റഷ്യന്‍ അധിനിവേശത്തിനെതിരേ അമേരിക്ക നല്‍കിയ യുദ്ധസഹായവും സാമ്പത്തിക സഹായവുമായിരുന്നു യുക്രൈന് ഇക്കാലമത്രയും വലിയ ആത്മവിശ്വാസം നല്‍കിയത്.

സെലന്‍സ്‌കി, ഡൊണാള്‍ഡ് ട്രംപ് ഫോട്ടോ എ.എഫ്.പി
യുദ്ധം നിര്‍ത്താനുള്ള ട്രംപിന്റെ നിര്‍ദേശങ്ങളൊന്നും റഷ്യ മുഖവിലയ്‌ക്കെടുക്കാതെ വന്നതോടെ യുക്രൈനെ വീണ്ടും ആയുധങ്ങള്‍ നല്‍കി സഹായിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. അമേരിക്കയുടെ ദീര്‍ഘദൂര മിസൈലായ ടോമഹോക്ക് മിസൈലാണ് സെലന്‍സ്‌കിയുടെ ആവശ്യപ്രകാരം നല്‍കാൻ ഒരുങ്ങുന്നത്. തീരുമാനം കൈക്കൊള്ളാനുള്ള അവസാന ഒരുക്കത്തിലാണ് ഡൊണാള്‍ഡ് ട്രംപെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇക്കാര്യം അന്താരാഷ്ട്ര മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. 2500 കിലോ മീറ്റർ ദൂരത്തേക്ക് വരെ തൊടുത്തുവിടാന്‍ കഴിയുന്നതാണ് അമേരിക്കയുടെ ബ്രഹ്‌മാണ്ഡ മിസൈലായ ടോമഹോക്ക്. ഇതോടെ യുദ്ധരംഗത്ത് ഏറെ വിയര്‍ക്കുന്ന യുക്രൈന് ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കുന്നത് കൂടിയാവും ഈ തീരുമാനം.
ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയ ശേഷം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നതിന്റെ പേരില്‍ യുക്രൈനുള്ള എല്ലാ യുദ്ധസഹായവും നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം നിര്‍ത്താന്‍ താന്‍ മുന്‍കൈയെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. പുതിനുമായി പലതവണ ചര്‍ച്ചയും നടത്തി. പക്ഷെ, ഒരിഞ്ച് പോലും പിന്നോട്ട് പോവില്ലെന്ന് പുതിന്‍ നിലപാടെടുത്തതോടെ ട്രംപ് വലിയ രീതിയിൽ പ്രകോപിതനായി. ഇതിന് പിന്നാലെയാണ് യുക്രൈന്‍ യുദ്ധത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് റഷ്യയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരേയടക്കം പിഴച്ചുങ്കം ചുമത്തി ട്രംപ് കളം മാറ്റിയത്. പക്ഷെ, യുദ്ധം നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് കണ്ടതോടെ യുക്രൈന് വീണ്ടും ആയുധം നല്‍കി സഹായിക്കാന്‍ ഒരുങ്ങുകയാണ് ട്രംപ്.
- എന്താണ് ടോമഹോക്ക് മിസൈലിന്റെ പ്രത്യേകത
യുഎസ് നാവിക സേന ഉപയോഗിക്കുന്ന ക്രൂയിസ് മിസൈലുകളാണ് 2500 കിലോ മീറ്റർ ദൂരം കൈവരിക്കാന്‍ ശേഷിയുള്ള ടോമഹോക്ക് മിസൈല്‍. ഉന്നം പിഴയ്ക്കാത്ത ആക്രമണമാണ് ഇതിന്റെ പ്രത്യേകത. കപ്പലുകളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഇവ പ്രയോഗിക്കാനാവും. താഴ്ന്ന് പറക്കാന്‍ കഴിയുന്നതും നൂതന സംവിധാനങ്ങളുള്ളതുമായ ടോമഹോക്കിന് ശത്രുപാളയത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കാനും സാധിക്കും.
1970-കളില്‍ ശീതയുദ്ധ കാലത്താണ് ഇത് ആദ്യമായി ഉപയോഗിച്ചത്. ഏകദേശം 5.5 മീറ്റര്‍ നീളവും 1600 കിലോ ഭാരവുമുണ്ട്. മണിക്കൂറില്‍ 880 കിലോ മീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാനുമാവും. മാത്രമല്ല, റഡാര്‍ സംവിധാനങ്ങളുടെ കണ്ണില്‍ പെടാതെ ശത്രുപാളയത്തിലെത്താന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. കൃതതയോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ സ്മാര്‍ട്ട് നാവിഗേഷനുമുണ്ടാവും. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക ടോമഹോക്കിനെ ഉപയോഗിച്ചിരുന്നു. ഇറാഖ് യുദ്ധം, സുഡാന്‍, അഫ്ഗാനിസ്താന്‍ ഓപ്പറേഷന്‍, ലിബിയയിലെ ഓപ്പറേഷന്‍ ഒഡീസി ഡോണ്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ടോമഹോക്ക് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടന്റെ റോയല്‍ നേവിയും ടോമഹോക്കിനെ നിലവില്‍ ഉപയോഗിക്കുന്നുണ്ട്.
1991-ലെ ഗള്‍ഫ് യുദ്ധകാലത്ത് 280-ലധികം ടോമഹോക്ക് മിസൈലുകള്‍ അമേരിക്ക തൊടുത്തു എന്നാണ് റിപ്പോര്‍ട്ട്. 2003-ല്‍ ഇറാഖ് യുദ്ധകാലത്തും ഈ മിസൈലുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതിന് ശേഷം ലിബിയയിലും സിറിയയിലും സമാന മിസൈലുകള്‍ പ്രയോഗിച്ചു. യുഎസിന്റെ ദീര്‍ഘ-ദൂര മിസൈലുകളുടെ ഗണത്തിലാണ് ടോമഹോക്കിന്റെ സ്ഥാനം.
ജൂണ്‍ 22-ന് ഇറാനിലെ ഫോര്‍ഡോ, നഥാന്‍സ്, ഇസ്ഫഹാന്‍ തുടങ്ങിയ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് അമേരിക്ക ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും ടോമഹോക്ക് മിസൈലുകളും പ്രയോഗിച്ചത്. ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളെല്ലാം തകര്‍ത്തുവെന്ന് ഇതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ആറ് ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫോര്‍ഡോയുടെ കവാടങ്ങളില്‍ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, 400 മൈല്‍ അകലെ മുങ്ങിക്കപ്പലുകളില്‍ നിന്നാണ് നഥാന്‍സിലേക്കും ഇസ്ഫഹാനിലേക്കും 30 ടോമഹോക്ക് മിസൈലുകള്‍ യുഎസ് പ്രയോഗിച്ചത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇസ്രയേല്‍ പക്ഷത്തായി യുദ്ധഭൂമിയിലേക്ക് ഇറങ്ങിയത്.
യുക്രൈന് ടോമഹോക്ക് നല്‍കുന്നതില്‍ അന്തിമതീരുമാനം വന്നില്ലെങ്കിലും അംഗീകാരം കിട്ടിയാല്‍ റഷ്യയ്‌ക്കെതിരേ യുക്രൈന് പ്രയോഗിക്കാനാവുന്ന ഏറ്റവും ശക്തമായ മിസൈലുകളിലൊന്നായും ഇത് മാറും. അതുകൊണ്ടു തന്നെ നീക്കത്തെ ഏറെ ശ്രദ്ധയോടെയാണ് റഷ്യ സമീപിക്കുന്നത്. നേരത്തെ യുക്രൈന് കൂടുതല്‍ ആയുധം നല്‍കുന്നത് പരിഗണിക്കണമെന്ന് യുറോപ്യന്‍ സഖ്യ കക്ഷികളോട് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളും ടോമഹോക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതും പരിഗണിക്കുമെന്നുമാണ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കിയത്. മിസൈല്‍ നല്‍കിയാല്‍ അത് റഷ്യയ്‌ക്കെതിരേ അമേരിക്ക പ്രയോഗിക്കുമോ അതല്ല യുക്രൈന്‍ പ്രയോഗിക്കുമോ എന്നാണ് അറിയേണ്ടതെന്ന് ക്രെമിലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ആര് പ്രയോഗിച്ചാലും യുദ്ധസാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും പെസ്‌കോവ് വ്യക്തമാക്കി. ഓരോ ടോമഹോക്ക് മിസൈലിനും ഏകദേശം 2.4 മില്ല്യണ്‍ ഡോളര്‍ (19.9 കോടി) ആണ് പ്രതീക്ഷിക്കുന്ന ചെലവ്.
- പ്രതിരോധം കടുപ്പിക്കാന്‍ ഫ്‌ളമിംഗോയും
നാല് വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടുപോവുമ്പോള്‍ യുക്രൈന്‍ പുതിയ മിസൈല്‍, ആയുധ പരീക്ഷണത്തിലുമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അവര്‍ വികസിപ്പിച്ചെടുത്ത ഫ്‌ളമിംഗോ ക്രൂയിസ് മിസൈല്‍. കീവ് ആസ്ഥാനമായുള്ള ഫയര്‍പോയിന്റ് വികസിപ്പിച്ചെടുത്ത ഫ്‌ളമിംഗോ നിലവില്‍ അവരുടെ ആയുധ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയുള്ളതാണ്. ഏകദേശം 3000 കിലോ മീറ്റര്‍ ദൂരപരിധിയാണ് ഇതിന് യുക്രൈന്‍ അവകാശപ്പെടുന്നത്. 1000 കിലോഗ്രാമാണ് ഭാരം. മണിക്കൂറില്‍ 950 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. റഷ്യയുടെ ഏറ്റവും നൂതനമായ വ്യോമപ്രതിരോധ സംവിധാനത്തെ പോലും തകര്‍ക്കാന്‍ ഫ്‌ളമിംഗോയ്ക്ക് കഴിയുമെന്നാണ് യുക്രൈന്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ഫ്‌ളമിംഗോയെ ഉത്പാദിപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വന്തം സംരക്ഷണത്തിന് മറ്റുള്ളവരെ ആശ്രയിക്കുന്നതിനപ്പുറം സ്വയം പ്രതിരോധം കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
യുക്രൈന്‍ സര്‍ക്കാര്‍ ആഭ്യന്തര നിര്‍മാതാക്കളില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം 1000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. എന്നാല്‍, ഫ്‌ളമിംഗോ വ്യവസായിക അടിസ്ഥാനത്തില്‍ വികസിപ്പിച്ചാല്‍ അതിന്റെ മൂന്നിരട്ടി വില്‍ക്കാന്‍ ശേഷി കൈവരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കുള്ള വില്‍പ്പനയിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സാധ്യത കൈവരിക്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് യുക്രൈന്‍ ഫ്‌ളമിംഗോയെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ഫ്‌ളമിംഗോയുടെ 210 യൂണിറ്റ് പുറത്തിറക്കാനാണ് യുക്രൈന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ യുദ്ധക്കളത്തില്‍ ആകാശപ്പോരാട്ടമാണ് ഒരേയൊരു മുന്‍തൂക്കം. അതുകൊണ്ട് തന്നെ ഫ്‌ളമിംഗോയ്ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും ഇതിന്റെ ചുമതലയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
- അമേരിക്ക പ്രധാന സഹായി
റഷ്യന്‍ അധിനിവേശത്തിനെതിരേ അമേരിക്ക നല്‍കിയ യുദ്ധസഹായവും സാമ്പത്തിക സഹായവുമായിരുന്നു യുക്രൈന് ഇക്കാലമത്രയും ആത്മവിശ്വാസം നല്‍കിയത്. യൂറോപ്യന്‍ രാജ്യങ്ങളും കൈമെയ് മറന്ന് സഹായിച്ചു. എന്നാല്‍, ജോ ബൈഡന്‍ മാറി രണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റതോടെ എല്ലാം താളം തെറ്റി. ഒടുവില്‍ യുക്രൈന് നല്‍കുന്ന യുദ്ധസഹായം താല്‍ക്കാലികമായി മരവിപ്പിക്കുകയാണെന്ന തീരുമാനം കൂടി ട്രംപ് കൈക്കൊണ്ടതോടെ നാല് വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധത്തിന്റെ രൂപവും ഭാവവും മാറുമെന്നാണ് പ്രതീക്ഷിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരാന്‍ പോവുന്നത്.
2022-ല്‍ യുദ്ധം തുടങ്ങിയശേഷം ഏകദേശം 77 ബില്ല്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക നല്‍കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൊത്തം 85 ബില്ല്യണ്‍ ഡോളറിന്റെ സഹായവും നല്‍കി. ആയുധ സഹായമുണ്ടാവില്ലെന്ന ട്രംപിന്റെ ഭീഷണി വന്നതോടെ സ്വന്തം നിലയ്ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയും യുക്രൈന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 13-നായിരുന്നു സ്വന്തം നിലയ്ക്ക് ഹ്രസ്വദൂര മിസൈലുകള്‍ വലിയ രീതിയില്‍ നിര്‍മിക്കാനുള്ള പദ്ധതി യുക്രൈന്‍ പ്രഖ്യാപിച്ചത്.
- യുദ്ധത്തില്‍ റഷ്യയ്ക്കും കനത്ത നഷ്ടം
നാല് വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന യുദ്ധത്തില്‍ റഷ്യയ്ക്ക് ഭീകരമായ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം 2,50,000 സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.എന്നാല്‍, സൈനികബലം വീണ്ടും വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിന്നോക്ക പ്രദേശങ്ങളിലെ അതിദരിദ്രരായ ജനങ്ങള്‍ക്ക് ധനസഹായവും മറ്റ് സാമ്പത്തിക വാഗ്ദാനവും നല്‍കിക്കൊണ്ട് സൈന്യത്തില്‍ ചേര്‍ത്തുകൊണ്ടാണ് റഷ്യ സൈനികബലം വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമെ വംശീയ ന്യൂനപക്ഷങ്ങളെയും മധ്യേഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെയും റിക്രൂട്ട് ചെയ്യുന്നുമുണ്ട്. യുദ്ധത്തിന്റെ മുന്‍നിരയില്‍ പോരാടാന്‍ സമ്മതിക്കുന്ന തടവുകാര്‍ക്ക് മാപ്പോ ശിക്ഷയില്‍ ഇളവോ വാഗ്ദാനം ചെയ്തുകൊണ്ടും അവര്‍ സൈനികബലം കൂട്ടുന്നു. യുക്രൈനെപോലെ റഷ്യയും യുദ്ധോപകരണങ്ങളുടെ കാര്യത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും വലിയ വ്യാവസായിക അടിത്തറയുണ്ട് എന്നതാണ് റഷ്യയ്ക്ക് ഗുണം ചെയ്യുന്നത്. എന്നാല്‍, യുക്രൈനിന്റെ അവസ്ഥ അങ്ങനെയല്ല.
അവര്‍ക്ക് ആയുധോപകരണങ്ങളുടേയും മറ്റും കുറവുണ്ടെന്ന് മാത്രമല്ല, ഏകദേശം 400,000 സൈനികരുടെ മരണനിരക്കാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. സൈനികര്‍ പലരും ഒളിച്ചോടുന്നു. നിര്‍ബന്ധിത സൈനിക സേവനം ഒഴിവാക്കാന്‍ ചെറുപ്പക്കാര്‍ വിദേശത്തേക്കും മറ്റും പലായനം ചെയ്യുന്നു. ഇതോടെ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാനും യുക്രൈന് സാധ്യമാവുന്നില്ല.
Published: 02 Oct 2025, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented