ഇത്തവണ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടുകള്‍ കിങ്മേക്കേഴ്സ് ആവുമെന്ന് കണക്കുകൂട്ടുന്നുണ്ട് മുന്നണികള്‍. ഇത് മുന്നില്‍ കണ്ടാണ് 75 ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപ നല്‍കുന്ന മഹിള റോജ്ഗര്‍ യോജന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

നരേന്ദ്രമോദി, നിതീഷ് കുമാര്‍, അമിത് ഷാ| ഫോട്ടോ: എ.എന്‍.ഐ
പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ അത്ര എളുപ്പമാവില്ലെന്ന തിരിച്ചറിവുണ്ട് എന്‍.ഡി.എയ്ക്കും ബിജെപിക്കും. നിതീഷ് കുമാര്‍ എന്ന രാഷ്ട്രീയ ബിംബത്തെ മുന്നില്‍ നിര്‍ത്തിയായിരുന്നു കഴിഞ്ഞ തവണയൊക്കെ അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നതെങ്കിലും ഭരണവിരുദ്ധ വികാരം വേണ്ടുവോളം നിലനില്‍ക്കുന്നുണ്ട് സംസ്ഥാനത്ത്. ഇതിനൊപ്പം വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നയിച്ച പ്രചാരണയാത്ര കാര്യമായി സ്വാധീനമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ വിലയിരുത്തല്‍. ഇതോടെ നേരത്തെ ഝാര്‍ഖണ്ഡില്‍ പരീക്ഷിച്ച അനധികൃത നുഴഞ്ഞുകയറ്റമെന്ന വിഷയത്തിലൂന്നി പ്രചാരണം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.
എന്‍ഡിഎ ക്യാമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ്‌കുമാറിനെ തന്നെയാണ് ഇത്തവണയും ഉയർത്തിക്കാട്ടുന്നത അതിന് പകരംവെക്കാന്‍ മറ്റൊരു നേതാവിനെ കാണിക്കാനില്ലാത്തത് കൊണ്ടാണ്. ഇതോടെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മോദി തന്നെ താരപ്രചാരകരായി എത്തുമെന്നും ഉറപ്പായിട്ടുണ്ട്. ഇതിന് മുന്നോടിയാണ് ബിഹാറിലെ 75 ലക്ഷം സ്ത്രീകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കുന്ന മഹിള റോസ്ഗര്‍ യോജന പദ്ധതി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണം ബിഹാറിലെ എസ്.ഐ.ആറിലും (തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം) അനധികൃക നുഴഞ്ഞുകയറ്റുമെന്ന വിഷയത്തിലേക്കും ഫോക്കസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട് നേതൃത്വം.
എസ്.ഐ.ആറിനെതിരേയും വോട്ടുകൊള്ള ആരോപണം ഉന്നയിച്ചും വോട്ടര്‍പട്ടികയ്‌ക്കെതിരേ രാഹുല്‍ഗാന്ധി പ്രചാരണം നടത്തുന്നത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്. ഇത് ബിഹാറിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഇല്ലാതാക്കാനള്ള പ്രതിപക്ഷ നീക്കത്തിന്റെ ഭാഗമാണെന്ന തരത്തിലും അവര്‍ പ്രചാരണത്തെ തിരിച്ചുവിടുന്നു. ഇതുവഴി നിതീഷ് കുമാറിനെതിരേയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്നും കണക്കാക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ തവണ ഝാര്‍ഖണ്ഡിലും ഇതേ ആരോപണമായിരുന്നു പ്രധാന തിരഞ്ഞെടുപ്പ് വിഷമായി ബിജെപി പ്രയോഗിച്ചത്. ഇത് ഝാര്‍ഖണ്ഡില്‍ ഗുണം ചെയ്തിട്ടില്ലെങ്കിലും ബിഹാറില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അനധികൃത നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും എസ്ഐആര്‍ (തീവ്ര വോട്ടര്‍പട്ടിക പരിഷകരണം) പോലുള്ള പദ്ധതികള്‍ ഇതിനായി സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ ഇതിനെതിരേ നില്‍ക്കുകയെന്നതാണ് പ്രതിപക്ഷ നിലപാടെന്നുമാണ് സെപ്തംബര്‍ 15 ന് പുര്‍ണിയയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്. ഇതുവഴി കോണ്‍ഗ്രസും ആര്‍ജെഡിയും അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും നരേന്ദ്രമോദി ആരോപിച്ചു. ഈ ആരോപണം ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റുപിടിക്കുകയും ചെയ്തു.
അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ ശക്തിയില്‍ തിരഞ്ഞെടുപ്പ് ജയിക്കാനാണ് രാഹുല്‍ഗാന്ധി ലക്ഷ്യമിടുന്നതെന്നാണ് ഡല്‍ഹിയില്‍ അമിത്ഷാ ആരോപിച്ചത്. നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തുതന്നെ നിലനില്‍ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവരെ വോട്ടര്‍പട്ടികയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. അല്ലാത്തപക്ഷം ജനങ്ങളുടെ വിശ്വാസം തേടി ഇവിടെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും അമിത് ഷാ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അതിന് പ്രതിപക്ഷം തടസ്സം നില്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണെന്നും അമിത് ഷാ ആരോപിക്കുന്നുണ്ട്. ഇതെല്ലാം ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. ആരോപണം തന്റെ ബിഹാര്‍ സന്ദര്‍ശനത്തിനിടേയും ഷാ മുന്നോട്ട് വെച്ചിരുന്നു.
രാഹുല്‍ഗാന്ധി ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്ര നടത്തിയത് സംസ്ഥാനത്ത് നല്ല വിദ്യാഭ്യാസമോ തൊഴിലോ തടസ്സമില്ലാത്ത വൈദ്യുതിയോ നല്ല റോഡോ കൊണ്ടുവരാനായിരുന്നില്ല. പകരം ബംഗ്ലാദേശില്‍ നിന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരെ സംരക്ഷിക്കാനായിരുന്നുവെന്നാണ് ബിഹാറില്‍ അമിത് ഷാ പറഞ്ഞത്. വരുംദിവസങ്ങളില്‍ മറ്റ് നേതാക്കളേയും സംസ്ഥാനത്തെത്തിക്കാനും ഇതേ പ്രചാരണം ഏറ്റുപിടിക്കണമെന്നുമുള്ള നിര്‍ദേശവും എന്‍ഡിഎ നേതൃത്വം നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും അനധികൃത നുഴഞ്ഞുകയറ്റം നടന്നതായി പറയുന്നില്ല. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെയാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നേരത്തെ ഉന്നയിച്ച ആരോപണത്തെ വീണ്ടും കൂട്ടുപിടിക്കുന്നത്. സംസ്ഥാനത്ത് മുസ്ലീം ജനത കൂടുതല്‍ താമസിക്കുന്ന സീമാഞ്ചല്‍ഭാഗത്താണ് (അരരിയ, പുര്‍ണിയ, കൈതാര്‍, കിഷന്‍ഗഞ്ജ്) കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം എന്‍ഡിഎയ്‌ക്കൊപ്പം പ്രതിപക്ഷവും ഒപ്പത്തിനൊപ്പമെത്തിയത്. ഇവിടങ്ങളിലെ വോട്ടുകളെ ധ്രുവീകരിക്കുക എന്നതും പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
എന്നാല്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രീയം പറയുന്ന ജെഡിയുവിന് തിരഞ്ഞെടുപ്പുകാലത്ത് ബിജെപി സജീവമാക്കുന്ന നുഴഞ്ഞുകയറ്റ രാഷ്ട്രീയത്തെ പൂര്‍ണമായും അംഗീകരിക്കാനാവുന്നില്ല. അതുകൊണ്ട് ഇതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ കേന്ദ്ര-സംസ്ഥാന വികസന രാഷ്ട്രീയം പറഞ്ഞുള്ള തിരഞ്ഞെുടുപ്പ് പ്രചാരണമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. വികസനമാണ് ഞങ്ങളുടെ ശക്തിയെന്നും എന്താണോ കേന്ദ്രവും സംസ്ഥാനവും ജനങ്ങള്‍ക്ക് നല്‍കുന്നത് അതിന് വോട്ട് നല്‍കണമെന്നുമാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് കാലത്തെ ബിഹാറിന്റെ പരിതാപകരമായ അവസ്ഥയും തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ജെഡിയു നേതാക്കള്‍ വ്യക്തമാക്കുന്നു.
ബിഹാറില്‍ നിതീഷ്‌കുമാറിന്റെ തെറ്റായ ഭരണനയം ത്രീ സി (ക്രൈം,കറപ്ഷന്‍ കമ്യൂണലിസം) ആയി മാറി. ഇത് ജനങ്ങള്‍ ചര്‍ച്ചയാക്കുന്നത് തടയുക എന്നതാണ് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിന്റെ പേര് പറഞ്ഞ് വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ബിജെപിയും ജെഡിയും ശ്രമിക്കുന്നതെന്നാണ് ആര്‍ജെഡിയും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടുന്നത്. ഇത് വോട്ടര്‍മാര്‍ക്ക് മനസ്സിലാവുന്നുണ്ടെന്നും ഇനിയൊരു തെറ്റ് അവര്‍ ആവര്‍ത്തിക്കില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും ബിഹാറില്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരില്ലെന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇത് മറച്ചുവെച്ചുകൊണ്ടാണ് തെറ്റായ പ്രചാരണത്തിന് ബിജെപി തുടക്കമിട്ടിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
എസ്ഐആറിലൂടെ ബിഹാറില്‍ ഏതെങ്കിലും ബംഗ്ലാദേശ്, ഭൂട്ടാന്‍ കുടിയേറ്റക്കാരെ കണ്ടത്തിയിട്ടുണ്ടോ എന്ന് നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ അവരെ തിരിച്ചയച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും ആവശ്യപ്പെടുന്നു. യുപിഎ ഭരിച്ചിരുന്ന 2005-2014 കാലത്ത് 77156 അനധികൃത ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ തിരച്ചയച്ചിട്ടുണ്ടെന്നാണ് പാര്‍ലമെന്റ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പറയുന്നു ബിഹാര്‍ കോണ്‍ഗ്രസ് വക്താവ് അസിത് നാത് തിവാരി. എന്നാല്‍ 2015 മുതല്‍ 2017 വരെയുള്ള എന്‍ഡിഎ കാലത്ത് തിരിച്ചയച്ചിരിക്കുന്നത് 833 പേരെ മാത്രമാണ്. 2018 മുതല്‍ 2024 വരെയുള്ള രേഖകള്‍ പോലും ലഭ്യമല്ലെന്നും തിവാരി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉന്നയിച്ച ഭരണഘടന അപകടത്തില്‍ എന്ന ആരോപണത്തില്‍ നിന്ന് മാറി വോട്ടുകൊള്ളയിലേക്ക് പ്രചാരണ തന്ത്രം മാറ്റിയാണ് ബിഹാറില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ നടപടിയെ ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ബിജെപിക്കെതിരായ പോരാട്ടം കടുപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസിനെ 'നുഴഞ്ഞുകയറ്റ അനുകൂലികള്‍' എന്ന് മുദ്രകുത്തിയാണ് ബിജെപി പ്രതിരോധിക്കുന്നത്. ഇതുവഴി ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്നതും ബിജെപി ലക്ഷ്യമിടുന്നു. ഇത് ബിഹാറിലെ ജനങ്ങളെ പ്രത്യേകിച്ച് 1970-കളുടെ അവസാനം മുതല്‍ നുഴഞ്ഞുകയറ്റ വിഷയം ഒരു രാഷ്ട്രീയ പ്രശ്‌നമായി നിലനില്‍ക്കുന്ന സീമാഞ്ചല്‍ മേഖലയിലുള്ളവരുടെ വോട്ട് പെട്ടിയില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സ്ത്രീകളുടേതാവുമോ അന്തിമവിധി?
ഇത്തവണ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടുകള്‍ കിങ്മേക്കേഴ്സ് ആവുമെന്ന് കണക്കുകൂട്ടുന്നുണ്ട് മുന്നണികള്‍. ഇത് മുന്നില്‍ കണ്ടാണ് 75 ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപ നല്‍കുന്ന മഹിള റോസ്ഗാർ യോജന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും എന്‍ഡിഎ കണക്ക് കൂട്ടുന്നു. എന്‍ഡിഎ മഹിള റോസ്ഗാർ യോജന പ്രഖ്യാപിച്ചതിന് പിന്നാലെ ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് 2500 രൂപ സഹായം നല്‍കുന്ന മയി ബഹന്‍മാന്‍ യോജന പദ്ധതി തുടങ്ങുമെന്ന് തേജസ്വി യാദവും അറിയിച്ചിട്ടുണ്ട്. ബിഹാറില്‍ പുരുഷ വോട്ടര്‍മാരെക്കാള്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ അധികം സ്ത്രീവോട്ടര്‍മാരുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ട് കൂടിയാണ് വനിതകള്‍ക്കുള്ള സഹായ പദ്ധതികളുമായി ഭരണ പ്രതിപക്ഷ മുന്നണികള്‍ രംഗത്തെത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപ നല്‍കുന്ന ലാഡ്ലി ബഹന യോജന എന്‍ഡിഎ കൊണ്ടുവന്നിരുന്നു. ഇത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സമാന തന്ത്രം ബിഹാറിലും പയറ്റാന്‍ എന്‍ഡിഎ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ സംസ്ഥാനത്ത് പ്രധാന പ്രശ്നമാണെന്ന് വിവിധ അഭിപ്രായ സര്‍വേകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപനവുമായി ഇരു മുന്നണികളും രംഗത്ത് വന്നത്.
Content Highlights: BJP eyes Bihar polls with infiltration narrative, contrasting EC`s stance. Modi & Shah employ old tactics to counter anti-incumbency & Rahul Gandhi`s campaign
Published: 29 Sept 2025, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented