എനിക്ക് നൊബേല്‍ പുരസ്‌കാരം നല്‍കൂ എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടവും ലോകത്തോട് വിളിച്ചുപറഞ്ഞ് കിറുക്കന്‍ തീരുമാനങ്ങളുമായി മുന്നോട്ട് പോവുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുങ്കമെന്ന ആയുധമുപയോഗിച്ചുള്ള അപ്രഖ്യാപിത യുദ്ധം താന്‍ തുടരുമെന്നു തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിദേശ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്.

To advertise here,

ചുങ്കം എല്ലാ രാജ്യങ്ങള്‍ക്കുമെതിരെയാണെങ്കിലും ഇതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇന്ത്യ അനുഭവിച്ചുപോരുന്നത്. എന്നിട്ടും ട്രംപിനെ വകവയ്ക്കാതെ മുന്നോട്ട് പോവുന്നത് അമേരിക്കന്‍ പ്രസിഡന്റില്‍ ചെറിയ അസ്വാരസ്യങ്ങളല്ല ഉണ്ടാക്കിയിരിക്കുന്നത്. മരുന്നിനെതിരെയുള്ള ചുങ്കത്തിലൂടെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള അറ്റകൈ പ്രയോഗത്തിലേക്കാണ് ട്രംപ് പോയിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരെ ചുമത്തിയ പിഴച്ചുങ്കത്തിനും എച്ച്1ബി വിസാ ഫീസ് വര്‍ധനയ്ക്കുമെല്ലാം പുറമെ വിദേശ ബ്രാന്‍ഡഡ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് 'ട്രൂത്ത് സോഷ്യലി'ലൂടെ ട്രംപ് അറിയിച്ചതോടെ ഇന്ത്യയുടെ വിദേശ വ്യാപാരവിപണിയില്‍ , വിശേഷിച്ചും ഔഷധ മേഖലയില്‍, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. 

  • അമേരിക്കയില്‍ നിര്‍മിക്കുക അല്ലെങ്കില്‍ നികുതി നല്‍കുക

ഒക്ടോബര്‍ ഒന്നു മുതലായിരിക്കും ബ്രാന്‍ഡഡ് മരുന്നുകള്‍ക്കുള്ള നൂറ് ശതമാനം നികുതി നിലവില്‍ വരിക. ഒന്നുകില്‍ അമേരിക്കയില്‍ മരുന്ന് കമ്പനികള്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം നടത്തുക, അല്ലെങ്കില്‍ നികുതി നല്‍കുക എന്നതാണ് ട്രംപിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. 2024-ലെ സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 233 ബില്യണ്‍ ഡോളറിന്റെ മരുന്നുകളാണ് അമേരിക്ക വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. ശ്രദ്ധിക്കേണ്ട കാര്യം ഇതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്ന കമ്പനികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ മരുന്ന് കമ്പനികളാണ് എന്നതാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 2,31,570 കോടിയുടേതാണ് ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള മരുന്ന് കയറ്റി അയയ്ക്കല്‍. ഇതില്‍ 31 ശതമാനം അല്ലെങ്കില്‍ 72,625 കോടിയുടെ കയറ്റുമതിയാണ് അമേരിക്കയിലേക്ക് മാത്രം നടക്കുന്നത് എന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ എക്സ്പോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്. ഇതിന് പുറമെ 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം 32,505 കോടി രൂപയുടെ മരുന്നുല്‍പ്പന്നങ്ങളും അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നു. അതുകൊണ്ടു തന്നെ അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ണായക സ്ഥാനവുമുണ്ട്. അമേരിക്കയിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളില്‍ ഉള്‍പ്പെടുന്ന 45 ശതമാനം ജനറിക് മരുന്നുകളും ഇന്ത്യയില്‍നിന്നാണ് കയറ്റി അയയ്ക്കുന്നത്.15 ശതമാനം ബയോസിമിലര്‍ മരുന്നുകളും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്.

ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, സണ്‍ ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ തങ്ങളുടെ മൊത്തം വരുമാനത്തിന്റെ 30 മുതല്‍ 50 ശതമാനം വരെ അമേരിക്കന്‍ വിപണിയില്‍ നിന്നാണ് നേടുന്നതെന്നും പറയപ്പെടുന്നു. ഈ വന്‍കിട കമ്പനികള്‍ക്കാണ് ട്രംപിന്റെ നൂറ് ശതമാനം നികുതി വലിയ തിരിച്ചടിയുണ്ടാക്കുക.

മരുന്നുകള്‍ക്കുമേല്‍ നിലവില്‍ പ്രഖ്യാപിച്ചത് ചെറിയ തീരുവ മാത്രമാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇത് പിന്നീട് 150 ശതമാനത്തിലേക്കും ശേഷം 250 ശതമാനത്തിലേക്കും ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ലഭിക്കുന്നുവെന്നതാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. എന്നാല്‍, പുതിയ തീരുമാന പ്രകാരം നികുതി വര്‍ധിച്ചതോടെ ജനറിക് മരുന്നുകള്‍ക്കും വില വര്‍ധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

  • മാറിച്ചിന്തിക്കേണ്ട സമയം

ബ്രാന്‍ഡഡ് പേറ്റന്റ് മരുന്നുകളെ ഉദ്ദേശിച്ചുള്ളതാണ് നിലവിലെ 100 ശതമാനം തീരുവയെങ്കിലും ജനറിക് മരുന്നുകളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ ഭാവി അപകടത്തിലാണ് എന്ന സൂചന തന്നെയാണ് പുതിയ തീരുമാനം നല്‍കുന്നത്. 100 ശതമാനം തീരുവ ഇന്ത്യയുടെ ജനറിക് കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കില്ല, എങ്കിലും മരുന്ന് നിര്‍മാണം തങ്ങളുടെ രാജ്യത്തിനകത്ത് തന്നെ വേണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത് എന്നാണ് എച്ച്ആര്‍വി ഗ്ലോബല്‍ ലൈഫ് സയന്‍സസ് മാനേജിംഗ് ഡയറക്ടര്‍ ഹരി കിരണ്‍ ചെര്‍ദി ചൂണ്ടിക്കാട്ടുന്നത്.

സങ്കീര്‍ണമായ ജനറിക്കുകള്‍, ബയോസിമിലറുകള്‍, പേറ്റന്റുള്ള ഉല്‍പ്പന്നങ്ങള്‍ എന്നീ രംഗങ്ങളിലേക്ക് കടക്കുന്ന ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് പുതിയ തീരുമാനം മാര്‍ജിന്‍ കുറയുന്നതിനും വിപണി പ്രവേശനത്തിന് തടസ്സങ്ങള്‍ നേരിടുന്നതിനും കാരണമാകുന്നു. ഇതോടെ വിപണികള്‍ വൈവിധ്യവല്‍ക്കരിക്കേണ്ടതിന്റെയും വിതരണ ശൃംഖലകളില്‍ പ്രതിരോധശേഷി സൃഷ്ടിക്കേണ്ടതിന്റെയും ഇന്ത്യയുടെ ഫാര്‍മ നേതൃത്വം ഉറപ്പാക്കാന്‍ സജീവമായ നയതന്ത്രം സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന റോബിട്ടിസ്, വ്യവസായിക ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെയെല്ലാം ഇറക്കുമതിയില്‍ യു.എസ് സാമ്പത്തിക വിഭാഗം നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാസ്‌കുകള്‍, കൈയുറകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിന് പിന്നാലെയാണ് മരുന്നുല്‍പ്പന്നങ്ങള്‍ക്കും നൂറ് ശതമാനം തീരുവ ട്രംപ് ചുമത്തിയിരിക്കുന്നത്.

  • തീരുമാനം അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാവുമോ?

ലോകത്തിന്റെ ഫാര്‍മസി എന്ന വിളിപ്പേരുണ്ട് ഇന്ത്യയ്ക്ക്. ഇതിന് പ്രധാന കാരണം ആഗോള ജനറിക് മരുന്ന് കയറ്റുമതിയുടെ 20 ശതമാനം പങ്കും വഹിക്കുന്നത് ഇന്ത്യയാണ് എന്നതാണ്. മാത്രമല്ല, 60 ശതമാനത്തോളം വാക്സിനുകളും ഇന്ത്യയില്‍നിന്നാണ് പുറത്തേക്ക് പോവുന്നത്.

ഈ സാമ്പത്തിക വര്‍ഷം മാത്രം 1.87 ലക്ഷം കോടിയുടെ മരുന്നുല്‍പ്പന്നങ്ങളാണ് രാജ്യത്ത് നിന്നും യു.എസ്, യു.കെ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് മാത്രം കയറ്റി അയക്കപ്പെട്ടത്.അതുകൊണ്ട് തന്നെ ട്രംപിന്റെ നികുതി പരിഷ്‌കാരം വലിയ രീതിയില്‍ അമേരിക്കയെ തന്നെ ബാധിക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കാരണം വിലകുറഞ്ഞ മരുന്ന് ഉപഭോക്താക്കളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇന്ത്യ വഹിക്കുന്നത്. നൂറ് ശതമാനം നികുതിയെന്ന തീരുമാനം നടപ്പായാല്‍ അമേരിക്കയിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തുകയല്ലാതെ മറ്റ് വഴിയില്ലാതെ വരുമെന്നാണ് ഹിമാചല്‍ ആസ്ഥാനമായുള്ളമരുന്ന് വിതരണ കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

നൂറ് ശതമാനം നികുതി നിലവില്‍ വന്നാല്‍ മരുന്നുകളുടെ വിലയില്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയോളമെങ്കിലും വര്‍ധനവുണ്ടാകും. ഇത് ആശുപത്രികളുടെ മാത്രമല്ല, ജനങ്ങളുടെ സ്വാഭാവിക ആരോഗ്യ ജീവിതത്തിന് തന്നെ തിരിച്ചടിയുണ്ടാക്കുകയും ചെയ്യാം. ഉയര്‍ന്ന ചുങ്കച്ചെലവ് സഹിച്ച് മരുന്നുകള്‍ കയറ്റി അയയ്ക്കുന്നത് കമ്പനികള്‍ നിര്‍ത്തിയാല്‍ അമേരിക്കയ്ക്ക് പുതിയ മരുന്ന് വിപണിയെ ആശ്രയിക്കേണ്ടി വരും. ഇതോടെ ഇതിനെ സ്ഥിരമായി ആശ്രയിക്കുന്ന നിരവധി ജനങ്ങളുടെ ആരോഗ്യത്തെയും പുതിയ തീരുമാനം ബാധിച്ചേക്കാം.

പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെയോ പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങളെയോ കൂടുതലായി ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് അവരുടെ വിതരണ ശൃംഖലകളെയും വിലനിര്‍ണയ തന്ത്രങ്ങളെയും കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ടിവരും.

താരിഫ് ചെലവുകള്‍ ലഘൂകരിക്കുന്നതിനായി ചില സ്ഥാപനങ്ങള്‍ ആഭ്യന്തര ഉത്പാദന പദ്ധതികള്‍ വേഗത്തിലാക്കിയേക്കാം. അതേസമയം, മറ്റുള്ളവര്‍ ഈ അധികച്ചെലവ് ഉപഭോക്താക്കള്‍ വഴിയോ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയോ പിരിച്ചെടുക്കാനുള്ള തന്ത്രം സ്വീകരിക്കാം. ഇതിന് പുറമെ ജനറിക് മരുന്ന് വിപണിയില്‍ കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ക്ക് ലാഭക്ഷമതയില്‍ വലിയ കുറവ് നേരിടേണ്ടിയും വന്നേക്കാം.

  • ആദ്യം അന്‍പത് ശതമാനം, ഇപ്പോള്‍ 100 ശതമാനം

 

റഷ്യന്‍ എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അന്‍പതു  ശതമാനം പിഴച്ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനത്തിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കെയാണ് മരുന്നുല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനവും പുറത്തുവന്നത്. അന്‍പത് ശതമാനം തീരുവ ഇന്ത്യന്‍ ജി.ഡി.പിയില്‍ 0.5 ശതമാനം മുതല്‍ 0.6 ശതമാനം വരെയുള്ള കുറവുണ്ടാക്കിയിട്ടുണ്ടെന്നാണ് മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ദ നാഗേശ്വരം ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് എഴിന് 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണയുടെ പേരില്‍ ആഗസറ്റ് 27 ന് 25 ശതമാനം അധിക തീരുവയുമായിരുന്നു ട്രംപ് ഇന്ത്യയ്ക്കെതിരെ ചുമത്തിയിരുന്നത്.

 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.5% വളര്‍ച്ച നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. താരിഫുകള്‍ തുടരുകയാണെങ്കില്‍ ഈ കണക്കിന് ഇടിവ് സംഭവിച്ചേക്കാം. ഒന്നാം പാദത്തിലെ ജിഡിപി കണക്കുകള്‍ പ്രതീക്ഷകളെ മറികടന്ന് 7.8% എന്ന കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ട്രംപ് ഏര്‍പ്പെടുത്തിയ 50% യുഎസ് താരിഫുകള്‍ അമേരിക്കന്‍ വിപണികളില്‍ ഇന്ത്യയുടെ കയറ്റുമതി മത്സരശേഷിയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി യുഎസ് ആയതിനാല്‍ ഇത് പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്നു. ഈ താരിഫുകള്‍ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ പകുതിയിലധികത്തെയും ബാധിക്കുമെന്നും ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും വ്യവസായ രംഗത്തെ വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു.