച ട്രംപ്, യുദ്ധം സംബന്ധിച്ച തന്റെ നിലപാട് അപ്പാടെ മാറ്റുന്നതും ലോകം കണ്ടു. തങ്ങളുടെ വ്യോമാതിര്‍ത്തി മറികടന്നെത്തുന്ന റഷ്യന്‍ വിമാനങ്ങളെ യൂറോപ്യന്‍ രാജ്യങ്ങള്‍ വെടിവെച്ചിടണമെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടമായ ഭൂഭാഗങ്ങള്‍ യുക്രൈന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ റഷ്യയില്‍ നിന്നും തിരിച്ചു പിടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ഉറ്റ ചങ്ങാതിയാണെന്നു പറഞ്ഞയാളാണ് ട്രംപ്.
ഇന്ത്യയുടെ നിലപാടുകള്‍ക്ക് വികസ്വരരാജ്യങ്ങളില്‍ മാത്രമല്ല, പാശ്ചാത്യലോകത്തും കൂടുതല്‍ അംഗീകാരം കിട്ടുന്ന കാഴ്ചയാണിപ്പോള്‍. ഇന്ത്യയെ റഷ്യയും ചൈനയുമായി കൂട്ടിക്കെട്ടരുതെന്നും വന്‍ശക്തിയായി വളരുന്ന ഇന്ത്യ യൂറോപ്യന്‍ യൂണിയന്റെ മാത്രമല്ല, അമേരിക്കയുടെയും അടുത്ത സഖ്യകക്ഷിയാണെന്നും ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ് പറഞ്ഞു. അവര്‍ക്ക് ജനസംഖ്യയുണ്ട്, സമ്പദ് വ്യവസ്ഥയുണ്ട്. ഇന്ത്യയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് പാശ്ചാത്യലോകത്തിന് ഗുണകരമാണെന്ന് ഞാന്‍ കരുതുന്നു- സ്റ്റബ് പറഞ്ഞു. നേരത്തേ, സമാനമായ അഭിപ്രായം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും പങ്കുവെച്ചിരുന്നു. ഇന്ത്യ ഏറെക്കുറെ തങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഊര്‍ജസുരക്ഷിതത്വം സംബന്ധിച്ച ഇന്ത്യന്‍ നിലപാടിലെ സങ്കീര്‍ണതകള്‍ മനസിലാക്കുന്നുണ്ട്.
Content Highlights: India`s External Affairs Minister, S. Jaishankar, calls for developing nations to unite against existing global order inequalities and economic threats.
Published: 25 Sept 2025, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented