ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖ ഒരുങ്ങിയതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 18 ശതമാനം തീരുവ നിജപ്പെടുത്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിൽ ഒപ്പുവെച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ കരാർ ഇന്ത്യയുടെ വാഹന വ്യവസായത്തിന് വലിയ സാധ്യതയാണ് തുറന്നിടുന്നതെന്നാണ് വിലയിരുത്തൽ. അമേരിക്കൻ മോട്ടോർ സൈക്കിളിലും കാറുകളും കുറഞ്ഞ തീരുവയിൽ ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷ.

To advertise here,

അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോട്ടോർ സൈക്കിളുകളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത് വലിയ ബൈക്കുകളുടെ വിഭാഗത്തിൽ വരുന്ന 800 സിസി മുതൽ 1600 സിസി വരെ ശേഷിയുള്ള ബൈക്കുകളാണ് തീരുവയില്ലാതെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുക. അമേരിക്കൽ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർളി ഡേവിഡ്‌സൺ, ഇന്ത്യൻ മോട്ടോർസൈക്കിൾ പോലെയുള്ള ഇരുചക്ര വാഹന നിർമാതാക്കളായിരിക്കും ഈ നീക്കത്തിന്റെ ഗുണഭോക്താക്കൾ.

3000 സിസിക്ക് താഴെ എൻജിൻ ശേഷിയുള്ള കാറുകളുടെ ഇറക്കുമതി തീരുവ വരുന്ന 10 വർഷത്തിനുള്ളിൽ 30 ശതമാനമായി കുറയ്ക്കാനാണ് കരാറിൽ ധാരണയായിരിക്കുന്നത്. ഘട്ടംഘട്ടമായി തീരുവ കുറയുന്നത് അത്യാഡംബര വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രദേശിക വാഹന നിർമാതാക്കളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനാണ് ഘട്ടംഘട്ടമായുള്ള ഇളവ് അനുവദിച്ചിരിക്കുന്നത്.

മോട്ടോർ സൈക്കിളുകൾക്കും ഐസ് എൻജിൻ കാറുകൾക്കും ഇറക്കുമതി തീരുവയിൽ ഇളവ് നൽകുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ച ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തലുകൾ. നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിപുലീകരണം ലക്ഷ്യമിട്ട് നിരവധി പ്രാദേശിക വാഹന നിർമാതാക്കൾ വലിയ നിക്ഷേപമാണ് ഈ മേഖലയിൽ നടത്തിയിരിക്കുന്നത്.

പ്രീമിയം ബൈക്ക് വിപണിക്ക് ആയിരിക്കും ഈ കരാർ ഏറ്റവുമധികം ഗുണം ചെയ്യുകയെന്നാണ് വിലയിരുത്തൽ. ഹാർളി ഡേവിഡ്‌സൺ പോലെയുള്ള ഉയർന്ന ശേഷിയുള്ള ബൈക്കുകൾ ഇറക്കുമതി തീരുവയില്ലാതെ ഇന്ത്യയിൽ എത്തുന്നതോടെ വിപണിയിൽ വലിയ കുതിപ്പിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. കാറുകളുടെ കാര്യത്തിൽ 30 ശതമാനത്തിലേക്ക് ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലൂടെ ഉയർന്ന ശേഷിയിലുള്ള വാഹനങ്ങളുടെ ഇറക്കുമതിയും ഉയർന്നേക്കും.