ഏതാനും മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് രേഖയ്ക്ക് തീപിടിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന സർ ഹെന്റി മോർട്ടിമർ ഡ്യൂറണ്ട് 1893-ൽ വരച്ചുചേർത്ത 2,640 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിരേഖയ്ക്ക് ഇന്ന് ചോരച്ചുവപ്പാണ്. അവിടെ നടക്കുന്നത് വെറും അതിർത്തിത്തർക്കങ്ങളല്ല, സമ്പൂർണ്ണ യുദ്ധമാണ്. കഴിഞ്ഞരാത്രി പാകിസ്താനി യുദ്ധവിമാനങ്ങൾ 22 ഇടങ്ങളിൽ ആക്രമണം നടത്തി. താലിബാനും ടിടിപിയുമായി ബന്ധപ്പെട്ട 274 പേരെ കൊന്നു, 73 താലിബാൻ സൈനികപോസ്റ്റുകൾ തകർക്കുകയും 18 എണ്ണം പിടിച്ചെടുക്കുകയും ചെയ്തു, 115-ലധികം ടാങ്കുകളും കവചിതവാഹനങ്ങളും മറ്റും തകർത്തു എന്ന് പാകിസ്താൻ. മൂന്നുമാസത്തിനിടെ മൂന്നാമത്തെ പാക് വ്യോമാക്രമണമാണിത്. കാര്യമായ നാശമുണ്ടായിട്ടില്ലെന്ന് താലിബാൻ.

To advertise here,

അതിന് മണിക്കൂറുകൾക്ക് മുമ്പ്, താലിബാൻ സേന അതിർത്തിയിലെ പാകിസ്താനി പോസ്റ്റുകൾക്കു നേരെ വലിയ തോതിൽ കരയാക്രമണം ആരംഭിച്ചു; 19 പോസ്റ്റുകൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നും 55 പാക് സൈനികരെ കൊന്നു എന്നും അവർ അവകാശപ്പെട്ടു. അഫ്ഗാൻ ആക്രമണത്തിനു കാരണമായത് കഴിഞ്ഞ ഞായറാഴ്ച അഫ്ഗാനിസ്താനിലെ ടിടിപി (തെഹ്രീക്കെ താലിബാൻ പാകിസ്താൻ), ഐഎസ്‌കെപി (ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസൻ പ്രവിശ്യ) താവളങ്ങൾക്കെതിരെ എന്ന പേരിൽ പാക് വ്യോമസേന നടത്തിയ ആക്രമണവും. നംഗർഹാർ, പക്തിക പ്രവിശ്യകളിൽ നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം കുറഞ്ഞത് 18 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ പറഞ്ഞു.

താലിബാൻ സേനകൾ ജലാലാബാദ് പോലുള്ള പാക് മേഖലകളിൽ മുന്നേറ്റം നടത്തുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പാകിസ്താൻ ചെയ്യുന്ന എല്ലാ തിൻമയ്ക്കും തിരിച്ചടി നൽകുമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ടിടിപി പാകിസ്താന്റെ ആഭ്യന്തരപ്രശ്‌നമാണെന്നും മേഖലയെ അസ്ഥിരപ്പെടുത്താൻ പാകിസ്താനുണ്ടാക്കുന്ന കാരണമം മാത്രമാണതെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് പാകിസ്താനിൽ നടന്ന നിരവധി ചാവേർ ബോംബുസ്ഫോടനങ്ങൾക്ക് പ്രതികാരമായാണ് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് പാകിസ്താൻ അവകാശപ്പെടുന്നു. ഭീകരർ അഫ്ഗാനിസ്ഥാനിലെ സുരക്ഷിതതാവളങ്ങൾ ഉപയോഗപ്പെടുത്തുന്നതായി പാക് പട്ടാളം ആരോപിക്കുന്നു. റംസാൻ കാലത്ത് നടക്കുന്ന നിരവധിയായ അതിർത്തിലംഘനങ്ങൾക്ക് മറുപടിയാണ് സൈനികനീക്കമെന്ന് വ്യക്തമാക്കിയ താലിബാൻ ബുധനാഴ്ച തിരിച്ചടി ആരംഭിക്കുകയായിരുന്നു. നിരവധി പട്ടാളക്കാർ കൊല്ലപ്പെട്ടു, തടവിലാക്കപ്പെട്ടു. താലിബാൻ ആക്രമണത്തെ അകാരണമായ അക്രമമെന്ന് വിശേഷിപ്പിച്ച പാകിസ്താൻ 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' (ന്യായമായ കോപം) എന്ന പേരിൽ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇരുകൂട്ടരുടെയും അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പാകിസ്താന്റെ ക്ഷമ നശിച്ചെന്നും ഇപ്പോൾ നടക്കുന്നത് അഫ്ഗാനിസ്ഥാനെതിരായ തുറന്ന യുദ്ധമാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജാ അസിഫ് വ്യക്തമാക്കി. നാറ്റോ സേനകൾ പിൻമാറിയതോടെ അഫ്ഗാനിൽ സമാധാനമുണ്ടാവുമെന്നും താലിബാൻ ജനങ്ങളുടെ ക്ഷേമത്തിനും പ്രാദേശികസ്ഥിരതയ്ക്കും ഊന്നൽ കൊടുക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തങ്ങളുടെ തിരിച്ചടി പ്രതിരോധാത്മകമാണെന്നാണ് താലിബാന്റെ പക്ഷം. പ്രശ്നപരിഹാരത്തിന് സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് വക്താവ് പറഞ്ഞു.

ഡൂറണ്ട് രേഖയെ ഇന്നേവരെ ഒരു അഫ്ഗാൻ ഭരണകൂടവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പഷ്തൂൺ ജനതയെ രണ്ടായി വിഭജിക്കുന്ന ഈ രേഖ തകർത്ത് ഇസ്ലാമാബാദ് വരെ മുന്നേറുക എന്നതാണ് അവരുടെ ലക്ഷ്യം. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്താൻ എന്നിവയുടെ ഭാഗങ്ങൾ തങ്ങളുടേതാണെന്ന് അഫ്ഗാനിസ്ഥാൻ കരുതുന്നു. 2021-ൽ അമേരിക്ക തിരക്കിട്ട് അഫ്ഗാനിൽ നിന്ന് പിൻമാറുകയും താലിബാൻ വീണ്ടും അധികാരം പിടിക്കുകയും ചെയ്തപ്പോൾ കാബൂളിൽ പിടി മുറുക്കാമെന്ന് പാകിസ്താൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

പാകിസ്താന്റെ അസ്തിത്വ പ്രതിസന്ധി

ആണവരാഷ്ട്രമായ പാകിസ്താൻ അതിജീവനത്തിന് വേണ്ടി ഒരേസമയം പല യുദ്ധമുന്നണികളിൽ പോരാടുകയാണ്. പടിഞ്ഞാറ് താലിബാൻ, തെക്ക് ബലൂച് വിപ്ലവകാരികൾ, കിഴക്ക് ഇന്ത്യ, പാക്കധീന കശ്മീരിലും സിന്ധ് പ്രവിശ്യയിലും ഗിൽഗിത് ബൾട്ടിസ്താനിലും നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, പ്രമുഖ പ്രതിപക്ഷ നേതാവായ ഇമ്രാൻ ഖാനെ ജയിലിൽ പീഡിപ്പിക്കുന്നുവെന്ന തോന്നൽ- അകത്തും പുറത്തും പ്രശ്നങ്ങളാണ്. ശരിക്കുള്ള ഭരണം ഫീൽഡ് മാർഷൽ അസീം മുനീർ കൈയാളുകയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ലോകവേദികളിൽ പരിഹാസ്യനാവുകയും ചെയ്യുമ്പോൾ ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരം എളുപ്പമല്ല.

ബലൂചിസ്ഥാനിൽ പലയിടത്തും പാക് സൈന്യത്തിന്റെ നിയന്ത്രണം കാര്യമായില്ല. ബലൂച് വിമോചന സേനയുടെ (ബിൽഎ) സമാന്തരസർക്കാർ പലയിടത്തും ഭരണം നടത്തുന്നു. തീവണ്ടികൾ ഹൈജാക്ക് ചെയ്യുന്നതും (കഴിഞ്ഞ വർഷം ജാഫർ എക്സ്പ്രസ് തട്ടിയെടുത്തത് ഓർമിക്കുക) പട്ടാള വാഹനവ്യൂഹങ്ങളെ പതിയിരുന്നാക്രമിക്കുന്നതും പാക്- ചൈന സാമ്പത്തിക ഇടനാഴി പദ്ധതികളെ ആക്രമിക്കുന്നതും ഒന്നും വാർത്തയല്ലാതായിരിക്കുന്നു. ഇപ്പോൾ ചാവേറാക്രമണങ്ങളും പതിവായി. ബിഎൽഎയുടെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡ് ഇന്ന് ആധുനിക സാങ്കേതികവിദ്യയും സ്വർണ്ണക്കടത്ത് വഴി ലഭിക്കുന്ന പണവും ഉപയോഗിച്ച് പാക് നാവികസേനാ താവളങ്ങൾ ആക്രമിക്കുന്നു. ബലൂചിസ്ഥാനിൽ പാകിസ്താൻ വലിയൊരു ആക്രമണത്തിനു തയ്യാറെടുക്കുന്നതായി സൂചനകളുണ്ട്.

ഖൈബർ പഖ്തൂൻഖ്വയിൽ ടിടിപി ദിവസവും ഡ്രോണുകളും സ്ഫോടകവസ്തുക്കളും പതിയിരുന്നാക്രമണങ്ങളും ഉപയോഗിച്ച് പാക് പട്ടാളത്തിന്റെ സൈ്വരം കെടുത്തുകയാണ്. പാക്കധീന കശ്മീരിലും ഗിൽജിത് ബൾട്ടിസ്ഥാനിലും സാമ്പത്തിക അവഗണനയ്ക്കും ജനസംഖ്യാഘടനയിലെ മാറ്റങ്ങൾക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായിട്ടുണ്ട്. സിന്ധ് പ്രവിശ്യയിൽ സിന്ധി ('സിന്ധ് ദേശ്') ദേശീയവാദ ഗ്രൂപ്പുകൾ വിഭവചൂഷണവും സാംസ്‌കാരിക അരികുവൽക്കരണവും ചൂണ്ടിക്കാട്ടി കൂടുതൽ സ്വയംഭരണമോ വേർപിരിയലോ വേണമെന്ന് ആവശ്യപ്പെടുന്നു. പാകിസ്താന്റെ ഏക വരുമാനമാർഗ്ഗമായ കറാച്ചി തുറമുഖത്തെ സ്തംഭിപ്പിക്കുക എന്ന തന്ത്രമാണ് അവർ പയറ്റുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യമെങ്കിലും വിവിധ യുദ്ധമുന്നണികളിലേക്ക് പണം തിരിച്ചുവിടുകയാണ് പാക് പട്ടാളം. ഉയർന്ന കടം, പണപ്പെരുപ്പം, കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ റെക്കോഡ് തവണ ഐഎംഎഫിൽ നിന്നുള്ള സഹായം. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ പറഞ്ഞു, ജമ്മു കശ്മീരിന്റെ വികസനത്തിനായി ഭാരതം മാറ്റിവെച്ച ബജറ്റ്, അന്താരാഷ്ട്ര നാണയ നിധി പാകിസ്താന് നൽകുന്ന ആകെ സഹായധനത്തിന്റെ ഇരട്ടിയിലധികമാണെന്ന്. എന്നിട്ടും രാജ്യത്തിനു പുറത്തുള്ള അനാവശ്യസാഹസങ്ങൾക്ക് ഇപ്പോഴും പാകിസ്താൻ മുൻഗണന നൽകുന്നുണ്ട്.

കഴിഞ്ഞയാഴ്ച ഡൽഹി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്ത എട്ടംഗസംഘം- ആറ് ബംഗ്ലാദേശികളും രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും- ഡൽഹിയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയായിരുന്നു. ഭീകരസംഘത്തിന്റെ തലവൻ ഷബീർ അഹമ്മദ് ലോണിന് ലഷ്‌കർ സ്ഥാപകൻ ഹാഫിസ് സയീദും ഐഎസ്ഐയുമായി ബന്ധമുണ്ട്, പ്രവർത്തനകേന്ദ്രം ബംഗ്ലാദേശും. നേരത്തേ, ചെങ്കോട്ടയും ആരാധനാലയങ്ങളും ലക്ഷ്യംവെച്ച സംഘം ഇന്റലിജൻസ് ഏജൻസികളുടെ പിടിയിലായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഭീകരകയറ്റുമതിക്ക് ബുദ്ധിമുട്ടേറിയപ്പോൾ ഐഎസ്ഐ പുതുതായി തുറന്നു കിട്ടിയ ബംഗ്ലാദേശ് താവളമാക്കുന്നതിന്റെ സൂചനകൾ നേരത്തേ പുറത്തുവന്നിരുന്നു.

പാകിസ്താന് വലിയൊരു പ്രശ്നമുണ്ടായാൽ സഹായിക്കാൻ 'ഉരുക്കു സഹോദരൻ' ചൈന പോലും കൂട്ടിനുണ്ടാവില്ല. പണം കിട്ടുന്നിടത്തേക്ക് ചായുന്ന സ്വഭാവമുള്ളിടത്തോളം പാകിസ്താനെ വിശ്വസിക്കാൻ ആരും തയ്യാറാവില്ല. ഐഎംഎഫിന്റെ വായ്പയും അമേരിക്കയുടെ ധനസഹായവും കിട്ടുന്നതിനായി ഒറ്റരാത്രി കൊണ്ട് തങ്ങളെ 'തള്ളിപ്പറഞ്ഞ' രാജ്യത്തെ ചൈന തുണയ്ക്കാൻ മടിക്കും. സാമ്പത്തിക ഇടനാഴിക്കൂ വേണ്ടി പാകിസ്താനിൽ മുടക്കിയ കോടിക്കണക്കിനു ഡോളർ വെള്ളത്തിലായെന്ന ആശങ്കയിലാണ് ചൈന. ബലൂചിസ്ഥാനിൽ നിർമിച്ച ഗ്വാദർ തുറമുഖവും വിമാനത്താവളവുമൊന്നും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം. ബലൂചി പോരാളികൾ ചൈനീസ് പൗരൻമാരെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നു. അവർക്ക് സുരക്ഷയൊരുക്കാൻ പോലും പാകിസ്താന് കഴിയുന്നില്ല. മുടക്കിയ പണം തിരിച്ചുപിടിക്കാൻ ബലൂചിസ്ഥാനിലെ ഖനികളും തുറമുഖങ്ങളും നേരിട്ട് കൈവശപ്പെടുത്താൻ ചൈന ശ്രമിച്ചേക്കും.

ബലൂചിസ്ഥാനിലെ അപൂർവമൂലകങ്ങൾ കാട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീഴ്ത്താനുള്ള മുനീറിന്റെയും ഷെരീഫിന്റെയും നീക്കം ഏറെക്കുറെ പരാജയപ്പെട്ടിരിക്കുന്നു. അമേരിക്കയും ഇന്ന് പാകിസ്താനെ സംശയത്തോടെയാണ് കാണുന്നത്. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അസ്ഥിരമായ രാജ്യം. അമേരിക്ക വിളിച്ചുചേർത്ത ആഗോള ധാതുവിഭവ സമ്മേളനത്തിൽ പാകിസ്താന് ക്ഷണമില്ലായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശമന്ത്രി ഡോ എസ് ജയശങ്കർ പങ്കെടുക്കുകയും ചെയ്തു.

 

ഇന്ത്യയും താലിബാനും ഓപ്പറേഷൻ സിന്ദൂർ ഭാഗം രണ്ടും

പാക്- അഫ്ഗാൻ അതിർത്തിയിൽ നടക്കുന്ന സംഭവങ്ങൾ ഇന്ത്യ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. ഫെബ്രുവരി 22ന് അഫ്ഗാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള സിവിലിയൻമാർ കൊല്ലപ്പെട്ടതിനെ ശക്തമായി അപലപിച്ചു. ആഭ്യന്തര പരാജയങ്ങളെ ബാഹ്യവൽക്കരിക്കാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നതെന്ന് അഭിപ്രായപ്പെട്ട ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും ഭൂമിശാസ്ത്രപരമായ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും പിന്തുണ പ്രഖ്യാപിച്ചു. കുറച്ചു കാലമായി, ഇന്ത്യയും താലിബാനും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളത്.

കഴിഞ്ഞ ഒക്ടോബറിൽ താലിബാൻ വിദേശമന്ത്രി അമീർ ഖാൻ മുത്താഖി ഇന്ത്യ സന്ദർശിച്ചിരുന്നു. അഫ്ഗാൻ മണ്ണിൽ നിന്നും ഇന്ത്യയ്ക്കെതിരായ ഭീകരപ്രവർത്തനം അനുവദിക്കില്ലെന്ന് താലിബാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യ താലിബാന് ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾക്കു പുറമേ സൈനികകാര്യങ്ങളിലും സഹായിക്കുന്നതായി ആരോപണങ്ങളുണ്ട്. സമീപകാലത്ത് താലിബാൻ ഇന്ത്യയ്ക്ക് ബാഗ്രാം വ്യോമതാവളം കൈമാറി എന്ന് അഭ്യൂഹം ശക്തമായിരുന്നു, സ്ഥിരീകരണമില്ലെങ്കിലും. എന്തായാലും വളരുന്ന ഈ സൗഹൃദത്തെ തങ്ങളുടെ സുരക്ഷയ്ക്കുള്ള തന്ത്രപരമായ ഭീഷണിയായാണ് പാകിസ്താൻ കാണുന്നത്. ബലൂചിസ്ഥാനിലെ കലാപങ്ങൾക്കും പാകിസ്താനിൽ നടക്കുന്ന അജ്ഞാതരുടെ വിളയാട്ടത്തിനുമൊക്കെ പാകിസ്താൻ ഇന്ത്യയെയാണ് കുറ്റപ്പെടുത്താറ്. ഒന്നിനും തെളിവില്ല, കൊല്ലപ്പെട്ട ഭീകരരെല്ലാം ഇന്ത്യയുടെ ശത്രുക്കളായിരുന്നു എന്നതല്ലാതെ.

കഴിഞ്ഞ ദിവസം ഇന്ത്യൻ പട്ടാളത്തിന്റെ വെസ്റ്റേൺ കമാൻഡിലെ ലെഫ്റ്റനന്റ് ജനറൽ രാജേഷ് പുഷ്‌കർ പറഞ്ഞത് ഓപ്പറേഷൻ സിന്ദൂർ 2.0 നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ്! കഴിഞ്ഞ വർഷം നടന്ന ഒന്നാം ഘട്ടം പരിശീലനത്തിനും എതിരാളിയെ ഭയപ്പെടുത്തി നിറുത്തുന്നതിനുമുള്ള ചെറിയ സാംപിളായിരുന്നു, ഇപ്പോൾ നടക്കുന്ന തയ്യാറെടുപ്പ് വളരെ വിപുലവും വ്യാപകവുമാണ്- അദ്ദേഹം പറഞ്ഞു. ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കതിയാർ ഇനി ഒരു ഏറ്റുമുട്ടലുണ്ടായാൽ ഭീകരരുടെ ലോഞ്ച്പാഡുകളിലും വ്യോമതാവളങ്ങളിലും മാത്രമായി ഇന്ത്യ ആക്രമണം ചുരുക്കില്ലെന്ന് മുന്നറിയിപ്പു നൽകി.

കോടിക്കണക്കിന് രൂപ ചിലവ് വരുന്ന സൈനികനീക്കങ്ങളെക്കാൾ ഫലപ്രദമായതാണ് ഇപ്പോൾ ഇന്ത്യ പയറ്റുന്ന ജലയുദ്ധം. ദശാബ്ദങ്ങളായി പാലിച്ചുവന്ന സിന്ധു നദീജല പങ്കുവെക്കൽ ഉടമ്പടി പുനപ്പരിശോധിക്കാൻ തീരുമാനിച്ചത് പാകിസ്താന്റെ നട്ടെല്ലൊടിക്കുന്ന നീക്കമാണ്. പാകിസ്താനിലേക്ക് ഒഴുകുന്ന നദികളിൽ ഇന്ത്യ പുതിയ ഡാമുകൾ നിർമ്മിക്കുന്നതും ജലം തിരിച്ചുവിടുന്നതും പാകിസ്താനിലെ കൃഷിയെ തളർത്തുമെന്നുറപ്പ്. ഈ ജലനയതന്ത്രവും സിന്ദൂർ 2.0ന്റെ ഭാഗമാണ്.

ഓപ്പറേഷൻ സിന്ദൂർ ആവർത്തിച്ചാൽ രുദ്ര ബ്രിഗേഡുകളും ഭൈരവ് ബറ്റാലിയനുകളും വലിയ പങ്കു വഹിക്കും. ഭാരതീയ സൈന്യത്തിന്റെ പുതിയ കുന്തമുനകളായ ഓരോ രുദ്ര ബ്രിഗേഡിലും ടി-90 ഭീഷ്മ ടാങ്കുകൾ, മെക്കനൈസ്ഡ് ഇൻഫൻട്രി, ഡ്രോണുകൾ എന്നിവയുണ്ട്. ശത്രുവിന്റെ ഭൂപ്രദേശത്തേക്ക് മിന്നൽവേഗത്തിൽ കടന്നുചെന്ന് ആ പ്രദേശം പിടിച്ചെടുത്ത് നിലനിർത്താൻ ശേഷിയുണ്ട് രുദ്ര ബ്രിഗേഡിന്. അതിർത്തി കടന്ന് മിന്നലാക്രമണം നടത്താൻ പ്രത്യേകം പരിശീലനം ലഭിച്ച കമാൻഡോ വിഭാഗമാണ് ഭൈരവ് ബറ്റാലിയനുകൾ. ഡ്രോൺ പറ്റങ്ങളുപയോഗിച്ച് ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കാൻ ഇവയ്ക്കാകും.

പാകിസ്താൻ വലിയൊരു ചക്രവ്യൂഹത്തിന്റെ നടുവിലാണ്. ഒറ്റനോട്ടത്തിൽ ഇന്ത്യയ്ക്ക് സന്തോഷകരമായ കാര്യമാണെങ്കിലും പാകിസ്താൻ ഛിന്നഭിന്നമാവുന്നത് ശരിക്കും അത്രയ്ക്ക് സുഖകരമാവണമെന്നില്ല. ആഗോളഭീകരരുടെ കേന്ദ്രമായ പാകിസ്താൻ ഇല്ലാതാവുമ്പോൾ, ഭീകരസംഘടനകൾക്ക് കേന്ദ്രീകൃത നിയന്ത്രണം ഇല്ലാതാവുമ്പോൾ, രാജ്യത്ത് നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും വർധിക്കാനിടയുണ്ട്. അഭയാർത്ഥിപ്രശ്നങ്ങൾ പുറമേയും. പാക്കധീന കശ്മീരും ഗിൽജിത് ബൾട്ടിസ്ഥാനും തിരിച്ചുപിടിക്കുന്നതിലെ ലാഭത്തെക്കാൾ വലിയ നഷ്ടമായിക്കൂട അതെന്നില്ല