ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ( റിസർച്ച് ആൻറ് അനാലിസിസ് വിങ്) ഏജൻറ് അമേരിക്കയിൽ വെച്ച് കൊല്ലപ്പെട്ടു എന്ന വാദത്തോടെ ഒരു വീഡിയോ എക്സിൽ പ്രചിക്കുന്നുണ്ട്. ഒരു യുഎസ് ഉദ്യോഗസ്ഥനെ ലക്ഷ്യംവയ്ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇതെന്നും പോസ്റ്റിൽ ആരോപിക്കുന്നു. മാത്രമല്ല, വിഷയത്തിൽ അമേരിക്ക ഇന്ത്യയോട് വിശദീകരണം തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായും സന്ദേശത്തിലുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണ് എന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

To advertise here,

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് :

“ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ലക്ഷ്യം വയ്ക്കാൻ ശ്രമിച്ച ഇന്ത്യൻ റോ ഏജൻസി പ്രവർത്തകൻ അമേരിക്കയിൽ കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തിൽ പങ്കാളിയാണ്, അമേരിക്ക ഇന്ത്യയോട് വിശദീകരണം തേടി”

വെറും ഒൻപത് സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിൽ ഇളം പച്ച നിറത്തിലുള്ള ടീഷർട്ടും ഷോർട്ട്സും ധരിച്ചൊരു യുവാവ് കയ്യിൽ തോക്കുമായി ഒരു കാറിനടുത്തേക്ക് വന്ന് തർക്കിക്കുന്നതും ഉടൻ കുഴഞ്ഞ് വീഴുന്നതും കാണാം. വീഡിയോയിൽ നിന്നുള്ള കീഫ്രേമുകളുപയോഗിച്ച് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതതിൽ നിന്നും ഇതേ വീഡിയോ രണ്ട് വർഷം മുൻപും പ്രചരിച്ചതായി കണ്ടു. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് 2024 ജൂലൈ 19ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ഇന്ത്യാനാപൊളിസിലായിരുന്നു ഈ സംഭവം. ഗവിൻ ദസൗർ എന്ന 29കാരനായ ഇന്ത്യൻ വംശജനാണ് കൊല്ലപ്പെട്ടത്. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തന്റെ കാറിൽ നിന്നിറങ്ങിയ ഗാവിൻ കയ്യിലൊരു തോക്കുമായി മറ്റൊരു കാറിന്റെ അടുത്തേക്ക് പോവുകയും അതിലെ ഡ്രൈവറോട് കയർത്ത് സംസാരിക്കുകയുമായിരുന്നു. തോക്ക് പിടിച്ച കൈകൊണ്ട് ആ കാറിന്റെ ഡോറിൽ ഇടിച്ച ഗവിനെ ആ കാറിലുണ്ടായിരുന്ന വ്യക്തി വെടിവെച്ചു. വെടിയേറ്റ ഗവിൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വാർത്തയിൽ പറയുന്നത്. വെടിവെച്ചയാളെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തെങ്കിലും, അമേരിക്കൻ നിയമപ്രകാരം സ്വയരക്ഷയ്ക്കാണ് അയാൾ വെടിവെച്ചത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതിനാൽ ഇയാൾക്കെതിരെ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഗാവിൻ ദസൗറിന്റെ വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ചക്ക് ശേഷമായിരുന്നു ഈ സംഭവം.

ദേശീയമാധ്യമങ്ങളും ഇത് സംബന്ധിച്ച് വാർത്ത അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് വർഷം മുൻപ് അമേരിക്കയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി. വാഹനം ഓടിക്കുന്നതിനിടെ ഉണ്ടായ തർക്കമായിരുന്നു ഗവിൻ ദസൗർ എന്ന 29 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെടാനുണ്ടായ കാരണം.

അതേസമയം, 2024 ഒക്ടോബറിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവായ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വെച്ച് വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ, ഒരു  ഇന്ത്യൻ ഇന്റലിജൻസ് മുൻ ഉദ്യോഗസ്ഥനെതിരെ അമേരിക്ക ഔദ്യോഗികമായി കുറ്റം ചുമത്തിയിരുന്നു. വാടകക്കൊലയാളികൾക്ക് പണം നൽകി ന്യൂയോർക്കിൽ വെച്ച് പന്നൂനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു എന്നായിരുന്നു യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻറിന്‍റെ ആരോപണം. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഒരു സംഭവമായിരുന്നു ഇത്. ഇതല്ലാതെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ RAW ഉദ്യോഗസ്ഥൻ യുഎസ്സിൽ കൊല്ലപ്പെട്ടു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് അമേരിക്ക വിശദീകരണം ചോദിച്ചു എന്നീ വാദങ്ങൾ അടിസ്ഥാനരഹിതമാണ്.