വൈ.എസ്. ശര്‍മിള- അവിഭക്ത ആന്ധ്രപ്രദേശിലെ, കോണ്‍ഗ്രസിന്റെ തലപ്പൊക്കമുണ്ടായിരുന്ന നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകള്‍. നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി. വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയും അധ്യക്ഷയും. അങ്ങനെ രാഷ്ട്രീയമായി മേല്‍വിലാസങ്ങള്‍ പലതാണ് യെദുഗുരി സണ്ടിന്തി ശര്‍മിള റെഡ്ഡി എന്ന വൈ.എസ്. ശര്‍മിളയ്ക്ക്. ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആരോഹണത്തില്‍ ശര്‍മിളയുടെ പങ്ക് നിര്‍ണായകമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് സഹോദരന്‍ തന്നെ രാഷ്ട്രീയമായി അവഗണിക്കുന്നുവെന്ന ബോധ്യത്തില്‍ അവര്‍ സ്വന്തം നിലയ്ക്ക് ഒരു പാര്‍ട്ടി രൂപവത്കരിക്കുകയും രാഷ്ട്രീയതട്ടകം തെലങ്കാനയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് ആന്ധ്രപ്രദേശ് രാഷ്ട്രീത്തിലേക്ക് മടങ്ങുക എന്ന വലിയ ചുവടുവെച്ചിരിക്കുകയാണ് ശര്‍മിള. മുഖ്യ എതിരാളിക്ക് സഹോദരന്‍ ജഗന്റെ മുഖം. ശര്‍മിളയെയും അവരുടെ വൈ.എസ്.ആര്‍.ടി. പാര്‍ട്ടിയെയും ഒപ്പംചേര്‍ത്ത് ആന്ധ്രപ്രദേശില്‍ പുനരുജ്ജീവനം ലക്ഷ്യംവെക്കുകയാണ് കോണ്‍ഗ്രസ്. 

To advertise here,

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്നാണ് ശര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അവരെ സ്വാഗതം ചെയ്തു. ആന്ധ്രയുടെയും തെലങ്കാനയുടെയും മര്‍മം അറിയുന്ന രാഷ്ട്രീയക്കാരിയാണ് ശര്‍മിള. ജഗന്‍മോഹന്‍ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസത്തിന് പിന്നാലെ 2021-ലാണ് അവര്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചത്, യുവജന ശ്രമിക റൈത്തു തെലങ്കാന പാര്‍ട്ടി അഥവാ വൈ.എസ്.ആര്‍.ടി.പി. ജഗനുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരസ്യമായ വിഴുപ്പലക്കിന് അവര്‍ നിന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തന മേഖല ആന്ധ്രയില്‍നിന്ന് തെലങ്കാനയിലേക്ക് മാറ്റി. തുടര്‍ന്ന് ബി.ആര്‍.എസിനും കെ. ചന്ദ്രശേഖര്‍ റാവുവിനുമെതിരേ നിരന്തര പോരാട്ടമായിരുന്നു ശര്‍മിള നയിച്ചത്. 

placeholder
കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച വൈ.എസ്. ശര്‍മിളയെ സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | Photo: PTI 

കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം സ്വീകരിച്ചതായി കഴിഞ്ഞദിവസം മാധ്യമങ്ങളോടു സ്ഥിരീകരിച്ച ശര്‍മിള, കോണ്‍ഗ്രസിനെ രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടി എന്നായിരുന്നു വിശേഷിപ്പിച്ചത്. ഒരുകൊല്ലത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശര്‍മിളയുടെ കോണ്‍ഗ്രസ് പ്രവേശനം എന്നാണ് സൂചന. സെപ്റ്റംബറില്‍ ഹൈദരാബാദിലെ റാലിയില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാനായിരുന്നു ശര്‍മിള നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില വിഷയങ്ങളില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് അവരുടെ കോണ്‍ഗ്രസ് പ്രവേശനം വൈകുകയായിരുന്നു. 

ശര്‍മിള: ജീവിതവും രാഷ്ട്രീയവും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ.എസ്. വിജയമ്മയുടെയും മകളായി 1974-ലാണ് ശര്‍മിളയുടെ ജനനം. വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി അവരുടെ മൂത്തസഹോദരനാണ്. രണ്ടുവട്ടം അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായ രാജശേഖര റെഡ്ഡി ഏറെ ജനപ്രിയനുമായിരുന്നു. 2009-ല്‍ രാജശേഖര റെഡ്ഡി അപ്രതീക്ഷിതമായി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഇതിന് പിന്നാലെ സംസ്ഥാനവ്യാപകമായി ജഗന്‍മോഹന്‍ നടത്തിയ ഒടര്‍പ്പ് യാത്ര, അദ്ദേഹവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചു. കലഹം മൂര്‍ച്ഛിച്ചതോടെ ജഗനും സംഘവും കോണ്‍ഗ്രസ് വിടുകയും 2011-ല്‍ വൈ.എസ്.ആര്‍.സി.പി. അഥവാ യുവജന ശ്രമിക റൈത്തു കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രൂപം നല്‍കുകയും ചെയ്തു. അന്ന് കടപ്പ മണ്ഡലത്തില്‍നിന്നുള്ള എം.പിയായിരുന്നു അന്ന് ജഗന്‍. എം.പി. സ്ഥാനം രാജിവെച്ചായിരുന്നു സ്വന്തം നിലയ്ക്കുള്ള പാര്‍ട്ടി രൂപവത്കരണം. അമ്മയും പുലിവെന്ദുല മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയുമായിരുന്ന വൈ.എസ്. വിജയമ്മയും മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും രാജിവെച്ചു. ഇതോടെ പലയിടത്തും ഉപതിരഞ്ഞെടുപ്പുകളും നടന്നു. കോണ്‍ഗ്രസ് തകരുകയും ജഗന്റെ നേതൃത്വത്തില്‍ വൈ.എസ്.ആര്‍.സി.പി. ആന്ധ്രയില്‍ കരുത്താര്‍ജിക്കുകയും ചെയ്യുന്നതിന് ആന്ധ്രപ്രദേശ് സാക്ഷിയായി.

2012-ല്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ജയിലിലായപ്പോള്‍ വിജയമ്മയും ശര്‍മിളയും ചേര്‍ന്നായിരുന്നു സംസ്ഥാനത്ത് ആകമാനം പദയാത്രകള്‍ സംഘടിപ്പിച്ചത്. പതിനാറുമാസത്തോളം ജയില്‍വാസം കഴിഞ്ഞാണ് ജഗന്‍ പുറത്തെത്തിയത്. അക്കാലത്ത് വീറോടെ പദയാത്രകള്‍ നയിക്കുന്ന ശര്‍മിള എന്ന രാഷ്ട്രീയക്കാരിയെ അന്ന് തെലുങ്കുമണ്ണ് കണ്ടു. 2019 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആന്ധ്രാപ്രദേശില്‍ ടി.ഡി.പിയ്ക്കെതിരേ ശര്‍മിള നയിച്ച 'ബൈ ബൈ ബാബു യാത്ര'യും വൈ.എസ്.ആര്‍.പിയുടെ വിജയത്തിന് പിന്നിലെ മുഖ്യഘടകങ്ങളിലൊന്നായിരുന്നു. ഒരു ഘട്ടത്തില്‍ ജഗന്റെ അമ്പ് എന്നായിരുന്നു അവര്‍ സ്വയം വിശേഷിപ്പിച്ചതു പോലും. സുവിശേഷപ്രവര്‍ത്തകനായ ബ്രദര്‍ അനില്‍കുമാറാണ് ശര്‍മിളയുടെ ഭര്‍ത്താവ്. 1995-ലായിരുന്നു വിവാഹം. ഹിന്ദു സമുദായത്തില്‍പ്പെട്ട അനില്‍കുമാര്‍, ക്രിസ്ത്യന്‍ സമുദായാംഗമായ ശര്‍മിളയെ വിവാഹം ചെയ്തതിന് പിന്നാലെ മതംമാറുകയും സുവിശേഷ പ്രവര്‍ത്തനത്തിലേക്ക് കടക്കുകയുമായിരുന്നു. രാജാ റെഡ്ഡി, അഞ്ജലി റെഡ്ഡി എന്നിവരാണ് മക്കള്‍.

ശര്‍മിള- ജഗന്‍ ബന്ധത്തിലെ ഉലച്ചിലുകള്‍, വൈ.എസ്.ആര്‍.ടി.പിയുടെ പിറവി

വൈ.എസ്.ആര്‍.സി.പി. രൂപവത്കരണത്തിനും അധികാരലബ്ധിക്കും പിന്നാലെ ശര്‍മിളയും ജഗന്‍മോഹന്‍ റെഡ്ഡിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വീനര്‍ ആയിരുന്ന ശര്‍മിളയുടെ രാഷ്ട്രീയമോഹങ്ങള്‍ ജഗന്‍ പരിഗണിച്ചില്ല എന്നതാണ് രണ്ടുപേരും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല അതിസമ്പന്നരാണ് വൈ.എസ്.ആര്‍. കുടുംബം. സ്വത്ത് പങ്കിടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്നപരിഹാരത്തിന് അമ്മ വിജയമ്മ നേരിട്ടിറങ്ങിയെങ്കിലും അതൊന്നും ഫലവത്തായില്ലെന്നും ശര്‍മിളയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. പൊതുചടങ്ങുകളില്‍പോലും പരസ്പരം മുഖംകൊടുക്കാതെ പോകുന്ന ജഗനെയും ശര്‍മിളയെയും കാണാമായിരുന്നു. രാജശേഖര റെഡ്ഡിയുടെ സഹോദരന്‍ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവും കേസിലെ പ്രതിയായ അവിനാശ് റെഡ്ഡിയോടുള്ള ജഗന്റെ സമീപനവും ശര്‍മിള-ജഗന്‍ ബന്ധം കൂടുതല്‍ വഷളാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 2021 വരെ വൈ.എസ്.ആര്‍.സി.പിയുടെ നേതൃനിരയില്‍ ശര്‍മിളയുമുണ്ടായിരുന്നു. എന്നാല്‍ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ സ്ഥാനാര്‍ഥിയായി അവരെ കണ്ടതേയില്ല, അല്ലെങ്കില്‍ ജഗന്‍ പരിഗണിച്ചില്ല. വൈ.എസ്.ആര്‍.സി.പിയുടെ ആദ്യവര്‍ഷങ്ങളില്‍ അമ്മ വിജയമ്മയുടെ പിന്തുണയും ജഗനായിരുന്നു. പോകെപ്പോകെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതോടെ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കാന്‍ ശര്‍മിള തീരുമാനിക്കുകയായിരുന്നു.

അങ്ങനെ 2021 ജൂലൈ എട്ടിന് ശര്‍മിള സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചു, വൈ.എസ്.ആര്‍.ടി.പി. അഥവാ യുവജന ശ്രമിക റൈത്തു തെലങ്കാന പാര്‍ട്ടി. പിതാവിന്റെ ജന്മദിനമായ ജൂലൈ എട്ടാണ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിനായി അവര്‍ തിരഞ്ഞെടുത്തത്. പാര്‍ട്ടി പ്രഖ്യാപിച്ച ശര്‍മിള തന്റെ രാഷ്ട്രീയതട്ടകം ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാനയിലേക്ക് മാറ്റി. അമ്മ വിജയമ്മയുടെ പിന്തുണയും ശര്‍മിളയ്ക്ക് ലഭിച്ചു. വിജയമ്മ വൈ.എസ്.ആര്‍.സി.പിയില്‍നിന്ന് രാജിവെച്ച് ശര്‍മിളയ്ക്കൊപ്പം ചേര്‍ന്നു. തെലങ്കാനയില്‍ വേരുറപ്പിക്കാന്‍ അന്നത്തെ ഭരണകക്ഷിയായ ബി.ആര്‍.എസിനെയും നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവിനെയും കടന്നാക്രമിക്കുന്ന ശര്‍മിളയെയാണ് പിന്നീട് കണ്ടത്. 2021 ഒക്ടോബര്‍ 20-ന് പ്രജാ പ്രസ്ഥാനം യാത്ര എന്ന പേരില്‍ അവര്‍ പദയാത്ര സംഘടിപ്പിച്ചു. തെലങ്കാനയിലെ 33 ജില്ലകളിലൂടെ നടന്ന യാത്രയില്‍ കെ. ചന്ദ്രശേഖര്‍ റാവുവിനെ ശര്‍മിള കടന്നാക്രമിച്ചു. അതിനിടെ പലയിടത്തും അവരെ തടയുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തെലങ്കാനയില്‍ വിചാരിച്ചത്ര നേട്ടം കൈവരിക്കാന്‍ ശര്‍മിളയ്ക്കോ വൈ.എസ്.ആര്‍.ടി.പിയ്ക്കോ സാധിച്ചില്ല. 

placeholder
ഒസ്മാനിയ ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ പുറപ്പെടവേ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്വന്തം വസതിക്ക് പുറത്ത് റോഡിലിരിക്കുന്ന ശര്‍മിള | Photo: ANI

വൈ.എസ്.ആര്‍.ടി.പി. രൂപവത്കരിച്ച് രണ്ടുകൊല്ലത്തിനു ശേഷം 2023-ലായിരുന്നു തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചായിരുന്നു ബി.ആര്‍.എസും കെ. ചന്ദ്രശേഖര്‍ റാവുവും കളത്തിലിറങ്ങിയത്. എന്നാല്‍ മത്സരത്തിനില്ലെന്ന തന്ത്രപൂര്‍വമായ നിലപാട് ശര്‍മിളയും പാര്‍ട്ടിയും സ്വീകരിച്ചു. അതിനിടെ ഖമ്മം ജില്ലയിലെ പലൈര്‍ മണ്ഡലത്തില്‍നിന്ന് ശര്‍മിള മത്സരിക്കുമെന്ന് വാര്‍ത്തകള്‍ എത്തി. എന്നാല്‍ മത്സരിക്കാനില്ലെന്ന് അവര്‍ വ്യക്തമാക്കി. വൈ.എസ്.ആര്‍.ടി.പി. മത്സരിക്കുന്ന പക്ഷം അത് കോണ്‍ഗ്രസ് വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്നും മുഖ്യശത്രുവായ ബി.ആര്‍.എസിന് അനുകൂലമാകുമെന്നും മനസ്സിലാക്കിക്കൊണ്ടായിരുന്നു ശര്‍മിളയുടെ നിലപാട്. ആ നീക്കം വിജയിച്ചുവെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. തെലങ്കാനയില്‍ കോണ്‍ഗ്രസ് മികച്ച വിജയംനേടി. ഇതും കോണ്‍ഗ്രസ്-ശര്‍മിള ബന്ധം മെച്ചപ്പെടാന്‍ വഴിതെളിച്ചു.

'കോണ്‍ഗ്രസ് എന്റെ ത്യാഗത്തിന്റെ വില തിരിച്ചറിഞ്ഞു'

എന്റെ ത്യാഗത്തിന്റെ (തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് ) മൂല്യം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എന്നെ ക്ഷണിക്കുകയായിരുന്നു. അതിന് ഞാന്‍ സമ്മതം അറിയിച്ചു, കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനത്തെ കുറിച്ചുള്ള ശര്‍മിളയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം നേരത്തെ തന്നെ കൈക്കൊണ്ടതായിരുന്നു. തെലങ്കാനയിലെ 31 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് വെറും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. വൈ.എസ്.ആര്‍.ടി.പി. മത്സരിക്കാതിരുന്നതിനാലാണ് കോണ്‍ഗ്രസിന് ആ മണ്ഡലങ്ങളില്‍ വിജയിക്കാനായത് അല്ലാത്തപക്ഷം കോണ്‍ഗ്രസിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാവുമായിരുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രകടനം എങ്ങനെ വിലയിരുത്തും? 

ആന്ധ്രയില്‍ പുനരുജ്ജീവനത്തിന് ഉറച്ച് കോണ്‍ഗ്രസ്

ആന്ധ്രയുടെ സമീപസംസ്ഥാനങ്ങളായ കര്‍ണാടകയിലും തെലങ്കാനയിലും അടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയ മികച്ച വിജയം കോണ്‍ഗ്രസിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളിലൊന്നായിരുന്നു ആന്ധ്ര. എന്നാല്‍ സംസ്ഥാന വിഭജനത്തിനും വൈ.എസ്.ആര്‍.സി.പിയുടെ രൂപവത്കരണത്തിനും ശേഷം കഥമാറി. കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായ അവസ്ഥയിലായി. അതിനാല്‍ത്തന്നെ കര്‍ണാടകയിലെയോ തെലങ്കാനയിലെയോ പോലെ ഭരണം നേടിക്കൊണ്ടുള്ള തിരിച്ചുവരവ് ഇപ്പോള്‍ ആന്ധ്രയില്‍ സാധ്യമല്ലെന്ന ബോധ്യം പാര്‍ട്ടിക്ക് തന്നെയുണ്ട്. അത്രമേല്‍ ശുഷ്‌കമായ നിലയിലാണ് നിലവില്‍ അവിടെ കോണ്‍ഗ്രസ്. വെറും രണ്ടുശതമാനത്തില്‍ താഴെ വോട്ട് വിഹിതമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളത്. 2024 ലോക്‌സഭാ തതിരഞ്ഞെടുപ്പിന് മുന്‍പുള്ള ശര്‍മിളയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന വിഭജനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട നേതാക്കള്‍ മടങ്ങിവരുമെന്നും ഇപ്പോള്‍ സജീവമല്ലാതിരിക്കുന്നവര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നുമാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 

ഇന്ത്യയില്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനമായിരുന്നു ആന്ധ്രപ്രദേശ്. എന്നാല്‍ പില്‍ക്കാലത്ത് അത് ആന്ധ്രപ്രദേശ് എന്നും തെലങ്കാനയെന്നും വിഭജിക്കപ്പെടുന്നതാണ് കണ്ടത്. വൈ.എസ്.ആര്‍. രാജശേഖര റെഡ്ഡി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ആന്ധ്രാവിഭജനം നടക്കില്ലായിരുന്നു എന്ന് കരുതന്നവര്‍ കുറവല്ല. എന്നാല്‍ 2014-ല്‍ വിഭജനം നടന്നതോടെ ആന്ധ്രയിലെ ജനം കോണ്‍ഗ്രസിനെ കൈവിട്ടു. വൈ.എസ്.ആറിന് പിന്‍ഗാമിയായി മുഖ്യമന്ത്രിപദത്തിലെത്തിയത് കെ. റോസയ്യ ആയിരുന്നു. മകനും കടപ്പ എം.പിയുമായ ജഗനെ തഴഞ്ഞായിരുന്നു നേതൃത്വം റോസയ്യയെ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിച്ചത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് റോസയ്യ രാജിവെച്ചതോടെ വൈ.എസ്.ആറിന്റെ വിശ്വസ്തരില്‍ പ്രധാനി ആയിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി മുഖ്യമന്ത്രിസ്ഥാനത്തെത്തി. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എന്നാല്‍  കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് കിരണ്‍കുമാര്‍ പാര്‍ട്ടി വിട്ട് സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചു. ജയ് സമൈക്യാന്ധ്ര പാര്‍ട്ടി എന്നായിരുന്നു പാര്‍ട്ടിയുടെ പേര്. എന്നാല്‍ നാലുകൊല്ലത്തിനു ശേഷം അദ്ദേഹം പാര്‍ട്ടി പിരിച്ചുവിടുകയും വീണ്ടും കോണ്‍ഗ്രസ് കൂടാരത്തിലെത്തുകയും ചെയ്തു. കോണ്‍ഗ്രസിലെത്തിയെങ്കിലും അഞ്ചുകൊല്ലത്തിനു ശേഷം 2023-ല്‍ കിരണ്‍ കുമാര്‍ റെഡ്ഡി ബി.ജെ.പിയില്‍ അംഗത്വം എടുത്തു. ചുരുക്കത്തില്‍ സംഘടനാ ദൗര്‍ബല്യവും ജനപ്രിയരായ നേതാക്കളുടെ അഭാവവും ജഗന്റെ പാര്‍ട്ടിയുടെ വരവും ആന്ധ്രയിലെ കോണ്‍ഗ്രസിനെ മൃതപ്രായമാക്കി. ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയുണ്ടായിരുന്ന കാലത്ത് കാര്യങ്ങള്‍ അല്‍പം മെച്ചപ്പെട്ടെങ്കിലും വീണ്ടും മോശമായി. 

വൈ.എസ്.ആറിന്റെ മരണത്തിനുശേഷം, തന്നെ മുഖ്യമന്ത്രിയാക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തോട് ജഗന്‍ മോഹന്‍ റെഡ്ഡി പരസ്യമായി കൊമ്പുകോര്‍ക്കുകയായിരുന്നു. അതോടെ വൈ.എസ്.ആര്‍.സി.പി. ജനിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്തു. അഴിമതിക്കേസില്‍ ജയിലിലാക്കാന്‍ ശ്രമിച്ചവരെ തറപറ്റിക്കുന്ന ജഗനെയും പാര്‍ട്ടിയെയുമാണ് പിന്നീട് കാണാനായത്. ഗതകാല പ്രതാപം വീണ്ടെടുക്കാനായില്ലെങ്കിലും സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കമാണ് ശര്‍മിളയിലൂടെ കോണ്‍ഗ്രസ് നടത്തുന്നത്. വൈ.എസ്.ആറിനോട് ആന്ധ്രയ്ക്കുണ്ടായിരുന്ന വൈകാരികബന്ധത്തെ ശര്‍മിളയിലൂടെ പ്രയോജനപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് സഹോദരനെതിരേ സഹോദരിയെ കളത്തിലിറക്കുന്ന നീക്കം. 

placeholder
വൈ.എസ്. ശര്‍മിള | Photo: ANI

സംസ്ഥാന വിഭജനത്തിനു ശേഷം നടന്ന 2014-ലെയും 2019-ലെയും ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍, ശോഷിച്ച സംഘടന, നേതൃത്വത്തിന്റെ അഭാവം അങ്ങനെ ആന്ധ്രയില്‍ കോണ്‍ഗ്രസിന് അടിപതറിയതിന് കാരണങ്ങള്‍ ഏറെയുണ്ട്. മാത്രമല്ല, സംസ്ഥാന വിഭജനത്തിന്റെ ഉത്തരവാദികള്‍ എന്ന വിശേഷണവും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. കോണ്‍ഗ്രസില്‍ എത്തുന്ന ശര്‍മിളയ്ക്ക് ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നല്‍കിയേക്കുമെന്നാണ് സൂചന. മാത്രമല്ല 2024 നിയമസഭാ തിരഞ്ഞെടുപ്പില്‍ താരപ്രചാരകരുടെ പട്ടികയിലും അവര്‍ ഉള്‍പ്പെട്ടേക്കും. സ്ത്രീകള്‍, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വോട്ട് ബാങ്ക്. ശര്‍മിളയുടെ സാന്നിധ്യത്തിന്റെ സഹായത്തോടെ ഈ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനും നേട്ടമുണ്ടാക്കാനുമാണ് കോണ്‍ഗ്രസ് ശ്രമം. ആന്ധ്രയില്‍ ജഗനെ എതിര്‍ക്കേണ്ടി വരുമെന്നതിനാല്‍ തെലങ്കാന കോണ്‍ഗ്രസിലേക്കായിരുന്നു ആദ്യം ശര്‍മിള നോട്ടമിട്ടത്. എന്നാല്‍ ശര്‍മിളയെ തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന കടുംപിടിത്തത്തിലായിരുന്നു തെലങ്കാന കോണ്‍ഗ്രസ്. തുടര്‍ന്നാണ് ആന്ധ്രയിലേക്ക് ശര്‍മിളയ്ക്ക് വീണ്ടും മടങ്ങേണ്ടി വന്നത്.

ആന്ധ്രപ്രദേശ്
ലോക്‌സഭ സീറ്റ്25
നിയമസഭ സീറ്റ്175
നിയമസഭ തിരഞ്ഞെടുപ്പ്-2019
വൈ.എസ്.ആർ.സി.പി.-151ടി.ഡി.പി.- 23
നിയമസഭാ തിരഞ്ഞെടുപ്പ് 2014
വൈ.എസ്.ആർ.സി.പി.-67ടി.ഡി.പി.-102
ലോക്‌സഭാ തിരഞ്ഞെടുപ്പ് (ആകെ സീറ്റ് -25)
20152019
വൈ.എസ്.ആർ.സി.പി.14വൈ.എസ്.ആർ.സി.പി22
ടി.ഡി.പി12ടി.ഡി.പി3


ഭരണവിരുദ്ധ വികാരം, ശര്‍മിള, ടി.ഡി.പി.-ജനസേന... അടിപതറുമോ ജഗന്

കോണ്‍ഗ്രസ് വിട്ട് വൈ.എസ്.ആര്‍.സി.പി. രൂപവത്കരിച്ചെങ്കിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വോട്ട്ബാങ്ക് പ്രാഥമികമായി കോണ്‍ഗ്രസിന്റെതു തന്നെയാണ്. ആന്ധ്രയിലേക്ക് വൈ.എസ്.ആറിന്റെ മകള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുവരുമ്പോള്‍ തിരിച്ചടി നേരിടേണ്ടി വരിക വൈ.എസ്.ആറിന്റെ മകനാണ്. ഭരണവിരുദ്ധ വികാരം, ടി.ഡി.പി.-ജനസേന സഖ്യം തുടങ്ങിയവയില്‍നിന്ന് കടുത്തമത്സരം നേരിടുന്ന ജഗന്, ശര്‍മിള-കോണ്‍ഗ്രസ് സഖ്യം നല്‍കുന്ന സമ്മര്‍ദത്തെ അതിജീവിക്കാനാകുമോ എന്ന് കണ്ടറിയണം. നിലവില്‍ വൈ.എസ്.ആര്‍.സി.പിയ്ക്കൊപ്പമുള്ള എം.എല്‍.എമാരോ എം.പിമാരോ ശര്‍മിളയ്ക്കൊപ്പം കോണ്‍ഗ്രസ് പാളയത്തിലെത്തുന്നതും ജഗന് ഭീഷണിയാണ്. മുന്‍പ് സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച ശര്‍മിള, തനിക്ക് തെലങ്കാനയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് താല്‍പര്യമെന്ന് പ്രഖ്യാപിച്ചിരുന്നു. അവിടേക്ക് പോവുകയും ചെയ്തു. ആന്ധ്രയില്‍ സഹോദരന്‍ മികച്ച ഭരണം കാഴ്ചവെക്കുന്നുണ്ടെന്നും അതിനാല്‍ തെലങ്കാനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നുമായിരുന്നു ശര്‍മിളയുടെ ഭാഷ്യം.

placeholder
Jagan Mohan Reddy | Photo: ANI
ജഗന്‍ മോഹന്‍ റെഡ്ഡി |Photo: ANI 

എന്നാല്‍ ഇന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ആന്ധ്രയിലേക്ക് ശര്‍മിള മടങ്ങിയെത്തുകയാണ്. സ്വന്തം നിലനില്‍പ്പെന്ന പ്രാഥമിക രാഷ്ട്രീയപാഠം അറിയാത്ത ആളല്ല ശര്‍മിള. അതുകൊണ്ടുതന്നെ ഈ വരവ് ജഗന് തലവേദനയുണ്ടാക്കുക തന്നെ ചെയ്യും. ശര്‍മിള കോണ്‍ഗ്രസില്‍ ചേരുന്നത് തടയാനായി അമ്മാവനും എം.പിയുമായ വൈ.വി. സുബ്ബറെഡ്ഡിയെ അവരുടെ അരികിലേക്ക് ജഗന്‍ ചര്‍ച്ചയ്ക്ക് അയച്ചന്ന റിപ്പോര്‍ട്ടും പുറത്തെത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ച വിജയിച്ചില്ലെന്നാണ് വിവരം. അതേസമയം താന്‍ ശര്‍മിളയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് സുബ്ബറെഡ്ഡി വ്യക്തമാക്കി. വൈ.എസ്. വിജയമ്മയെ കണ്ട് കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സാധാരണ ഹൈദരാബാദിന് പോകാറുള്ളത്. ഇക്കഴിഞ്ഞ ദിവസവും അതിനാണ് പോയത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 2014 നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിയോട് ദയനീയമായി പരാജയപ്പെട്ടെങ്കിലും 2019-ല്‍ വന്‍വിജയം നേടി ജഗന്‍ മുഖ്യമന്ത്രിസ്ഥാനത്ത് എത്തുകയായിരുന്നു. അന്ന് 175-ല്‍ 151 സീറ്റുകളായിരുന്നു ജഗനും സംഘവും നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം വൈ.എസ്.ആര്‍.സി.പിയ്ക്ക് നേടാനായി. ആകെയുള്ള 25 മണ്ഡലങ്ങളില്‍ 22 സീറ്റിലും വൈ.എസ്.ആര്‍.സി.പി. വിജയിച്ചു.

ടി.ഡി.പി.-ജനസേന പാര്‍ട്ടി  

ജഗന്‍ മോഹന്‍ റെഡ്ഡിയെ വീഴ്ത്താന്‍ സിനിമാതാരം പവന്‍ കല്യാണിന്റെ പാര്‍ട്ടി-ജനസേനയുമായി ചേര്‍ന്നിരിക്കുകയാണ് ചന്ദ്രബാബു നായിഡു. 2019 നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍.സി.പിയില്‍നിന്ന് ടി.ഡി.പിയ്ക്ക് കനത്ത പരാജയം ഏല്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് നേടിയെങ്കിലും 23 സീറ്റുകളില്‍ ടി.ഡി.പി. ഒതുങ്ങിപ്പോയിരുന്നു. ടി.ഡി.പിയും കോണ്‍ഗ്രസും സഖ്യം രൂപവത്കരിച്ച് ജഗനെ നേരിട്ടാല്‍ വിജയം ഉറപ്പാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ നിലവില്‍ ജനസേനയുമായി സഖ്യത്തിലായ ടി.ഡി.പി., ബി.ജെ.പിയോട് അടുത്തുകൊണ്ടിരിക്കുകയുമാണ്. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ്-ടി.ഡി.പി. സഖ്യത്തിന് സാധ്യത വളരെക്കുറവാണ്. 2018-ല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസും ടി.ഡി.പിയും സഖ്യം രൂപവത്കരിച്ച് മത്സരിച്ചിരുന്നു. തെലങ്കാന ജന സമിതി, സി.പി.ഐ. എന്നിവരായിരുന്നു സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍. എന്നാല്‍ 119 മണ്ഡലങ്ങളില്‍ 88 സീറ്റിലും ബി.ആര്‍.എസ്. (അന്നത്തെ ടി.ആര്‍.എസ്. ) വിജയിച്ചു. 21 സീറ്റുകളിലേ (കോണ്‍ഗ്രസ്-19, ടി.ഡി.പി.-2) സഖ്യത്തിന് വിജയിക്കാനായുള്ളൂ.

placeholder
പവന്‍ കല്യാണ്‍, ചന്ദ്രബാബു നായിഡു| Photo: ANI 

നിലനില്‍പ്പിന്റെ പോരാട്ടം 

കോണ്‍ഗ്രസിന് മാത്രമല്ല വൈ.എസ്. ശര്‍മിളയ്ക്കും വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയ്ക്കും ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. രാഷ്ട്രീയത്തില്‍ സ്ഥിരമായ ബന്ധുക്കളും ശത്രുക്കളുമില്ലെന്ന തത്വത്തെ പ്രയോഗിക്കുകയാണ് മൂന്നുകൂട്ടരും. ഒഡിഷയില്‍ നവീന്‍ പട്‌നായിക് കേന്ദ്രത്തോട് സ്വീകരിക്കുന്ന നയമാണ് ബി.ജെ.പിയോടുള്ള ബന്ധത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി സ്വീകരിക്കുന്നത്. രണ്ടുകൊല്ലം മാത്രം പ്രായമുള്ള, തിരഞ്ഞെടുപ്പുപരിചയം ഇല്ലാത്തൊരു പാര്‍ട്ടിയെയും ശര്‍മിളയെയും ഒപ്പം ചേര്‍ക്കുന്നതിലൂടെ അദ്ഭുതമൊന്നും സംഭവിക്കാനില്ലെന്ന് കോണ്‍ഗ്രസിനും അറിയാം. 2024 ലോക്‌സഭാ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വിചാരിക്കുന്നത്ര നേട്ടം കൈവരിക്കാനായില്ലെങ്കിലും അതിന് അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഒരു തിരിച്ചുവരവാണ് കോണ്‍ഗ്രസ് മോഹിക്കുന്നത്‌.